18 January Friday

തന്റെ ആശയം മാര്‍ക്സ് തന്നെ തിരുത്തി, വികസിപ്പിച്ചു: എം വി ഗോവിന്ദന്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018


കായംകുളം > കാള്‍ മാര്‍ക്സ് പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തന്റെതന്നെ ആശയങ്ങളെ തിരുത്തുകയും വികസിപ്പിക്കുകയും ചെയ്തെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.

ജില്ലാ ലൈബ്രറി കൌണ്‍സില്‍ കായംകുളം ജിഡിഎം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'മൂലധനം: അതിജീവനത്തിന്റെ ഒന്നര നൂറ്റാണ്ട്' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമൂഹത്തിന്റെ ഇതപര്യന്തമുള്ള ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണെന്ന തന്റെ നിലപാട് അദ്ദേഹം വികസിപ്പിച്ചു.  സുദീര്‍ഘമായ പ്രാചീന, നവീന ശിലായുഗങ്ങളില്‍ വര്‍ഗവിഭജനമുണ്ടായിരുന്നില്ലെന്ന കാരണത്താല്‍ അക്കാലത്ത് വര്‍ഗസമരമുണ്ടായിരുന്നില്ല എന്ന തിരിച്ചറിവിലാണ് സ്വയം തിരുത്തിയത്. അതുപോലെതന്നെ മുതലാളിത്തത്തെ തകര്‍ക്കാന്‍ തൊഴിലാളിവര്‍ഗം ഭരണം പിടിച്ചാല്‍ മതിയെന്ന നിലപാടിലും മാറ്റംവരുത്തി. ഭരണം പിടിക്കുന്നതോടൊപ്പം ഭരണകൂടത്തെ തകര്‍ക്കണമെന്ന് തന്റെ ഗ്രന്ഥത്തിന്റെ ഇംഗ്ളീഷ് പതിപ്പില്‍ വ്യക്തമാക്കാനുള്ള കാരണം പാരിസ് കമ്യൂണിന്റെ പരാജയം നല്‍കിയ അനുഭവമായിരുന്നു.

ഹെഗലിന്റെ അനുയായികളായിരുന്നു മാര്‍ക്സും എംഗല്‍സും. സൂക്ഷ്മാംശത്തില്‍ പരിശോധിച്ചപ്പോള്‍ ഹെഗല്‍ ആശയവാദ വൈരുധ്യവാദിയാണെന്ന് ഹെഗേലിയന്‍ പ്രസ്ഥാനത്തിലെ ഈ യുവാക്കള്‍ക്ക് മനസ്സിലായി. കേവല, യാന്ത്രിക ഭൌതികവാദങ്ങളുടെ പൊള്ളത്തരവും തിരിച്ചറിഞ്ഞ അവര്‍ തലകുത്തിനിന്ന ഹെഗലിന്റെ വൈരുധ്യവാദത്തെ നേരെ നിര്‍ത്തി. ബ്രിട്ടീഷ് മ്യൂസിയത്തിലെ കെട്ടുപൊട്ടിക്കാതിരുന്ന അര്‍ഥശാസ്ത്രഗ്രന്ഥങ്ങള്‍ 20 വര്‍ഷം വായിച്ചും ഇതപര്യന്തമുള്ള ദാര്‍ശനിക പന്ഥാവുകളെ പഠിച്ചുമാണ് മാര്‍ക്സ് വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൌതികവാദത്തിലേക്ക് എത്തിയതും 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യും 'മൂലധന'വും രചിച്ചതും.

ചക്രവര്‍ത്തിമാരുടെയും രാജാക്കന്‍മാരുടെയും കഥകളായിരുന്ന ചരിത്രത്തെ ശരിയായ രീതിയില്‍ വിലയിരുത്താന്‍ ഇന്ന് കമ്യൂണിസ്റ്റ് വിരുദ്ധരായ എംജിഎസ് നാരായണനെപ്പോലുള്ള ചരിത്രകാരന്‍മാര്‍പോലും ഉപയോഗിക്കുന്നത് ചരിത്രപരമായ ഭൌതികവാദമാണ്. എല്ലാ ശാസ്ത്രസത്യങ്ങളും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് മാര്‍ക്സിസം. അതുകൊണ്ടാണ് മാര്‍ക്സിസം  കലഹരണപ്പെടാത്തത്. മറ്റുള്ള പല പ്രത്യയശാസ്ത്രങ്ങളും പത്തുവര്‍ഷംപോലും നിലനിന്നില്ല. മാര്‍ക്സിസം ശാസ്ത്രമാകുന്നതിന്റെ അടിസ്ഥാനഗ്രന്ഥമാണ് 'മൂലധനം'.

സോഷ്യലിസത്തിലേക്കു പോകുകയല്ലാതെ മുതലാളിത്തത്തിന്പ്രതിസന്ധി പരിഹരിക്കാനാവില്ല. മുതലാളിത്തപ്രതിസന്ധി മറികടക്കാന്‍ മുതലാളിമാര്‍ ബുദ്ധിജീവികളെക്കൊണ്ട് മൂലധനം വായിപ്പിക്കുന്ന കാലഘട്ടമാണിത്. വര്‍ഗസമരമെന്നത് സാമൂഹ്യപ്രതിഭാസമാണ്. നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും അതു നടക്കും. അതുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് അതിന്റെ പിന്നോട്ടടിയില്‍ നിരാശയുണ്ടാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന വാർത്തകൾ
Top