24 October Wednesday

പ്രളയത്തെ അതീജീവിക്കാൻ നീർക്കുന്നം സ‌്കൂളിന്റെ ചേക്കുട്ടി പാവകൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

നീർക്കുന്നം എസ്‌ഡിവി സ്‌കൂളിലെ ചേക്കുട്ടി പാവനിർമാണ പരിശീലനക്ലാസിൽ കലക്്‌ടർ എസ്‌ സുഹാസ്‌ സന്ദർശിക്കുന്നു

 ആലപ്പുഴ 

പ്രളയത്തിൽ നശിച്ച ചേന്ദമംഗലം കൈത്തറി പുന:സ്ഥാപിക്കാനുള്ള ചേക്കുട്ടി പാവ നിർമാണത്തിന‌്  ആലപ്പുഴയിലും തുടക്കമായി. നീർക്കുന്നം എസ്ഡിവി ഗവ. യുപി സ‌്കൂളിലെ നൂറോളം വിദ്യാർഥികളാണ് ചേക്കുട്ടിപാവ നിർമാണം ഏറ്റെടുത്തത്. വിദ്യാർഥികൾക്കുള്ള പരിശീലനം സ്‌കൂളിൽ നടന്നു.
 ചേറിനെ അതിജീവിച്ച കുട്ടി എന്നർഥമുള്ള ചേക്കുട്ടിപ്പാവകളുടെ നിർമാണത്തിലൂടെയും വിൽപ്പനയിലൂടെയും ലഭിക്കുന്ന തുക പ്രളയത്തിൽ നശിച്ചുപോയ ചേന്ദമംഗലം കൈത്തറിയുടെ പുനസ്ഥാപനത്തിനാണ് ഉപയോഗിക്കും. നെയ‌്ത്തുഗ്രാമത്തിന് കൈത്താങ്ങാകാനാണ് ഈ ദൗത്യത്തിൽ നീർക്കുന്നം ഗവ.സ്‌കൂളും പങ്കാളിയായത്. 
 ഓണക്കാലത്ത് വിൽപ്പനയ‌്ക്ക‌് തയ്യാറാക്കിയ ചേന്ദമംഗലം കൈത്തറി വസ‌്ത്രങ്ങളും തുണികളും ഇഴകളും പ്രളയത്തിൽ വെള്ളവും ചെളിയും കയറി നശിച്ചിരുന്നു. ഈ തുണികൾ ഉണക്കി വൃത്തിയാക്കിയാണ് ചേക്കുട്ടി പാവ നിർമാണം. ഒരു കൈത്തറി സാരിയിൽ നിന്ന് 350ഓളം ചേക്കുട്ടി പാവകൾ നിർമിക്കാനാകും. 25 രൂപാ നിരക്കിലാണ് പാവ വിൽക്കുന്നത്. ഒരു മുണ്ടിൽ നിന്ന് 200ഓളം ചേക്കുട്ടി പാവകൾ നിർമിക്കാനാകുമെന്നും ആർപിഎഫ് അസി. കമീഷണർ മുഹമ്മദ്  ഹനീഫ് പറഞ്ഞു. 
നീർക്കുന്നം സ്‌കൂളിൽ നിന്ന് 700 പാവകൾ നിർമിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതും വിൽപ്പനയ‌്ക്കായി നൽകും. 
പാവനിർമാണത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകുമെന്ന്  പരിശീലനം കാണാനെത്തിയ കലക്ടർ എസ് സുഹാസ് പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ എസ‌് മധുകുമാർ, എസ്എംസി ചെയർമാൻ ഐ ഷെഫീഖ്, മാതൃസംഗമം പ്രസിഡന്റ‌് എസ‌് സുമ തുടങ്ങിയവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
Top