Top
22
Wednesday, November 2017
About UsE-Paper

ജിഎസ്ടി, നോട്ടുനിരോധനം വഴി മോഡിയുടെ കൊള്ള: ആനത്തലവട്ടം

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌

രാമങ്കരി > ജിഎസ്ടി നടപ്പാക്കിയതിലൂടെയും നോട്ട് നിരോധനത്തിലൂടെയും ജനങ്ങളെ കൊള്ളയടിക്കുകയാണ് മോഡി സര്‍ക്കാരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. 

കര്‍ഷക പ്രശ്നങ്ങളുയര്‍ത്തി കുട്ടനാട് സിപിഐ എം മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ രാമങ്കരിയില്‍ നടന്ന സത്യഗ്രഹത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് വളം, കീടനാശിനി എന്നിവയ്ക്ക് 12 ശതമാനം നികുതി ഏര്‍പ്പെടുത്തി ദ്രോഹിക്കുകയാണ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കര്‍ഷകരെ വെടിവെച്ച് കൊല്ലുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ചെയ്തത്.

വായ്പയെടുത്ത കൃഷിക്കാര്‍ക്കെതിരെ ജപ്തി നടപടികള്‍ സ്വീകരിക്കുമ്പോള്‍ കോര്‍പറേറ്റുകള്‍ എടുത്ത വായ്പകള്‍ കിട്ടാക്കടമായി എഴുതിത്തള്ളുന്നു. ബാങ്കുകള്‍ സര്‍വീസ് ചാര്‍ജിനത്തിലും ജനങ്ങളെ കൊള്ളയടിക്കുന്നു.

ബാങ്കുകള്‍ ലയിപ്പിച്ച് ജീവനക്കാരുടെ എണ്ണംകുറച്ച് തൊഴിലില്ലായ്മ കൂട്ടുകയാണ്. അധികാരത്തിലെത്തിയാല്‍ സ്വിസ് ബാങ്കുകളിലുള്‍പ്പെടെ വിദേശത്തുള്ള കള്ളപ്പണം കണ്ടെടുത്ത് ഓരോരുത്തരുടെയും ബാങ്ക് അക്കൌണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് പറഞ്ഞ മോഡി 35 ലക്ഷംകോടി കള്ളപ്പണത്തിന് എത്രപണം കണ്ടെടുത്തുവെന്ന് പറയണം.
ഓരോ വര്‍ഷവും രണ്ടുകോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന പറഞ്ഞ മോഡി മൂന്നുവര്‍ഷമായിട്ട് ആകെ തൊഴില്‍ നല്‍കിയത് നാലുലക്ഷത്തോളം പേര്‍ക്കാണ്.

കൃഷിക്കാര്‍ക്ക് പരമാവധി സഹായങ്ങള്‍ ലഭ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരുകളാണ്. കൃഷിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പിണറായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ക്ഷേമ പെന്‍ഷനുകള്‍ വീടുകളില്‍ എത്തിച്ചു. കശുവണ്ടി, കയര്‍, കൈത്തറി മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങളും ലഭ്യമാക്കി. യുഡിഎഫ് സര്‍ക്കാര്‍ നഷ്ടത്തിലാക്കിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ സര്‍ക്കാര്‍ ലാഭത്തിലാക്കി. എല്ലാവര്‍ക്കും വീടുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.