15 October Monday

ഹബ്ബില്‍ വീക്ഷാഗോപുരം, വള്ളങ്ങളുടെ മ്യൂസിയം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 14, 2017

ആലപ്പുഴ > ആലപ്പുഴ നഗരത്തില്‍ നിലവില്‍ വരാന്‍പോകുന്ന മൊബിലിറ്റി ഹബ്ബ് നഗരത്തിന്റെ ശാപമായ ഗതാഗതക്കുരുക്ക് ഇല്ലാതാക്കും. നഗരത്തെ ആധുനിക നഗരമാക്കാന്‍ ഉതകുന്ന ഹബ്ബില്‍ എല്ലാവിധ ആധുനിക സൌകര്യങ്ങളുമുണ്ടാകും. 92600 ചതുരശ്ര അടിയുള്ളതാണ് ബസ് ടെര്‍മിനല്‍. ബോട്ട് ടെര്‍മിനലുമായി ഇതിനെ ബന്ധിപ്പിക്കും സഞ്ചാരികള്‍ക്ക് റോഡ് മുറിച്ചുകടക്കാതെ തന്നെ എസ്കലേറ്റര്‍ വഴി ബോട്ട് ടെര്‍മിനലിലേക്ക് പോകാനാകും. പന്ത്രണ്ട് ബോട്ടുകള്‍ക്കുള്ള സൌകര്യം ടെര്‍മിനലില്‍ ഉണ്ടാകും. ബോട്ട് ടെര്‍മിനലിനു മുകളില്‍ ലൈറ്റ് ഹൌസും സഞ്ചാരികള്‍ക്കു കായലിന്റെയും കടലിന്റെയും സൌന്ദര്യം നുകരാന്‍ പാകത്തില്‍ വീക്ഷാഗോപുരവും നിര്‍മിക്കും.
 26 ബസുകള്‍ക്കുള്ള ബേ തയ്യാറാക്കുന്ന ടെര്‍മിനലില്‍ ലിഫ്റ്റ് എസ്കലേറ്റര്‍, സ്റ്റെയര്‍ എന്നിവയുണ്ടാകും. 90 ബസുകള്‍ക്ക് ബസ് ടെര്‍മിനലില്‍ രാത്രിയില്‍ പാര്‍ക്കുചെയ്യാനാകും. സ്വകാര്യബസുകള്‍ ഹബ്ബില്‍ എത്തിയിട്ടേപോകൂ. ബസ് ടെര്‍മിനലിനു മുകളില്‍ 4000 ചതുരശ്രയടിയുള്ള എക്സിബിഷന്‍ സെന്ററുണ്ടാകും. കാര്‍ബന്‍ ഡൈഓക്സൈഡ് വ്യാപനമില്ലാതെയാകും നിര്‍മാണം. റാഡില്‍ വണ്‍വേ ഗതാഗതം മാത്രമേ ഉണ്ടാകൂ. ഹബ്ബിനോടനുബന്ധിച്ച് വാണിജ്യകനാലിനു മുകളിലെ പാലത്തില്‍ ഫൌണ്ടന്‍ സംവിധാനവും ഹബ്ബില്‍ ലൈറ്റ് ആന്റ് സൌണ്ട് ഷോയും ഒരുക്കും. നോര്‍ത്ത് ബണ്ട് കനാല്‍വഴി വരുന്ന വാഹനങ്ങള്‍ ഹബ്ബിലെ പാലം കടന്ന് കെഎസ്ആര്‍ടിസിയില്‍ എത്തും. അല്ലാത്തവയ്ക്ക് ബസ് ടെര്‍മിനലില്‍ സ്ഥാപിച്ചിട്ടുള്ള മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്ങിലേക്കു പോകുകയോ അതുവഴി കടന്നുപോകുകയോ ചെയ്യാം. പുന്നമടയില്‍നിന്നു വരുന്ന വാഹനങ്ങളും ഇതുവഴി കടന്നുപോകും. ബസ് ടെര്‍മിനലില്‍ ഇ ടിക്കറ്റിങ് സംവിധാനവും ഭക്ഷണശാലയും അടക്കം ഉണ്ടാകും. ബോട്ട് ടെര്‍മിനലിനു മുകളിലെ സ്പോര്‍ട്സ് അമിനിറ്റി സെന്ററില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, ബാസ്കറ്റ്ബോള്‍ കോര്‍ട്ട്, ഫിറ്റ്നസ് സെന്റര്‍ എന്നിവ സജ്ജീകരിക്കും. ബോട്ട് ടെര്‍മിനലിനോട് അനുബന്ധിച്ച് വള്ളങ്ങളുടെ മ്യൂസിയം നിര്‍മിക്കും. ഇതിനായി പഴയ ചുണ്ടന്‍വള്ളങ്ങള്‍ അടക്കമുളള കളിവള്ളങ്ങള്‍ വിലയ്ക്കു വാങ്ങും. ഫോട്ടോ പ്രദര്‍ശനവും നെഹ്റുട്രോഫി വള്ളംകളിയുടെ ഫൈവ് ഡി പ്രദര്‍ശനവും സജ്ജമാക്കും. പൈതൃകവും സമകാലശൈലിയും സമന്വയിപ്പിച്ചാകും ഹബ്ബ് നിര്‍മാണം.

