Top
26
Wednesday, July 2017
About UsE-Paper

ദുരാരോപണം തോട്ടപ്പള്ളി ഹാര്‍ബര്‍ തകര്‍ക്കാന്‍: പി പി ചിത്തരഞ്ജന്‍

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

ആലപ്പുഴ > തോട്ടപ്പള്ളി ഹാര്‍ബറിന്റെ നിര്‍മാണ പ്രവര്‍ത്തനം സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി തകര്‍ക്കാനാണ് മത്സ്യതൊഴിലാളി കോണ്‍ഗ്രസിന്റെ നേതാവടക്കം ശ്രമിക്കുന്നതെന്ന് കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷന്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ചിത്തരഞ്ജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

യുഡിഎഫ് ഭരണത്തില്‍ നിശ്ചലമായിക്കിടന്ന ഹാര്‍ബറിന്  ഭരണത്തിന്റെ അവസാന വര്‍ഷം 2016 ജനുവരി 14ന് 77.72 കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അമ്പത് ശതമാനം തുകവീതം ചെലവ് വഹിക്കുന്ന ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാന ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ 2016 സെപ്തംബറില്‍ കേന്ദ്ര കൃഷി മന്ത്രിയെയടക്കം കണ്ട് തോട്ടപ്പള്ളി ഹാര്‍ബറിന്റെ അനുമതി നേടുന്നതിന് ചര്‍ച്ച നടത്തി.

2017 ഫെബ്രുവരിയിലും ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. അനുകൂലമായ തീരുമാനം ഇനിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 11 ഹാര്‍ബറുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കിഫ്ബി വഴി 145 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചു. ഇതില്‍ മന്ത്രി ജി സുധാകരന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി തോട്ടപ്പള്ളിയില്‍ 436 മീറ്റര്‍ പുലിമുട്ടിനായി 46 കോടി രൂപ വകകൊള്ളിച്ചു. സംസ്ഥാന സര്‍ക്കാരിനെയും സ്ഥലം എംഎല്‍എകൂടിയായ ജി സുധാകരനെയും അഭിനന്ദിക്കുന്നതിന് പകരം ദുരാരോപണം ഉന്നയിച്ച് തോട്ടപ്പള്ളി ഹാര്‍ബറിനെ തകര്‍ക്കാന്‍ നടത്തുന്ന നീക്കത്തെ മത്സ്യതൊഴിലാളി സമൂഹം തിരിച്ചറിയും.

തോട്ടപ്പള്ളിയില്‍ നിന്ന് മണല്‍ വാരാനും മെഷീന്‍ ഉപയോഗിച്ച് ഇല്‍മനേറ്റ് വേര്‍തിരിച്ചെടുക്കാനും കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ചവറ ഐആര്‍ഇയ്ക്ക് അനുമതി നല്‍കിയത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. 2014 നവംബര്‍ 12ന് മത്സ്യബന്ധന തുറമുഖ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്‍ പ്രകാരമാണിത്. ഈ വസ്തുത മത്സ്യതൊഴിലാളി കോണ്‍ഗ്രസ് നേതാവ് മറച്ചുവയ്ക്കുന്നു.
യഥാര്‍ഥത്തില്‍ ചില സ്വകാര്യ കമ്പനികള്‍ക്കുവേണ്ടി മണല്‍ കള്ളക്കടത്തുകാരുടെ താല്‍പര്യം സംരക്ഷിക്കാനും അന്ധമായ രാഷ്ട്രീയതിമിരം മൂലം ഈ സര്‍ക്കാരിന്റെ കാലത്ത് തോട്ടപ്പള്ളി ഹാര്‍ബറില്‍ ഒരു നിര്‍മാണവും നടക്കരുതെന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രചാരണത്തെ അവജ്ഞയോടെ തള്ളിക്കളയാനും അദ്ദേഹം അഭ്യര്‍ഥിച്ചു.