Top
23
Friday, February 2018
About UsE-Paper
ടെന്‍ഡര്‍ നടപടി തുടങ്ങി

കനാലുകളില്‍ തെളിനീരൊഴുകും ആദ്യഘട്ട നവീകരണത്തിന് 38 കോടി

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌


ആലപ്പുഴ > നഗരമാലിന്യം നിറഞ്ഞ് ആലപ്പുഴ പട്ടണത്തിന്റെ തീരാശാപമായ കനാലുകളുടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ വിശാല പദ്ധതി. ആലപ്പുഴ നഗരത്തിന്റെ സമഗ്രവികസന പാക്കേജില്‍പ്പെടുത്തി ഒമ്പത് കനാലുകള്‍ നവീകരിക്കും. 38 കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ടനവീകരണം. ഈ മാസം തന്നെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകും. വാടയ്ക്കനാല്‍, വാണിജ്യകനാല്‍, പടിഞ്ഞാറെ ജങ്ഷന്‍ കനാല്‍, ആലപ്പുഴ- അമ്പലപ്പുഴ കനാല്‍, കിഴക്കെ ജങ്ഷന്‍ കനാല്‍, മുറിഞ്ഞപുഴ കനാല്‍, എഎസ് കനാല്‍, ഉപ്പൂട്ടി കനാല്‍, കൊട്ടാരംതോട് കനാല്‍ എന്നിവയാണ് നവീകരിക്കുന്നത്.

കിഫ്ബി മുഖേന 150 കോടി രൂപയുടെ കനാല്‍ നവീകരണ പദ്ധതി മന്ത്രി ടി എം തോമസ് ഐസക്ക് മുന്‍കൈയെടുത്ത് തയ്യാറാക്കിയിരുന്നു. പഴമയില്‍നിന്ന് ആധുനികതയിലേക്ക് വഴിമാറിയിട്ടും ആലപ്പുഴ പട്ടണത്തിന്റെ സൌന്ദര്യപ്രതീകമാണ് കനാലുകള്‍. ആലപ്പുഴ തുറമുഖം സജീവമായ കാലത്തുടനീളം ചരക്കുനീക്കത്തിനും ജലയാത്രക്കുമെല്ലാം കനാലുകള്‍ ആശ്രയമായി. കോട്ടയത്തേക്കും കൊല്ലത്തേക്കും ചരക്കുകള്‍ എത്തിക്കാനും തുറമുഖം വഴി കയറ്റിവിടാനും കനാലുകള്‍ വഴികാട്ടി. റോഡ് ഗതാഗതം പുരോഗമിച്ചതോടെ നിശ്ചലമായ കനാലുകള്‍ പിന്നീട് ആലപ്പുഴയുടെ പ്രൌഢി കുറച്ചു. പട്ടണം വികസിച്ചതിനൊപ്പം മാലിന്യവും കനാലുകളില്‍ നിറഞ്ഞു. പോളയും പായലും നിറഞ്ഞ് ഒഴുക്കും നിലച്ചതോടെ കറുത്തവെള്ളവും ദുര്‍ഗന്ധവും ആലപ്പുഴ പട്ടണത്തെ പഴി കേള്‍പ്പിച്ചു. പദ്ധതികള്‍ പലത് പ്രഖ്യാപിക്കപ്പെട്ടെങ്കിലും കനാലുകളുടെ ശനിദശ മാറിയില്ല.

എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വികസനപദ്ധതികളാണ് ഇക്കുറി കനാലുകളില്‍ തെളിനീരൊഴുക്കുന്നത്. ചെളി പൂര്‍ണമായി നീക്കി കനാലുകള്‍ക്കെല്ലാം ആഴംകൂട്ടും. സംരക്ഷണഭിത്തികള്‍ ബലപ്പെടുത്തും. നീരൊഴുക്കിന് തടസമായ ബണ്ടുകള്‍ മാറ്റും. ചെറിയബോട്ടുകള്‍ സഞ്ചരിക്കാവുന്ന തരത്തില്‍ ഗതാഗതം സുഗമമാക്കാനും വീണ്ടും മാലിന്യം തള്ളുന്നത് തടയാനും പദ്ധതി ലക്ഷ്യമിടുന്നു. പോള ഇല്ലാതാക്കാന്‍ കടലില്‍നിന്ന് ഉപ്പുവെള്ളം കയറ്റാനുള്ള സാധ്യതയും പദ്ധതിയുടെ ഭാഗമായി പരിശോധിക്കും. കുട്ടനാടിന്റെ ഭൂമിശാസ്ത്രമുള്ള നെതര്‍ലാന്‍ഡ്സില്‍ കനാല്‍ നവീകരണം നടപ്പാക്കിയത് സംബന്ധിച്ച് അവിടുന്നുള്ള വിദഗ്ധസംഘം നേരത്തെ ആലപ്പുഴ സന്ദര്‍ശിച്ചിരുന്നു. ഇവരുടെ നിര്‍ദ്ദേശങ്ങളും പരിഗണിച്ചാണ് പദ്ധതി തയ്യാറാക്കിയത്.

കനാലുകള്‍ വൃത്തിയാക്കുന്നതിനൊപ്പം മുതലപ്പൊഴി നവീകരണമാണ് മറ്റൊരു പദ്ധതി. ഇടത്തോടുകളിലെ വെള്ളക്കെട്ട് ഒഴിവാക്കി നീരൊഴുക്ക് സുഗമമാക്കുന്നതുള്‍പ്പെടെ 9.75 കോടി രൂപയാണ് വിനിയോഗിക്കുന്നത്.