20 September Thursday

ജെട്ടിയിൽ ജലനിരപ്പ‌് കുറയുന്നു; ബോട്ടുകൾക്ക‌് എത്താനാകുന്നില്ല

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

ബോട്ടുജെട്ടിയിൽ വെള്ളം താഴ്‌ന്നതിനെത്തുടർന്ന്‌ ചെളി പൊങ്ങിയ നിലയിൽ

ആലപ്പുഴ

വാടക്കനാലിൽ ജലനിരപ്പ‌് അസാധാരണമായി താഴുന്നത‌് തുടരുന്നതിനാൽ ആലപ്പുഴ ബോട്ടുജെട്ടിയിലേക്ക‌് ജലഗതാഗതവകുപ്പിന്റെ ബോട്ടുകൾക്ക‌് എത്താനാകുന്നില്ല. ശനിയാഴ‌്ച മുതൽ ബോട്ട‌് സർവീസ‌് താൽക്കാലികമായി കെഎസ‌്ആർടിസി സ‌്റ്റാൻഡിനടുത്തുള്ള മാതാജെട്ടിയിലേക്ക‌് മാറ്റിയിരുന്നു. രാത്രി സർവീസുകൾക്കുശേഷം യാത്രക്കാരില്ലാതെയാണ‌് നിലവിലുള്ള ബോട്ടുജെട്ടിയിലേക്ക‌് ഏതാനും ബോട്ടുകൾ മാറ്റാനായത‌്. ജെട്ടിയിൽ ചെളി നിറഞ്ഞുകിടക്കുകയാണ‌്. ഇത‌് മാറ്റാതെയും ജലനിരപ്പ‌് ഉയരാതെയും ഇവിടെനിന്ന‌് സർവീസ‌് ആരംഭിക്കാൻ കഴിയില്ലെന്നാണ‌് അധിക‌ൃതർ നൽകുന്ന വിശദീകരണം. ജലനിരപ്പ‌് താഴ‌്ന്ന പ്രദേശങ്ങളിൽ സർവീസ‌് നടത്തുമ്പോൾ ബോട്ടുകൾക്ക‌് കേടുപാടുകൾ പറ്റാനുള്ള സാധ്യത മുന്നിൽക്കണ്ട‌് ജാഗ്രതാനിർദേശവും നൽകിയിട്ടുണ്ട‌്.  പ്രളയത്തെത്തുടർന്നുള്ള കുത്തൊഴുക്കിലാണ‌് കനാലിലേക്ക‌് ചെളി അടിഞ്ഞുകൂടിയത‌്. ജലനിരപ്പ‌് താഴ‌്ന്നതിനാൽ ജലഗതാഗതത്തെ ഇത‌് ബാധിക്കുകയുംചെയ‌്തു. വേനൽക്കാലത്ത‌് ജലനിരപ്പ‌് താഴുന്നതും ബോട്ട‌് സർവീസുകൾ ഇതിനനുസരിച്ച‌് ക്രമീകരിക്കുന്നതും സാധാരണമാണെങ്കിലും ഈ സമയത്ത‌് ഇങ്ങനെ സംഭവിച്ചത‌് കാലാവസ്ഥാവ്യതിയാനമെന്ന വിലയിരുത്തലിലാണ‌് ശാസ‌്ത്രസമൂഹം. ആലപ്പുഴ ബോട്ടുജെട്ടി ഭാഗത്തെ ചെളി നീക്കംചെയ്യണമെന്ന‌് ആവശ്യപ്പെട്ട‌് ജലസേചനവകുപ്പിന‌് കത്ത‌് നൽകിയിട്ടുണ്ടെന്ന‌് ജലഗതാഗതവകുപ്പ‌് ഡയറക‌്ടർ ഷാജി വി നായർ പറഞ്ഞു. 
ബോട്ട‌് ഓടിക്കുന്ന റൂട്ടിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്ന‌് വ്യക്തമായി മനസിലാക്കാൻ ഹൈഡ്രോഗ്രാഫിക‌് സർവേ നടത്തണമെന്ന‌് തുറമുഖ ഒാഫീസിനോടും ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
Top