17 November Saturday

മഴവെള്ളം കുടിച്ച‌്, കൈക്കുഞ്ഞുമായി രണ്ടുനാൾ

സ്വന്തം ലേഖകൻUpdated: Tuesday Aug 21, 2018

കരയണ്ട വാവേ കൂടെയുണ്ട്‌.. ചമ്പക്കുളത്തുനിന്ന്‌ രക്ഷപ്പെട്ടെത്തി ലിയോ തേർട്ടീന്ത്‌ സ്‌കൂളിലെ ക്യാമ്പിൽ കഴിയുന്ന കുഞ്ഞിനെ താലോലിക്കുന്ന വളന്റിയർ

 

ആലപ്പുഴ
'ഞങ്ങൾ കുട്ടനാടുകാർ വെള്ളപ്പൊക്കം ഒരുപാട‌് കണ്ടതാണ‌്,  പക്ഷെ ഇത്തവണത്തേത‌് എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. കൈക്കുഞ്ഞുമായി കരപറ്റാനാണ‌് ശ്രമിച്ചത‌്. ഞാനും ഭർത്താവും നീന്തി നോക്കി ഒരു വള്ളം പിടിക്കാൻ, ആരെയും കണ്ടില്ല, അതിനുള്ള സമയം വെള്ളം തന്നില്ല’’.  അഞ്ചുമാസം പ്രായമുള്ള മകൻ അഭിഷേകിനെ വളണ്ടിയർ പെൺകുട്ടി താലോലിക്കുമ്പോൾ  അമ്മ നിഷ ഇത‌്പറഞ്ഞു വിതുമ്പുകയായിരുന്നു. ആലപ്പുഴ ലിയോ തേർട്ടീൻത‌് ഹയർസെക്കൻഡറി സ‌്കൂളിലെ ക്യാമ്പിലെ ഓരോരുത്തർക്കുമുണ്ട‌് ഇങ്ങനെയുള്ള അനുഭവ കഥകൾ. 
  രാത്രി തന്നെ വീട്ടിൽ വെള്ളം കയറിയിരുന്നു. ആദ്യ ദിവസം വീട്ടിൽ തന്നെ കഴിഞ്ഞു. എപ്പോഴോ വെള്ളം കാലിൽ തൊട്ടപ്പോഴാണ‌് ഉറക്കം ഞെട്ടിയത‌്. പിറ്റേന്ന‌് സമീപത്തെ ബന്ധുവീട്ടിലേക്ക‌് മാറി. കൂടെ 86 വയസ്സുള്ള മുത്തശ്ശിയും. ബന്ധുവീട്ടിലും വെള്ളം പൊങ്ങിയതോടെ അങ്കണവാടിയുടെ മുകൾ നിലയിലേക്ക‌്.  വീട്ടിലുള്ള സകലതും ആ ഒറ്റ പകലിൽ നശിച്ചു. രണ്ടാം നിലയിലേക്കും വെള്ളം കയറാൻ തുടങ്ങിയതോടെ രണ്ടു ദിവസം അങ്കണവാടിയുടെ ടെറസിൽ കഴിച്ചുകൂട്ടി. മുലപ്പാൽ മാത്രം നൽകാറുള്ള കുഞ്ഞുമായി എന്തുചെയ്യുമെന്ന ആധിയിലായിരുന്നു ഞങ്ങൾ. ആഹാരം തീർന്നു, ഗുളിക കഴിക്കാൻ പോലും വെള്ളം കിട്ടിയില്ല. മഴവെള്ളം കൈനീട്ടി പിടിച്ച‌് കുടിച്ചു. നിലയില്ലാക്കയത്തിൽ നിന്നപ്പോൾ ബോട്ടുകാരെത്തി കരയിലെത്തിക്കും വരെയും ബാക്കിയാകുമെന്ന പ്രതീക്ഷ ഞങ്ങൾക്കില്ലായിരുന്നു’‐ നിഷയും ഭർത്താവ‌് അനൂപും  ഉൾക്കിടിലത്തോടെ ആ മണിക്കൂറുകളുടെ അനുഭവങ്ങൾ  പറയുന്നു. 
 ക്യാമ്പിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. വീടും പണിസാധനങ്ങളും വെള്ളത്തിലാണ‌് സർക്കാർ സഹായം ലഭിക്കുമെന്നുള്ള പ്രതീക്ഷയും പോയതെല്ലാം തിരികെപ്പിടിക്കാനുള്ള കുട്ടനാടുകാരുടെ കരുത്തും അനൂപിന്റെയും നിഷയുടെയും വാക്കുകളിൽ വ്യക്തം.
പ്രധാന വാർത്തകൾ
Top