18 August Saturday

ആലപ്പുഴ ജില്ലയിൽ നാലിടത്ത്‌ മടവീണു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

തോട്ടപ്പള്ളി നാലുചിറ വടക്കു പട്ിഞ്ഞാറ്‌ പാടത്തിൽ മടവീണപ്പോൾ

ആലപ്പുഴ > പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി വീയപുരം കട്ടക്കുഴി, തലവടി, തകഴി എന്നിവിടങ്ങളിൽ പാടശേഖരങ്ങളിൽ മടവീണു.  തോട്ടപ്പള്ളി നാലുചിറയിൽ തുടർകൃഷിക്കായി ഒരുക്കിയ പാടത്താണ്‌ മടവീണത്‌. സമീപത്തെ മറ്റു പാടങ്ങളും മടവീഴ‌്ച ഭീഷണിയിലാണ‌്. സമീപത്തെ നൂറുകണക്കിനു വീടുകളിൽ വെള്ളം കയറിയതോടെ ജനജീവിതവും ദുസ്സഹമായി. ചൊവ്വാഴ‌്ച പുലർച്ചെ രണ്ടോടെയാണ‌് സംഭവം. പാടത്തിന്റെ തെക്കേപുറംബണ്ടിലെ തൂമ്പ് തളളിപ്പോയതാണ് മടവീഴ‌്ചയ‌്ക്ക‌ിടയാക്കിയത‌്. പുറക്കാട് വില്ലേജിൽ തന്നെ കൂടുതൽ പണം ചെലവഴിച്ച പുറംബണ്ട് കല്ല് കെട്ടി സംരക്ഷിച്ചിരുന്ന പാടമാണിത്.  ഡാം തുറന്നതോടെയുണ്ടായ കിഴക്കൻ വെള്ളത്തിന്റെ വരവാണ് മടവീഴ‌്ചയ‌്ക്ക‌് കാരണമെന്ന് കർഷകർ പറഞ്ഞു. 

മട വീണ പാടത്തിനു സമീപമുള്ള 120 ഏക്കർ നാലുചിറ വടക്ക്, 175 ഏക്കർ വരുന്ന കൃഷിത്തോട്ടം പാടശേഖരങ്ങളും മടവീഴ‌്ച ഭീഷണി നേരിടുകയാണ്. മാസങ്ങൾ മുമ്പ് കൊയ‌്ത്തു കഴിഞ്ഞ ഈ പാടങ്ങൾ ഉഴവു പൂർത്തിയാക്കി അടുത്ത കൃഷിക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് വെള്ളപ്പൊക്കവും മട വീഴ‌്ചയുമുണ്ടായത്.

230 ഏക്കർ വിസ‌്തൃതിയുള്ള തലവടി കണ്ണംങ്കരികടംമ്പങ്കരി പാടം ബണ്ട് തകർന്നും തകഴി ചെത്തിക്കളം ഇരുനൂറ് പാടം മോട്ടർതറ തട്ടിയുമാണ് മടവീണത്.കണ്ണംങ്കരികടമ്പങ്കരി പാടത്ത് വിതയിറക്കി 40 ദിവസം പിന്നിട്ടിരുന്നു. പനയന്നൂർകാവ് ക്ഷേത്ര പറമ്പിലൂടെ നദി കരകവിഞ്ഞെങ്കിലും കർഷകർ മണൽച്ചാക്ക് നിരത്തിയിരുന്നു. ഇതിനെ സമീപത്തെ ദുർബലമായ ബണ്ട് തകർന്നാണ് വെള്ളം കയറിയത്.

കുത്തൊഴുക്കിൽ നാലര ഏക്കറിലെ കൃഷി പൂർണമായി നശിച്ചു. ബണ്ട് സംരക്ഷിക്കാൻ കർഷകർ കിണഞ്ഞ് പരിശ്രമിക്കുകയാണ്. ചെത്തിക്കളം ഇരുനൂറ് പാടം മോട്ടർ തറ തകർന്നും, തോട് കരകവിഞ്ഞുമാണ് മടവീണത്. മോട്ടർതറ സംരക്ഷിക്കാൻ കർഷകുടെ നേതൃത്വത്തിൽ തൊഴിലാളികൾ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പാടം സംരക്ഷിക്കാൻ കഴിഞ്ഞില്ല. മോട്ടർതറ തകർന്നതിന് മുൻപ് തോട് കരകവിഞ്ഞ് വെള്ളം കയറിയപ്പോൾ മണൽചാക്കുകൾ അടുക്കിയിരുന്നു. ചൊവ്വാഴ‌്ച വൈകിട്ടോടെ പാടം പൂർണമായി മുങ്ങി. വിത കഴിഞ്ഞ് 27 ദിവസം പിന്നിട്ട നെൽകൃഷിയാണ് പൂർണമായി നശിച്ചത്.കഴിഞ്ഞ സീസണിലും ഈ പാടത്തു  മട വീണിരുന്നു.

തോട്ടപ്പള്ളിയിൽ ഉപ്പുവെള്ളത്തിന്റെ ആധിക്യം മൂലം നഷ്ടത്തിലായ കഴിഞ്ഞ കൃഷിയിൽനിന്നു കരകയറുന്നതിനുള്ള മാർഗങ്ങൾ തേടുന്നതിനിടെ മടവീഴ‌്ച കർഷകരെ ദുരിതത്തിലാക്കി. രാത്രിയിൽ പാടശേഖരത്തിന്റെ പുറംബണ്ട് സംരക്ഷണത്തിനായി കർഷകരും നാട്ടുകാരും വിവിധ സംഘങ്ങളായി തിരിഞ്ഞ് രംഗത്തുണ്ടായിരുന്നു. മടവീഴ‌്ചയുണ്ടായ ഭാഗത്തിനു സമീപം കെട്ടിയിട്ടിരുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളിയായ അഖിൽ ഭവനിൽ അശോകന്റെ രണ്ടു വള്ളങ്ങളും നീട്ടുവലയും ഒഴുക്കിൽ നഷ്ടപ്പെട്ടു. ഒരു ലക്ഷത്തിൽപ്പരം രൂപയുടെ നഷ്ടമുണ്ടായെന്ന് അശോകൻ പറഞ്ഞു.കിഴക്കൻ വെള്ളത്തിന്റെ വരവു മൂലമുണ്ടായ ജലനിരപ്പ് ഉയർന്നത് നിയന്ത്രിക്കാൻ തോട്ടപ്പള്ളി പൊഴിമുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിത്തുടങ്ങി.

പാടത്ത് വെള്ളം നിറഞ്ഞതോടെ പഞ്ചായത്തിന്റെ ഏഴാം വാർഡിലെ കൊട്ടാരവളവ്, പുളിക്കൽത്തറ, സി കേശവൻ പാലം, ചീപ്പുപാലം എന്നിവയ‌്ക്കു സമീപമുള്ള നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി. ദുരിതത്തിലായവരെ സംരക്ഷിക്കുന്നതിന് ഇവിടെ ദുരിതാശ്വസ ക്യാമ്പുകൾ ആരംഭിക്കണമെന്നാവശ്യം ശക്തമാണ്‌.

പ്രധാന വാർത്തകൾ
Top