21 August Tuesday

എസി റോഡില്‍ ബസ്‌ ഓടിത്തുടങ്ങി 26 ദിവസത്തിനുശേഷം

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

എസി റോഡിൽ വെള്ളിയാഴ്‌ച കെഎസ്‌ആർടിസി ബസ്‌ സർവീസ്‌ പുനരാരംഭിച്ചപ്പോൾ

 

 
മങ്കൊമ്പ്
ആലപ്പുഴ‐ ചങ്ങനാശേരി റോഡിൽ കെഎസ്ആർടിസി സർവീസുകൾ വെളളിയാഴ‌്ച രാവിലെമുതൽ പുനരാരംഭിച്ചു. 26 ദിവസത്തിനുശേഷമാണ് പൂർണമായും ബസ് സർവീസ് പുനരാരംഭിക്കാൻ കഴിഞ്ഞത്. രാവിലെ ആറിന് ആലപ്പുഴ ഡിപ്പോയിൽനിന്നുള്ള ഫാസ‌്റ്റ‌് പാസഞ്ചർ ബസാണ് ചങ്ങനാശേരിക്ക് ഓടിയത്. 27 സർവീസുകളാണ് ഇവിടെനിന്ന് ചങ്ങനാശേരി, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിലേക്ക്  സർവീസ് നടത്തുന്നത്. കൂടാതെ കോട്ടയം, ചങ്ങനാശേരി ഡിപ്പോകളിൽനിന്ന‌് ആലപ്പുഴയ‌്ക്ക‌് സർവീസ് നടത്തുണ്ട്. പല ഡിപ്പോകളിൽനിന്നായി നൂറോളം സർവീസുകൾ എസി റോഡുവഴി നടത്തുന്നുണ്ട‌്. കൂടുതലും ആലപ്പുഴ, ചങ്ങനാശേരി ഡിപ്പോയിലെ ബസുകളാണ്.  
 മങ്കൊമ്പ് ഭാഗത്തെ വെള്ളം കയറിയ അപകടകരമായ കുഴികൾ കെഎസ്ടിപി അധിക‌ൃതർ മന്ത്രി ജി സുധാകരന്റെ നിർദേശത്തെത്തുടർന്ന് മക്കിട്ട് നികത്തിയതാണ് കെഎസ്ആർടിസി ബസുകൾ ഓടാൻ കാരണമായത്. റോഡിൽ മങ്കൊമ്പ് ബ്ലോക്ക് ജങ‌്ഷനിലും മങ്കൊമ്പ് പാലത്തിന്റെ കിഴക്കുഭാഗത്തും ഉച്ചയ‌്ക്കുശേഷം പൊലീസ് നിയന്ത്രിച്ചാണ് ബസുകൾ കടത്തിവിടുന്നത്. കഴിഞ്ഞ 26 ദിവസമായി എസി റോഡിലെ ഗതാഗതം മുടങ്ങിയതിനെത്തുടർന്ന് 13 ലക്ഷം രൂപയാണ് ആലപ്പുഴ ഡിപ്പോയ‌്ക്കുമാത്രം നഷ‌്ടം. മങ്കൊമ്പുമുതൽ ബ്ലോക്ക് ജങ്ഷൻവരെയുള്ള ഒരു കിലോമീറ്റർ ഭാഗത്താണ് വൻകുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുഴികളിൽ വീണ് അപകടമുണ്ടാകാനിടയുള്ളതിനാലാണ് ഈ ഭാഗത്തുകൂടിയുള്ള സർവീസുകൾ കെഎസ്ആർടിസി  നിർത്തിവച്ചിരുന്നത്. നെടുമുടി നസ്രത്തുമുതൽ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിന് സമീപംവരെയും മങ്കൊമ്പ് പാലംമുതൽ ബ്ലോക്ക് ജങ്ഷൻവരെയുമുള്ള രണ്ട് കിലോമീറ്റർ ഭാഗത്താണ് ഇപ്പോഴും വെള്ളമുള്ളത്. സമീപമുള്ള പാടശേഖരങ്ങളിൽ പമ്പിങ് ആരംഭിച്ചിട്ടും വളരെ പതുക്കെയാണ് ജലനിരപ്പ് കുറയുന്നത്.
പ്രധാന വാർത്തകൾ
Top