10 December Monday

സജി... സഹജീവികള്‍ക്കും പ്രകൃതിക്കും നന്മമരം

ലെനി ജോസഫ്Updated: Tuesday Mar 13, 2018


ആലപ്പുഴ > ചെങ്ങന്നൂരില്‍ സഹജീവികളോടുള്ള അനുകമ്പയുടെയും പ്രകൃതിസ്നേഹത്തിന്റെയും കൂടി പ്രതീകമാണ് സജി ചെറിയാന്‍. തൊഴിലാളി വര്‍ഗപ്രസ്ഥാനത്തിന്റെ അമരക്കാരനായി ഓടിനടക്കുമ്പോഴും ജീവകാരുണ്യപ്രവര്‍ത്തനത്തിനും ജൈവ പച്ചക്കറി കൃഷിയ്ക്കും സമയം കണ്ടെത്തുന്ന സജി ചെറിയാന്‍ അതുകൊണ്ടു തന്നെ ചെങ്ങന്നൂരുകാര്‍ക്ക് എല്ലാത്തരം നന്മകളുടെയും സഖാവാണ്.

സിപിഐ എം ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്ന അദ്ദേഹത്തിന് ഇത്രയധികം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എങ്ങനെ കഴിയുമെന്ന് ആരും അത്ഭുതപ്പെടും. ചെങ്ങന്നൂര്‍ താലൂക്കിലെ 2530 കിടപ്പുരോഗികളെ നാലു വര്‍ഷത്തിലേറെയായി സംരക്ഷിക്കുന്ന 'കരുണ'യുടെ ജീവനാഡിയാണ് സജി ചെറിയാന്‍. 'കരുണ'യുടെ ഉടമസ്ഥതയിലുള്ള 11 ഏക്കറില്‍ ജൈവകൃഷി, സംയോജിത കൃഷി സംരംഭം തുടങ്ങിയവ വെന്നിക്കൊടി പാറിക്കുന്നു. 'കരുണ'യുടെ മാത്രമല്ല സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആലപ്പി ഡിസ്ട്രിക്ട് റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി (എആര്‍പിസി)യുടെ ചെയര്‍മാനുമാണ് അദ്ദേഹം. ഈ സൊസൈറ്റിക്കു കീഴില്‍ 22 പാലിയേറ്റീവ് സംഘങ്ങളാണ് 8200 ആലംബഹീനര്‍ക്കാണ് താങ്ങും തണലുമായി നില്‍ക്കുന്നത്. ജില്ലാതല ജൈവ കാര്‍ഷിക സമിതിയുടെ ജനറല്‍ കണ്‍വീനറുമാണ് അദ്ദേഹം. മൃതപ്രായമായ വരട്ടാര്‍, കുട്ടമ്പേരൂരാര്‍, ഉത്തരപ്പള്ളിയാര്‍ എന്നിവയുടെ പുനരുജ്ജീവനം സാധ്യമാക്കുന്നതിനുള്ള എല്ലാ പിന്തുണയും അദ്ദേഹം നല്‍കി. വരട്ടാര്‍ വീണ്ടെടുത്തപ്പോള്‍ അതിന്റെ കൈവഴിയായ മുളന്തോട് 'കരുണ'യാണ് പുനരുജ്ജീവിപ്പിച്ചത്.

ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ തെങ്ങുംതറയില്‍ പരേതനായ ടി ടി ചെറിയാന്റെയും (സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍) ശോശാമ്മ ചെറിയാന്റെയും (പുന്തല ഗവ. യുപി സ്കൂള്‍ ഹെഡ്മിസ്ട്രസ്) മകനാണ് ഈ 53കാരന്‍. ക്രിസ്റ്റീനയാണ് ഭാര്യ. ഡോ. നിത്യ എസ് ചെറിയാന്‍, ഡോ. ദൃശ്യ എസ് ചെറിയാന്‍, പ്ളസ് ടു വിദ്യാര്‍ഥിനിയായ ശ്രവ്യ എസ് ചെറിയാന്‍ എന്നിവരാണ് മക്കള്‍.

എട്ടാംക്ളാസില്‍ എസ്എഫ്ഐ അംഗമായി സംഘടനാ പ്രവര്‍ത്തനത്തിനു തുടക്കംകുറിച്ച സജി ചെറിയാന്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍, മാവേലിക്കര ബിഷപ്പ്മൂര്‍, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലെ വിദ്യാഭ്യാസകാലത്ത് എസ്എഫ്ഐയുടെ മുന്നണിപ്പോരാളിയായി. ബിഷപ്പ് മൂര്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് സര്‍വകലാശാലാ യൂണിയന്‍ കൌണ്‍സിലറായ അദ്ദേഹം 25 വര്‍ഷമായി ആകോളേജില്‍ നിലനിന്ന കെഎസ്യുവിന്റെ അപ്രമാദിത്തം അവസാനിപ്പിച്ചു. 1990 മുതല്‍ 93 വരെ എസ്എഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി പദങ്ങള്‍ വഹിച്ചു. 90ല്‍ സിപിഐ എം ചെങ്ങന്നൂര്‍ താലൂക്ക് കമ്മിറ്റിയില്‍ എത്തിയ അദ്ദേഹം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.  2014 മുതല്‍ ജില്ലാ സെക്രട്ടറിയാണ്. 1995ല്‍ മുളക്കുഴ ഡിവിഷനെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി. രണ്ടായിരത്തില്‍ ചെറിയനാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2006ല്‍ നിയമസഭയിലേക്ക് മത്സരിച്ചു. ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റായും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും കേരള സര്‍വകലാശാല സിന്‍ഡിക്കറ്റംഗമായും പ്രവര്‍ത്തിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജില്ലയില്‍ ഒമ്പതില്‍ എട്ടുസീറ്റും നേടുന്നതിനും ചെങ്ങന്നൂര്‍ സീറ്റ് 25 വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുപിടിക്കുന്നതിനും സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ നേതൃത്വം നല്‍കി. 2005ല്‍ ജില്ലാ പഞ്ചായത്തും 10 ബ്ളോക്ക് പഞ്ചായത്തും 49 ഗ്രാമപഞ്ചായത്തും നേടിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മുതല്‍ക്കൂട്ടായി.

