15 November Thursday
കൈനകരിയിലെ വെള്ളം ഒഴിവാക്കൽ

വെള്ളം വറ്റിക്കാൻ ഫ്ലോട്ടിങ‌് പമ്പിങ‌്സ‌്റ്റേഷൻ

സ്വന്തം ലേഖകൻUpdated: Monday Sep 10, 2018

കൈനകരിയിൽ സ്ഥാപിച്ച ഫ്ലോട്ടിങ്‌ പമ്പിങ്‌ സ്‌റ്റേഷൻ

  ആലപ്പുഴ

കൈനകരിയിൽ ജലോപരിതലത്തിൽ പമ്പിങ‌് സ‌്റ്റേഷനൊരുക്കി വെള്ളം വറ്റിക്കാൻ തീവ്രശ്രമം. 
 കഴിഞ്ഞദിവസം ജലഅതോറിറ്റി തിരുവനന്തപുരത്തുനിന്ന‌് എത്തിച്ച കൂറ്റൻ പമ്പുസെറ്റുകളുടെ സാമഗ്രികളും ട്രാൻസ‌്ഫോർമറുകളും ജലോപരിതലത്തിൽ സ്ഥാപിച്ച‌ാണ‌് വെള്ളം വറ്റിക്കുന്നത‌്. പമ്പിങ‌് സാമഗ്രികൾ സ്ഥാപിക്കാൻ വെള്ളം കയറാത്ത സ്ഥലമില്ലാത്തതിനെ തുടർന്നാണ‌് ഫ്ലോട്ടിങ‌് പമ്പിങ‌് സ‌്റ്റേഷൻ ഒരുക്കിയത‌്.  മണിക്കൂറിൽ 12 ലക്ഷം ലിറ്റർ വെള്ളം വറ്റിക്കാവുന്ന രണ്ട‌ുപമ്പ‌് സെറ്റുകളും  കനകാശേരി പാടത്താണ‌് സ്ഥാപിച്ചത‌്. വെള്ളത്തിൽ മുക്കിയിട്ട‌് പ്രവർത്തിപ്പിക്കാവുന്നതാണ‌് പമ്പുകൾ. വൈദ്യുതി ഉപയോഗിച്ചാണ‌് പ്രവർത്തനം. ഇതിനായി 250 കിലോവാട്ടിന്റെ രണ്ട‌് ട്രാൻസ‌്ഫോർമറുകളാണ‌് എത്തിച്ചത‌്. രണ്ടുദിവസം കൊണ്ട‌് പമ്പിങ‌്സ‌്റ്റേഷൻ ഒരുക്കിയെടുത്ത‌് ഞായറാഴ‌്ച രാവിലെമുതൽ പമ്പിങ‌് തുടങ്ങി. ജല അതോറിറ്റി അസിസ‌്റ്റന്റ‌് എക‌്സിക്യൂട്ടീവ‌് എൻജിനിയർ അജീഷ‌്കുമാർ, എ ഇ ബിനുകുമാർ, തിരുവനന്തപുരത്തുള്ള ഡിഎസ‌് ഇലക‌്ട്രിക്കൽസ‌് ആൻഡ‌് പവർ എന്ന സ്ഥാപനത്തിലെ തൊഴിലാളികളും ചേർന്നാണ‌് ക്രമീകരണം നിർവഹിച്ചത‌്.   
    പാടങ്ങളിലെല്ലാം രണ്ടോ മൂന്നോ അടി വെള്ളം താഴ‌്ത്തിയാലേ വീടുകളിലും പരിസരത്തുനിന്ന‌് വെള്ളം ഇറങ്ങൂ. ജനജീവിതം ദുസഹമായ കൈനകരി പഞ്ചായത്തിൽ വെള്ളം വറ്റിച്ചേശേഷം മറ്റ‌് പഞ്ചായത്തുകളിലും പമ്പുകൾ എത്തിക്കും. ഞായറാഴ‌്ച പമ്പിങ‌് പ്രവർത്തനം കലക‌്ടർ എസ‌് സുഹാസ‌് നേരിട്ടെത്തി വിശകലനംചെയ‌്തു.  നിലവിൽ വിദേശത്ത‌ുനിന്ന‌് എത്തിച്ച പമ്പ‌്സെറ്റുകൾ അടക്കം 32 പമ്പുകളാണ‌് കൈനകരിയിൽ പ്രവർത്തിപ്പിക്കുന്നത‌്.  ചെറുകാലിക്കായൽ, ആറുപങ്ക‌്, കുപ്പപ്പുറം, കനകാശേരി, വലിയകരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വള്ളം വറ്റിക്കാതെ ജനജീവിതം സാധാരണനിലയിലെത്തില്ല. ഈ മേഖലയിലെ ജനങ്ങൾ ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുകയാണ‌്.
പ്രധാന വാർത്തകൾ
Top