നൂറിലേറെ കനാലുകള്‍ നവീകരിക്കും
വാടൈക്കനാലും വാണിജ്യക്കനാലും അടക്കം നൂറിലേറെ കനാലുകള്‍ നവീകരിയ്ക്കല്‍ ഉടന്‍ തുടങ്ങും. നവീകരണത്തോടൊപ്പം സൌന്ദര്യവല്‍ക്കരണവും നടപ്പാക്കും. കനാല്‍മുഖത്ത് ചെറിയ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റുകള്‍സ്ഥാപിക്കും. വാടൈക്കനാലിന്റെയും വാണിജ്യക്കനാലിന്റെയും വശത്തുകൂടെ നടപ്പാത നിര്‍മിക്കുകയും സൈക്കളിങ്ങിന് ്സൌകര്യമൊരുക്കുകയും ചെയ്യും. ഇതിന് ഡച്ച് സഹായം തേടും. ആദ്യം മുപ്പാലം ഭാഗത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുക.

സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത് നാമമാത്രം
ഹബ്ബിനായി ഏറ്റെടുക്കേണ്ടിവരുന്നത് നാമമാത്രമായ സ്ഥലംമാത്രം. ആസ്പിന്‍വാളിന്റെ മൂന്നരയേക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. കൂടാതെ  ജില്ലാക്കോടതിക്കു സമീപം കുറെസ്ഥലം വേണ്ടിവരും അവിടെ മാള്‍ നിര്‍മിച്ച് പ്രശ്നം പരിഹരിക്കും.

കടല്‍പ്പാലം നവീകരിക്കും
നിലവിലുള്ള കടല്‍പ്പാലം അതേപടി നിലനിര്‍ത്തിക്കൊണ്ട് കടല്‍പ്പാലം സംരക്ഷിക്കും. ഇനി പാലം തുരുമ്പെടുക്കാതെ പെയിന്റ് ചെയ്ത് സംരക്ഷിക്കും. പഴയ തൂണുകള്‍ മാറ്റാതെ പുതിയവ സ്ഥാപിക്കും.

പൈതൃക പദ്ധതിയില്‍  മ്യൂസിയം ശൃംഖല
200 കോടിയുടെ ആലപ്പുഴ ഹെറിറ്റേജ് പദ്ധതിയില്‍ മ്യുസിയങ്ങളുടെ ശൃംഖലയുണ്ടാകും. ശ്രീനാരായണഗുരു പാരമ്പര്യം, ഗാന്ധി മ്യൂസിയം, മിഷണറി പാരമ്പര്യം, കയര്‍വ്യവസായം, ട്രേഡ്യൂണിയന്‍ പാരമ്പര്യം, ഗുജറാത്തി പാരമ്പര്യം, കന്നിട്ടവ്യവസായം എന്നിവ ഉള്‍ക്കൊള്ളിക്കും. ആസ്പിന്‍വാള്‍ കോംപ്ളക്സില്‍ സ്ഥിരം പ്രദര്‍ശനവേദിയും കണ്‍വന്‍ഷന്‍ സെന്ററും ഒരുക്കും

21 റോഡ് ഇടനാഴികള്‍
ആലപ്പുഴ > ആലപ്പുഴ നഗര റോഡ് വികസന പരിപാടിയുടെ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 21 റോഡ് ഇടനാഴികള്‍. ഇതിന് 251.34 കോടിയാണ് ചെലവ്.
ചങ്ങനാശേരി ജങ്ഷന്‍- കളര്‍കോട് ജങ്ഷന്‍, കളര്‍കോട്- വൈഎംസിഎ, കൈതവന- പൊലീസ് ഔട്ട്പോസ്റ്റ്, കെഎസ്ആര്‍ടിസി- ശവക്കോട്ടപാലം, ചുടുകാട് ജങ്ഷന്‍- പുലയന്‍വഴി- വെള്ളക്കിണര്‍ ജങ്ഷന്‍- മാര്‍ക്കറ്റ്- വഴിച്ചേരി പാലം, പുലയന്‍വഴി- റെയില്‍വെ സ്റ്റേഷന്‍- ബീച്ച് റോഡ്, വലിയകുളം ജങ്ഷന്‍- കലക്ടറേറ്റ് ജങ്ഷന്‍- കൊമ്മാടി ജങ്ഷന്‍, കൊമ്മാടി ജങ്ഷന്‍- കൈചൂണ്ടിമുക്ക്- ജില്ലാക്കോടതി ജങ്ഷന്‍, ജില്ലാക്കോടതി പാലം- സീറോ ജങ്ഷന്‍.

ഇരുമ്പുപാലം- കല്ലുപാലം (കനാലിന്റെ ഇരുകരകളും) ആന്‍ഡ് ഇരുമ്പുപാലം- ചുങ്കം റോഡ്, ബീച്ച്- പിച്ചു അയ്യര്‍ ജങ്ഷന്‍- മുല്ലയ്ക്കല്‍, ശവക്കോട്ടപാലം (നോര്‍ത്ത് സൈഡ്)- ജില്ലാക്കോടതി പാലം, തത്തംപള്ളി- കൊറ്റമകുളങ്ങര, ബാപ്പുവൈദ്യര്‍- തുമ്പോളി പള്ളി ജങ്ഷന്‍, ജനറല്‍ ഹോസ്പിറ്റല്‍- ബീച്ച് റോഡ്, ജില്ലാക്കോടതി- നെഹ്റുട്രോഫി സ്റ്റാര്‍ട്ടിങ് പോയിന്റ് (പുന്നമട ജങ്ഷന്‍), കെഎസ്ആര്‍ടിസി- ചുങ്കം റോഡ്, പഴവീട്- തിരുവമ്പാടി, ശവക്കോട്ടപാലം- മുപ്പാലം- റെയില്‍വെ സ്റ്റേഷന്‍ റോഡ്, ശവക്കോട്ടപാലം- മുപ്പാലം, വട്ടപ്പള്ളി- സക്കറിയാബസാര്‍- കൊച്ചുകട.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top