ജെസിഐ മാനവസേവാ അവാര്‍ഡ്, സാരംഗാ ഫൌണ്ടേഷന്‍ പുരസ്കാരം, മികച്ച ജൈവ പച്ചക്കറി കൃഷിക്കുള്ള കൃഷിവകുപ്പിന്റെ സംസ്ഥാന അവാര്‍ഡ്, മികച്ച പാലിയേറ്റീവ് പ്രവര്‍ത്തനത്തിനും കാരുണ്യപ്രവര്‍ത്തനത്തിനുമുള്ള പുരസ്കാരം തുടങ്ങിയവ അദ്ദേഹത്തെ തേടിയെത്തിയപ്പോള്‍ അത് പതിറ്റാണ്ടുകള്‍ നീണ്ട നിസ്വാര്‍ഥ പൊതുപ്രവര്‍ത്തനത്തിനുള്ള അംഗീകാരമാകുകയായിരുന്നു.

ആദ്യമെത്തിയത് കെ കെ ആറിന്റെ വീട്ടില്‍
ചെങ്ങന്നൂര്‍ > എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പ്രഖ്യാപിച്ചശേഷം സജി ചെറിയാന് ആദ്യമെത്തിയത് മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍നായരുടെ വീട്ടില്‍. രാമചന്ദ്രന്‍നായരുടെ ഭാര്യ പൊന്നുമണി, മകന്‍ പ്രശാന്ത് എന്നിവര്‍ അദ്ദേഹത്തിന് സ്നേഹോഷ്മളമായ സ്വീകരണം നല്‍കി. കെ കെ ആറിന്റെ വിതുമ്പുന്ന ഓര്‍മകളോടെ ഭാര്യ പൊന്നുമണി വിജയാനുഗ്രഹങ്ങള്‍ നേര്‍ന്നു. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനുശേഷം സജി ചെറിയാന്‍ ആദ്യമെത്തിയത് ആലായിലുള്ള കെ കെ ആറിന്റെ വസതിയിലാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ഗോവിന്ദന്‍, കെ അനന്തഗോപന്‍, ഏരിയ സെക്രട്ടറി എം എച്ച് റഷീദ് എന്നിവരോടൊപ്പമാണ് എത്തിയത്.

എന്റെ പൊതുജീവിതം തുറന്നപുസ്തകം: സജി ചെറിയാന്‍
ചെങ്ങന്നൂര്‍ > പാര്‍ടിയും മുന്നണിയും ഏല്‍പ്പിച്ച എല്ലാ ചുമതലകളും സത്യസന്ധമായും ജനോപകാരപ്രദമായും നിര്‍വഹിച്ചതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പറഞ്ഞു. 40 വര്‍ഷത്തെ തന്റെ പൊതുപ്രവര്‍ത്തന ജീവിതം തുറന്ന പുസ്തകമാണ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുതാര്യമായും ആത്മാര്‍ത്ഥമായും നാടിനുവേണ്ടി പ്രവര്‍ത്തിക്കും. ജില്ലാ പഞ്ചായത്തംഗമായും ബ്ളോക്ക് പഞ്ചായത്തംഗമായും വിവിധ സാമൂഹ്യതലങ്ങളിലെ നേതൃത്വം ഏറ്റെടുത്തുകൊണ്ടും ജനങ്ങളെ സഹായിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. ആത്മാര്‍ത്ഥമായും ഉത്തരവാദിത്വത്തോടെയുമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇന്നലെകളില്‍ ജനങ്ങള്‍ക്കിടയില്‍ എങ്ങനെ പ്രവര്‍ത്തിച്ചുവോ അതുപോലെ നാളെയും പ്രവര്‍ത്തിക്കും. ഭാവി ജീവിതവും പൊതു ജീവിതവും ശുദ്ധമായിരിക്കുമെന്നും ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ വികസനത്തിന് ഒട്ടേറെ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അന്തരിച്ച എംഎല്‍എ കെ കെ രാമചന്ദ്രന്‍നായര്‍ തുടങ്ങിവച്ച കോടാനുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങള്‍ പൂവണിയിക്കാനും മണ്ഡലത്തിലെ വോട്ടര്‍മാര്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ തന്നെ സഹായിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

പ്രധാന വാർത്തകൾ
Top