21 October Sunday
ജില്ലാ പഞ്ചായത്ത‌്

60 അങ്കണവാടി നിർമിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

 ആലപ്പുഴ

ജില്ലാ പഞ്ചായത്ത‌് ഈവർഷം 60 അങ്കണവാടികൾക്ക‌് കെട്ടിടം നിർമിക്കുന്നതിന‌് ധനസഹായം അനുവദിക്കും. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ വിവിധ ഫണ്ടുകൾ ഏകോപിപ്പിച്ച‌് ജില്ലാ പഞ്ചായത്ത‌് വിഹിതം കൂടി ചേർത്താണ‌് അങ്കണവാടി കെട്ടിടങ്ങൾ  നിർമിക്കുക. 
സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ‌് 40 അങ്കണവാടികൾക്ക‌് കെട്ടിടം നിർമിക്കാൻ 8,70,000 രൂപ വീതം 3,48,00,000 രൂപ അനുവദിച്ച‌് ഉത്തരവായി. ഇതിനൊപ്പം ഒന്നിന‌് 5,80,000 രൂപ വീതം 2,32,00,000 രൂപ ജില്ലാ പഞ്ചായത്ത‌് ലഭ്യമാക്കും. ഒരു അങ്കണവാടിക്ക‌് 14,50,000 രൂപയാണ‌് മൊത്തം ചെലവഴിക്കുക. സംസ്ഥാന വിഹിതം എൽഎസ‌്ജിഡി ചീഫ‌് എൻജിനിയറുടെ അക്കൗണ്ടിലേക്കാണ‌് കൈമാറുന്നത‌്. ജില്ലാ പഞ്ചായത്ത‌് വിഹിതം അതത‌് പഞ്ചായത്തുകൾക്ക‌് നൽകും. പഞ്ചായത്തിലെ അസി. എൻജിനിയർ മുഖേനയാകും നിർമാണം. പൂർത്തിയാകുന്ന മുറയ‌്ക്ക‌് സർക്കാർ സഹായം നൽകും.
  ഇവയ‌്ക്കു പുറമേ മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതിയുമായി ചേർന്ന‌് 20 അങ്കണവാടികൾക്ക‌് കെട്ടിടം നിർമിക്കും. തൊഴിലുറപ്പു പദ്ധതിയിൽനിന്ന‌് ഒന്നിന‌് അഞ്ചുലക്ഷം രൂപ വീതം ഒരുകോടി രൂപ ലഭ്യമാകും. ജില്ലാ പഞ്ചായത്ത‌് വിഹിതമായി ഒന്നിന‌് മൂന്നുലക്ഷം രൂപ വീതം 60 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട‌്. ജില്ലാ പഞ്ചായത്ത‌് വിഹിതം തൊഴിലുറപ്പ‌് പദ്ധതി അക്കൗണ്ടിലേക്ക‌് നൽകി പദ്ധതി വഴിയാകും നിർവഹണം. 
  ഇതുസംബന്ധിച്ച‌് പഞ്ചായത്ത‌് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ഐസിഡിഎസ‌് സൂപ്പർവൈസർമാരുടെയും യോഗം ജില്ലാ പഞ്ചായത്ത‌് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ജി വേണുഗോപാൽ ഉദ‌്ഘാടനംചെയ‌്തു. സംസ്ഥാന സർക്കാർ വിഹിതത്തോടെ നടത്തുന്ന പദ്ധതിയുടെ പകർപ്പ‌് ലഭ്യമാകുന്ന മുറയ‌്ക്ക‌് ജില്ലാ പഞ്ചായത്ത‌് വിഹിതം പഞ്ചായത്തുകൾക്ക‌്കൈമാറുമെന്ന‌് വേണുഗോപാൽ അറിയിച്ചു.
പ്രധാന വാർത്തകൾ
Top