18 June Monday

3812 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

ചങ്ങനാശേരി‐ ആലപ്പുഴ റോഡ്‌സൈഡിലെ വീടുകളിൽ വെള്ളംകയറിയ നിലയിൽ


അമ്പലപ്പുഴ
മഴയും വെള്ളപ്പൊക്കവും മൂലം ദുരിതത്തിലായ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. പുറക്കാട് പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങളായ തോട്ടപ്പള്ളിയിലെ 7, 8, 9, 11 വാർഡുകളിലെ 1054 കുടുംബങ്ങളിൽ നിന്നായി 3812 ഓളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. വിവിധ സ്ഥലങ്ങളിലായി 16 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി.

ശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കൂടിയതോടെ പഞ്ചായത്ത് ഏഴാം വാർഡിലെ നാലുചിറ വടക്കുപടിഞ്ഞാറു പാടം ചൊവ്വാഴ‌്ച പുലർച്ചെ മട വീണിരുന്നു. ഇതേ തുടർന്ന് സമീപത്തെ നാലു ചിറവടക്ക്, കൃഷിത്തോട്ടം പാടശേഖരങ്ങളും വെള്ളത്തിൽ മുങ്ങി. പാടത്തിന്റെ പുറം ബണ്ടിലും, സമീപ സ്ഥലങ്ങളിലുമായി താമസിച്ചിരുന്നവരുടെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്നാണ് ദുരിതാശ്വാസ  ക്യാമ്പുകൾ ആരംഭിച്ചത്.

ഏഴാം വാർഡിലെ നാലുചിറ കിഴക്ക് തോണിക്കടവിനുസമീപത്തെ സുഭാഷ‌്, നാലുചിറ പടിഞ്ഞാറ് മുരളി, തോട്ടപ്പള്ളി ചീപ്പുപാലത്തിനു സമീപം ഓമന എന്നിവരുടെ വീട്ടിലും എട്ടാം വാർഡിലെ മാർത്തോമ പളളിയിലും പണ്ഡവത്ത് തോപ്പ്, കൃഷ്ണൻ ചിറ എന്നിവിടങ്ങളിലും ഒമ്പതാം വാർഡിലെ വിവിധയിടങ്ങളിലുമായാണ‌് 16 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചത‌്.  ക്യാമ്പ് നിവാസികൾക്ക് പ്രഭാത ഭക്ഷണമടക്കമുള്ളവ ബുധനാഴ്‌ച വിതരണം ചെയ‌്തു. സിപിഐ എം ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ, തോട്ടപ്പള്ളി ലോക്കൽ സെക്രട്ടറി എസ് ശ്രീകുമാർ, മന്ത്രി ജി സുധാകരന്റെ പ്രതിനിധി പി അരുൺകുമാർ, വില്ലേജ് അധികൃതർ എന്നിവർ ക്യാമ്പുകൾ സന്ദർശിച്ചു.

ദുരിതാശ്വാസ ക്യാമ്പുകൾ അടിയന്തിരമായി സന്ദർശിക്കണമെന്ന‌് ആവശ്യപ്പെട്ട‌്  സിപിഐ എം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കലക‌്ടർക്ക് നിവേദനം നൽകി.

ക്യാമ്പിൽ കഴിയുന്നവരുൾപ്പടെ അർഹരായ മുഴുവൻ പേർക്കും സൗജന്യ റേഷൻ ലഭ്യമാക്കുക,  മടവീണതുൾപ്പടെയുള്ള പാടശേഖരങ്ങൾ ഉടൻ കൃഷിയോഗ്യമാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുക, ക്യാമ്പുകളിൽ സൗജന്യ ഭക്ഷണവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു.

പ്രധാന വാർത്തകൾ
Top