22 September Saturday

മഴ കനത്തു, കർഷകർ മടവീഴ‌്ച ഭീതിയിൽ; ഞാറുകൾ ചീയുന്നു

പ്രത്യേക ലേഖകൻUpdated: Thursday Jul 12, 2018

പള്ളാത്തുരുത്തി ദേവസ്വം പാടശേഖരത്തിൽ കനത്തമഴയിൽ ഒലിച്ചുപോയ വരമ്പ‌് പിടിക്കുന്ന കർഷകൻ ഫോട്ടോ : സൈജു പുന്നപ്ര


ആലപ്പുഴ
മഴ കനത്തുപെയ‌്തതോടെ ജില്ലയിലെ രണ്ടാംവിള ക‌ൃഷി മടവീഴ‌്ചയുടെയും ക‌ൃഷിനാശത്തിന്റെയും ഭീതിയിൽ. നിരവധി പാടശേഖരങ്ങൾ വെള്ളക്കെട്ടിന്റെ പിടിയിലാണ‌്. 

പലയിടങ്ങളിലും നെൽച്ചെടി പറിച്ചുനടുന്ന പ്രവൃത്തി നടക്കുകയാണ‌്. വിതച്ച‌് ഒരു മാസമായ പാടങ്ങളുമുണ്ട‌്.  പുളിങ്കുന്നിൽ 20 ദിവസം പ്രായമേ ആയുള്ളൂ.  ചമ്പക്കുളം, കൈനകരി, നെടുമുടി എന്നിവിടങ്ങളിൽ നടീൽ നടക്കുന്നു. കുട്ടനാട്ടിൽ കൈനകരി, നെടുമുടി, പുളിങ്കുന്ന‌്, എടത്വാ, ചമ്പക്കുളം മേഖലകളിൽ രണ്ടാംക‌ൃഷിയുണ്ട‌്. പുഞ്ചക‌ൃഷി താമസിച്ചുപോയതിനാൽ നീലംപേരൂർ പഞ്ചായത്തിൽ മാത്രമാണ‌് രണ്ടാംക‌ൃഷിയില്ലാത്തത‌്. അടുത്ത തവണത്തെ പുഞ്ചക‌ൃഷി നേരത്തെയാക്കാൻ അവർ ഇത്തവണ രണ്ടാംക‌ൃഷി ചെയ്യുന്നില്ല. പുളിങ്കുന്നിലെ അയ്യനാടാണ‌് രണ്ടാംക‌ൃഷി ചെയ്യുന്നതിൽ ഏറ്റവും വലിയ പാടശേഖരം.

തുറവൂർ, കുത്തിയതോട‌്, കോടംതുരുത്ത‌്, പട്ടണക്കാട‌് പഞ്ചായത്തുകളിലെ പാടങ്ങളിൽ കനത്ത വെള്ളക്കെട്ടാണ‌്.  നാലുദിവസമായി തുടരുന്ന കനത്തമഴയിൽ ഞാറിന്റെ നിരപ്പിനൊപ്പം വെള്ളം പൊങ്ങി. ഇതുമൂലം പല പാടങ്ങളിലും ഞാറുകൾ ചീഞ്ഞുതുടങ്ങി.  വെള്ളം പൊങ്ങിക്കിടക്കുന്നതിനാൽ മോട്ടോർ വെക്കാനും വറ്റിക്കാനുമാകുന്നില്ല. കോടംതുരുത്ത‌് പഞ്ചായത്തിലെ  കരിനിലങ്ങളിലെ കർഷകർ മടവീഴ‌്ചഭീഷണിയിലാണ‌്. 

വെള്ളക്കെട്ട‌് ശക്തമായതിനാൽ അന്ധകാരനഴി സ‌്പിൽവേ ഷട്ടറുകൾ തുറന്ന‌്  നെൽക‌ൃഷി സംരക്ഷിക്കണമെന്ന ആവശ്യമാണ‌് കർഷകർ ഉയർത്തുന്നത‌്. ഒരാഴ‌്ച മുമ്പ‌് മടവീണ‌്  കൊച്ചുകുരുടാക്കരി പാടശേഖരത്തിൽ മുപ്പതേക്കറിൽ ക‌ൃഷി നശിച്ചിരുന്നു. 

വീണ്ടും വിതച്ച നെല്ല‌് ഇപ്പോൾ കാറ്റാടിപ്പരുവമാണ‌്. അമ്പലപ്പുഴ വടക്ക‌് പഞ്ചായത്തിലെയും പുന്നപ്ര തെക്ക‌് പഞ്ചായത്തിലെയും പാടങ്ങളിലും പുറക്കാട‌് കരിനിലം പാടങ്ങളിലും വിത നടത്തിയിട്ടുണ്ട‌്. പുറക്കാട‌്  നാലുചിറ വടക്കുപടിഞ്ഞാറു പാടത്തെ 120 ഏക്കർ ഒരു മാസം മുമ്പ‌് മടവീണിരുന്നു. അവിടെ വീണ്ടും ക‌ൃഷിചെയ്യാൻ മടകുത്തുന്നതേയുള്ളൂ.  അന്ന‌് ക‌ൃഷിനാശമുണ്ടായ സമീപത്തെ ക‌ൃഷിത്തോട്ടം, നാലുചിറ വടക്ക‌് പാടങ്ങളിൽ വീണ്ടും ക‌ൃഷിയിറക്കിയെങ്കിലും ഇവ രണ്ടും വെള്ളത്തിൽ മുങ്ങി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top