20 September Thursday

എൽഡിഎഫ് പെട്ടിയിൽ വോട്ടു കൂട്ടാൻ ഓട്ടുപാത്രത്തിന്റെ നാട്

ജോൺസൺ പി വർഗീസ്Updated: Thursday May 17, 2018



ചെങ്ങന്നൂർ
ഓട്ടുപാത്രം, വിഗ്രഹം, ആഭരണം എന്നിവയുടെ  നിർമാണത്തിലൂടെ സ്വന്തം ദേശത്തിന്റെ പെരുമ ലോകം മുഴുവൻ എത്തിച്ചവരാണ് മാന്നാറുകാർ. പരമ്പരാഗത വ്യവസായ മേഖലയുടെ കുതിപ്പും  പ്രതീക്ഷകളുമൊക്കെ അനുഭവിച്ചറിഞ്ഞ മാന്നാറുകാരുടെ മനസിൽ ഉപതെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞുകഴിഞ്ഞു. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും എൽഡിഎഫിന് വോട്ടുവർധിക്കും മാന്നാറിൽ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ കെ രാമചന്ദ്രൻ നായർക്ക് വ്യക്തമായ ഭൂരിപക്ഷം സമ്മാനിച്ച പഞ്ചായത്തുകളിലൊന്നാണ് മാന്നാർ. എൽഡിഎഫ്  6536 വോട്ടു നേടിയപ്പോൾ രണ്ടാം സ്ഥാനത്തെ യുഡിഎഫ് 6096 വോട്ട് കരസ്ഥമാക്കി. മൂന്നാംസ്ഥാനത്തെത്തിയ എൻഡിഎയ്ക്ക് 5236 വോട്ട്. സ്വതന്ത്രയായ ശോഭനാ ജോർജിന് 180 വോട്ടും ഈ പഞ്ചായത്തിൽനിന്ന് ലഭിച്ചിരുന്നു. അതിന് മുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനേക്കാൾ വൻ മുന്നേറ്റമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സാധ്യമാക്കിയത്.  യുഡിഎഫ് ഭരണമുള്ള പഞ്ചായത്തിൽ എൽഡിഎഫ് ആറ്, യുഡിഎഫ് ഒമ്പത്, എൻഡിഎ മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറു ബൂത്തുകളിൽമാത്രം ഭൂരിപക്ഷമുണ്ടായിരുന്ന എൽഡിഎഫിന് 2016 എത്തിയപ്പോൾ 10 ബൂത്തുകളിൽ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എത്താൻ കഴിഞ്ഞു. കഴിഞ്ഞതവണ 20 ബൂത്തുകൾ ആയിരുന്നെങ്കിൽ ഇത്തവണ ഒരു സഹായ ബൂത്തുകൂടി ഉൾപ്പെടെ പഞ്ചായത്തിൽ ആകെ ബൂത്തുകളുടെ എണ്ണം 21 ആയി.

ഇത്തവണ ആകെ 24,644 വോട്ടർമാരാണുള്ളത്. 13,115 സ്ത്രീകളും 11,529 പുരുഷന്മാരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കൾ 1141 വോട്ടർമാരുടെ വർധന. കഴിഞ്ഞതവണ കെ കെ രാമചന്ദ്രൻ നായർക്ക് കിട്ടിയ ഭൂരിപക്ഷത്തേക്കാൾ കൂടുതലാകും മാന്നാറിൽ സജി ചെറിയാന് കിട്ടുകയെന്ന് പ്രചാരണരംഗത്തെ മുന്നേറ്റം വ്യക്തമാക്കുന്നു. നാടിന്റെ വികസന കാര്യത്തിൽ ഒരു എംഎൽഎയുടെ  ഇടപെടൽ മാന്നാറുകാർ അനുഭവിച്ചറിഞ്ഞത് കെ കെ രാമചന്ദ്രൻ നായരിലൂടെയാണ്. മുൻ എംഎൽഎ പി സി വിഷ്ണുനാഥും യുഡിഎഫും അവഗണിച്ച മാന്നാറിലെ ഉൾനാടൻ റോഡുകളുടെ വികസനത്തിന് 16.5 കോടി രൂപയാണ് കെ കെ രാമചന്ദ്രൻ നായർ എംഎൽഎ ആയശേഷം അനുവദിച്ചത്. തൃക്കുരട്ടി ക്ഷേത്രം‐വള്ളക്കാലി‐വീയപുരം റോഡ് ഇതിനുദാഹരണമാണ്. കാൽനൂറ്റാണ്ട് സഞ്ചാരയോഗ്യമല്ലാതെ കിടന്ന വലിയ പെരുമ്പുഴ ശാന്തിവനം റോഡ് എൽഡിഎഫ് വന്നശേഷം പുനർനിർമിച്ചു. പൈതൃക ഗ്രാമമായ മാന്നാറിലെ ഓട്ടുപാത്ര നിർമാണത്തെയും കരകൗശല മേഖലയെയും പഞ്ചായത്ത് ഭരണസമിതി പൂർണ്ണമായി അവഗണിക്കുകയാണ്. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരായ വികാരവും മന്നാറിൽ ശക്തമാണ്. കെ കെ രാമചന്ദ്രൻനായർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ, ജലസ്രോതസുകളുടെ പുനരുജ്ജീവനം, അലിൻഡ് ഏറ്റെടുക്കൽ, പരമ്പരാഗത തൊഴിലുകളുടെ ടൂറിസം സാധ്യതകൾ എന്നിവയിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ സിപിഐ എം ജില്ലാസെക്രട്ടറി ആയിരിക്കെ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. കിഴക്ക്‐കുട്ടമ്പേരൂരാർ, പടിഞ്ഞാറ്‐ അച്ചൻകോവിലാർ, വടക്ക്‐പമ്പാനദി, തെക്ക്‐അച്ചൻകോവിലാർ എന്നിങ്ങനെ നദികളാൽ സമ്പന്നമായ മാന്നാറിന്റെ കാർഷിക സ്വപ്നങ്ങൾ സഫലമാക്കാൻ കഴിയുന്ന നദീസംരക്ഷണ പ്രവർത്തനങ്ങളും എൽഡിഎഫിന്റെ ഭൂരിപക്ഷം വർധിപ്പിക്കുമെന്ന് ഉറപ്പാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top