19 September Wednesday
ഇന്ധന വിലവർധന

ഹർത്താൽ ജില്ലയിൽ പൂർണമാകും

സ്വന്തം ലേഖകൻUpdated: Monday Sep 10, 2018

 ആലപ്പുഴ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന ഉൾപ്പെടെ നരേന്ദ്രമോഡി സർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ച‌് തിങ്കളാഴ‌്ച ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ‌്ത ഹർത്താൽ ജില്ലയിൽ പൂർണമാകും.   
 രാവിലെ ആറുമുതൽ വൈകിട്ട‌് ആറുവരെയാണ് ഹർത്താൽ.
രാവിലെ ഒമ്പതിന‌് ജില്ലയിലെ എല്ലാ മേഖലകളിലും പ്രതിഷേധപ്രകടനം നടത്തും. പഞ്ചായത്ത്, മുനിസിപ്പൽ തല എൽഡിഎഫ് കമ്മിറ്റികൾ ഞായറാഴ‌്ച യോഗം ചേർന്ന് ഹർത്താൽ വിജയിപ്പിക്കുന്നതിനാവശ്യമായ  തീരുമാനങ്ങളെടുത്തു. ഞായറാഴ‌്ച വൈകിട്ട‌് പലയിടങ്ങളിലും പന്തംകൊളുത്തി പ്രകടനവും നടന്നു. ഹർത്താൽ വൻവിജയമാക്കണമെന്ന‌് എൽഡിഎഫ‌് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. 
 സമസ‌്തജനവിഭാഗങ്ങളെയും ബാധിക്കുന്ന ഇന്ധനവില വർധനയ‌്ക്കെതിരെ ജില്ലയിലെമ്പാടും കനത്ത പ്രതിഷേധമുയർന്നിട്ടുണ്ട‌്. അടിക്കടിയുള്ള ഇന്ധന വിലവർധന വിലക്കയറ്റത്തിനിടയാക്കുമെന്നതും ഹർത്താലിന‌് അനകൂലമായ വികാരം സ‌ൃഷ‌്ടിക്കുന്നു. 
ജനങ്ങളെ ദുരിതത്തിലേക്ക‌് തള്ളിവിടുന്ന മോഡി സർക്കാരിനെതിരെയുളള വൻ പ്രതിഷേധമായി ഹർത്താൽ മാറ്റിത്തീർക്കാനുള്ള ഒരുക്കത്തിലാണ‌് ജില്ല. തൊഴിലാളികളെല്ലാം പണിമുടക്കി ഹർത്താലിന‌് ഐക്യദാർഢ്യം പ്രഖ്യാപിക്കും. സ്വകാര്യബസുകൾ ഓടിക്കില്ലെന്ന‌് ആ മേഖലയിലുള്ള യൂണിയനുകളും ഉടമകളുടെ സംഘടനകളും അറിയിച്ചിട്ടുണ്ട‌്. ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളും പിന്തുണ നൽകിയിട്ടുള്ളതിനാൽ കടകമ്പോളങ്ങളുടെ പ്രവർത്തനവും ജില്ലയിൽ സ‌്തംഭിക്കും. 
ഓട്ടോ‐ടാക‌്സി തൊഴിലാളികളും വാഹനങ്ങൾ ഓടിക്കില്ല.  കെഎസ‌്ആർടിസി ബസുകളും ഓടില്ല. ജീവനക്കാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വിവിധ ഓഫീസുകളുടെ പ്രവർത്തനങ്ങളും സ‌്തംഭിക്കും. 
പ്രളയക്കെടുതി ഏറെ ബാധിച്ച ജില്ല എന്ന പരിഗണനയിൽ ദുരിതാശ്വാസപ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ ഹർത്താൽ ആചരിക്കാനാണ‌് എൽഡിഎഫ‌് തീരുമാനം.  പ്രളയമേഖലകളിലേക്ക‌് സാധനസാമഗ്രികളുമായി വരുന്ന വാഹനങ്ങൾക്കും വിവാഹം, ആശുപത്രി, മരണംപോലുള്ള ആവശ്യങ്ങൾക്കും തടസ്സം വരാതിരിക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
Top