21 October Sunday

എല്‍ഡിഎഫ് സര്‍ക്കാരിന് കരുത്ത് പകരുക

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

പി കെ സി നഗര്‍ (കായംകുളം) > കേരളത്തിന്റെ തൊഴിലാളി - കര്‍ഷക വര്‍ഗത്തിന്റെയും സാമാന്യജനവിഭാഗങ്ങളുടെയും നിരന്തരമായ പ്രചാരണത്തിന്റെയും പോരാട്ടങ്ങളുടെയും ഉല്‍പ്പന്നമായി രൂപീകൃതമായ എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കാനും സര്‍ക്കാരിന്റെ കരങ്ങള്‍ക്ക് കരുത്ത് പകരാനും മുഴുവന്‍ ജനങ്ങളോടും സിപിഐ എം ജില്ലാ സമ്മേളനം അഭ്യര്‍ഥിച്ചു.

ഏറ്റവും ജനകീയതയും ദൂരക്കാഴ്ചയുമുള്ള ഈ സര്‍ക്കാരിനെതിരെ രാഷ്ട്രീയ താല്‍പര്യംവച്ച് കേന്ദ്രസര്‍ക്കാരും സംഘപരിവാര്‍ -ആര്‍എസ്എസ് ശക്തികളും സംഘടിതമായ നീക്കമാണ് നടത്തുന്നത്. ഇവര്‍ക്ക് സഹായകരമായ നിലപാടുകളാണ് കേരളത്തിലെ അധഃപതിച്ച യുഡിഎഫും സ്വീകരിക്കുന്നത്.
തെറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാഷ്ട്രീയ രക്ഷകര്‍ത്താവ് ഉണ്ടാകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന മാറ്റത്തിന്റെ ദിശാസൂചികയാണ്. അഴിമതികൊണ്ട് മുഖരിതമായിരുന്ന ഭരണതലം പൂര്‍ണമായും അഴിമതി വിമുക്തമാക്കാന്‍ കഴിഞ്ഞു.

അഴിമതി രഹിത മതനിരപേക്ഷ നവകേരളം കെട്ടിപ്പടുക്കാനുള്ള ശക്തമായ അടിത്തറ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ലൈഫ് മിഷന്‍, ആര്‍ദ്രം, ഹരിതകേരളം പദ്ധതികള്‍ പ്രധാന ദൌത്യമായി ഏറ്റെടുത്തിരിക്കുന്നു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി. കേരള ബാങ്ക്,  കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനം ഇന്ത്യയിലെ തന്നെ അഞ്ചാമത്തെ വലിയ വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളം, കൊച്ചി വാട്ടര്‍ മെട്രോ, വിഴിഞ്ഞം, പൊന്നാനി പദ്ധതികള്‍, ദേശീയ ജലപാത, തീരദേശ ഹൈവേ, മലയോര ഹൈവേ, തുടങ്ങി വന്‍കിട പദ്ധതികള്‍ കേരളത്തിന്റെ മുഖഛായ മാറ്റാന്‍ ഉപകരിക്കും. വന്‍കിട വികസന പദ്ധതികള്‍ക്കുള്ള വിഭവ സമാഹരണത്തിന്റെയും നടത്തിപ്പിന്റെയും പദ്ധതിയായി കിഫ്ബിയെ രൂപപ്പെടുത്തി.

405256 കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി. കേരളം സമ്പൂര്‍ണ്ണ വെളിയിട വിമുക്തമായി. യുഡിഎഫ് സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയ 1900 കോടി രൂപ ഉള്‍പ്പെടെ 48.5 ലക്ഷം പേര്‍ക്ക് 5100 കോടി രൂപ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തു. നാഷണല്‍ഹൈവേയും സംസ്ഥാന പാതകളും ഉള്‍പ്പെടെയുള്ള റോഡുകളാകെ ആധുനിക ശാസ്ത്ര സാങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി നവീകരിച്ചു. പുതിയ മലയോര ഹൈവേപദ്ധതിയും കേരളത്തിന് വലിയ പ്രതീക്ഷപകരുന്നതാണ്.

മതനിരപേക്ഷതയും മതസൌഹാര്‍ദ്ദവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിതാന്തജാഗ്രത പുലര്‍ത്തുന്നു. ഇത്തരം മികവുകള്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങള്‍ക്കാകെ മാതൃകയായി കേരളത്തെ മാറ്റിതീര്‍ത്തിരിക്കുകയാണെന്നും ജില്ലാ സെക്രട്ടറിയറ്റംഗം കെ പ്രസാദ് അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

പ്രധാന വാർത്തകൾ
Top