18 June Monday

റവന്യൂ ജില്ലാ കായികമേള 13 മുതല്‍ അറവുകാട്

വെബ് ഡെസ്‌ക്‌Updated: Thursday Oct 12, 2017


ആലപ്പുഴ > റവന്യൂ ജില്ലാ സ്കൂള്‍ കായികമേള 13,14,15 തീയതികളില്‍ അറവുകാട് കാര്‍മ്മല്‍ പോളിടെക്നിക് കോളേജ് ഗ്രൌണ്ടില്‍ നടക്കുമെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കെ പി ലതിക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി ജി സുധാകരന്‍ കായികമേള ഉദ്ഘാടനം ചെയ്യും.

റവന്യൂ ജില്ലയിലെ 11 ഉപജില്ലകളില്‍ നിന്നും ഒരു സ്പോര്‍ട്സ് സ്കൂളില്‍ നിന്നുമായി 1400 കുട്ടികള്‍ കായികമേളയില്‍ പങ്കെടുക്കും. 777 ആണ്‍കുട്ടികളും 634 പെണ്‍കുട്ടികളുമാണ് മത്സരത്തിനെത്തുക. കായികമേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും നല്‍കും. ഇവരാണ് 19 മുതല്‍ 23 വരെ പാലായില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കുക.

200 മീറ്റര്‍ നീളമുള്ള രണ്ട് ട്രാക്കുകളാണ് കാര്‍മല്‍ പോളിടെക്നിക് കോളേജ് ഗ്രൌണ്ടിലുള്ളത്. 400 മീറ്റര്‍ ട്രാക്കുള്ള ഗ്രൌണ്ട് ലഭ്യമല്ലാത്തതിനാലാണ് ഇവിടെ കായികമേള നടത്തുന്നത്. ജാവലിന്‍, ഹാമര്‍, ഡിസ്കസ്ത്രോ മത്സരങ്ങളും പോള്‍വാട്ട് ഹര്‍ഡില്‍സ് മത്സരങ്ങളും 13നും മറ്റ് മത്സരങ്ങള്‍ക്കൊപ്പം 14ന് രാവിലെ ഉദ്ഘാടന സമ്മേളനവും നടക്കും. 15ന് വൈകിട്ടാണ് സമാപനസമ്മേളനവും സമ്മാനദാനവും സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
കായികമേളയുടെ വിജയത്തിനായി ജനപ്രതിനിധികള്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍, അധ്യാപക സംഘടനാനേതാക്കള്‍ തുടങ്ങിയവരടങ്ങിയ 7 സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. 75 ഓളം ഒഫീഷ്യല്‍സിന്റെ സേവനത്തിന് പുറമെ എന്‍സിസി, എസ്പിസി കേഡറ്റുകളുടെ സേവനവും കായികമേളയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രഥമ ശുശ്രൂഷ നല്‍കാന്‍ ആലപ്പുഴ ഡിഎംഒയുടെ കീഴിലുള്ള മെഡിക്കല്‍ സംഘവും പ്രവര്‍ത്തിക്കും. കായികതാരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും ടീം മാനേജര്‍മാര്‍ക്കും ഭക്ഷണവും ഒരുക്കും. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണമുണ്ടാകണമെന്ന് ഡിഡി അഭ്യര്‍ഥിച്ചു.

റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എംഎംഎ കബീര്‍, കെ എസ് പ്രദീപ്, അനസ് എം അഷറഫ്, ആര്‍ ജയലാം, കെ സി സ്നേഹശ്രീ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top