24 October Wednesday

ബസ് തട്ടി വീട്ടമ്മയുടെ കൈയറ്റു മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

മണ്ണഞ്ചേരി > മകളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരിയായ വീട്ടമ്മയുടെ വലതുകൈയറ്റുതൂങ്ങി. ഒപ്പമുണ്ടായിരുന്ന യുകെജി വിദ്യാര്‍ഥിയായ മകള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 

പാതിരപ്പള്ളി വളഞ്ഞവഴിക്കല്‍ വിവിഎസ്ഡി എല്‍പി സ്കൂളിന് സമീപം കഴിഞ്ഞദിവസം രാവിലെ ഒമ്പതരയോടെയാണ് അപകടം. കലൂച്ചിറ ചിറപ്പറമ്പില്‍ പ്രവീണ്‍കുമാറിന്റെ ഭാര്യ ജിസ്മി (39) യ്ക്കാണ് പരിക്കേറ്റത്. ആര്യാട് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്തുള്ള വീട്ടില്‍നിന്നും മകളെ വിവിഎസ്ഡി   എല്‍പി സ്കൂളിലേക്ക് കൊണ്ടുപോകുകയായിരുന്നു. മകളെ ഇടതുകൈയില്‍ ചേര്‍ത്തുപിടിച്ച് റോഡിന്റെ അരികിലൂടെ നടക്കുമ്പോള്‍ പിന്നിലൂടെയെത്തിയ ബസ് ജിസ്മിയെ തട്ടിവീഴ്ത്തി. അമ്മയും മകളും റോഡിലേക്ക് വീണു. സംഭവംകണ്ട് പിന്നാലെയെത്തിയ വാഹനയാത്രികര്‍ ബഹളംവച്ചതോടെ ഇരുന്നൂറു മീറ്ററോളം സഞ്ചരിച്ചശേഷമാണ് ബസ് നിര്‍ത്തിയത്.

അതിവേഗത്തിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം. ചേര്‍ത്തല- ലെപ്രസി കലവൂര്‍- പൂന്തോപ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ദേവദേവന്‍' ബസാണ് യുവതിയെ തട്ടിയത്. വലതുകൈയറ്റു തൂങ്ങിയനിലയില്‍ വീട്ടമ്മയെ ആദ്യം ആലപ്പുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജാശുപത്രിയിലുമെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ അടിയന്തര ശസ്ത്രക്രിയ നടത്തി.

പ്രധാന വാർത്തകൾ
Top