17 November Saturday
പരിസ്ഥിതി ഫോട്ടോഗ്രഫി മത്സരം

ആൽഫിന്റെ മൊബൈൽചിത്രത്തിന് സർക്കാരിന്റെ സമ്മാനം

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

ആല്‍ഫിന്‍ വി പോത്തന്‍

 മാവേലിക്കര

ആൽഫിൻ വി പോത്തന്റെ മൊബൈൽ ഫോട്ടോഗ്രഫിക്ക് സർക്കാർ സമ്മാനം. ഹരിതകേരള മിഷൻ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിലാണ് മറ്റം സെന്റ്‌ ജോൺസ് എച്ച്എസ്എസിലെ പ്ലസ‌്‌വൺ വിദ്യാർഥി ആൽഫിൻ വി പോത്തന് മിഷന്റെ പ്രോത്സാഹനസമ്മാനം ലഭിച്ചത്. യുഎന്നിന്റെ 'ബീറ്റ് ദ പ്ലാസ‌്റ്റിക്' എന്ന ഈ വർഷത്തെ പരിസ്ഥിതിസന്ദേശത്തെ ആസ‌്പദമാക്കിയുള്ള ചിത്രം തന്റെ മൊബൈലിലാണ് ആൽഫിൻ പകർത്തിയത്. നിരവധി പ്രൊഫണഷൽ ഫോട്ടോഗ്രാഫർമാർ പങ്കെടുത്ത മത്സരത്തിലാണ് മൊബൈൽ ക്യാമറയിൽ പകർത്തിയ ചിത്രം ആൽഫിൻ ഓൺലൈനിൽ അയച്ചുനൽകിയത്. പ്ലാസ‌്റ്റിക്കിൽ പൊതിഞ്ഞ വൃക്ഷത്തൈകൾ ലോറിയിൽ നിറച്ച‌് കൊണ്ടുപോകുന്ന ചിത്രമായിരുന്നു ആൽഫിന്റേത്. ജീവന്റെ ചെറുനാമ്പുകളെപ്പോലും പൊതിഞ്ഞുനിൽക്കുന്ന പ്ലാസ‌്റ്റിക്കിന്റെ അപകടകരമായ സ്വാധീനമാണ് താൻ ഉദ്ദേശിച്ചതെന്ന് ആൽഫിൻ പറഞ്ഞു. ആലപ്പുഴ ജില്ലയിൽനിന്ന‌് തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രത്തിന്റെ അടിക്കുറിപ്പും യുഎന്നിന്റെ പരിസ്ഥിതിദിന സന്ദേശമായിരുന്നു. സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ത്രഡ്പാറ്റേൺ ഇനത്തിൽ എ ഗ്രേഡ്, സംസ്ഥാനാടിസ്ഥാനത്തിൽ നടത്തപ്പെട്ട ഫോട്ടോഗ്രഫി മത്സരങ്ങളിൽ ഒന്നാംസ്ഥാനം, ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ജില്ലാതലത്തിൽ നാലാംസ്ഥാനം തുടങ്ങി നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ഈ മിടുക്കൻ, കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. സ്‌കൂളിലെ എൻഎസ്എസിന്റെ  ഗ്രൂപ്പ് ലീഡറായ ആൽഫിൻ  പ്രളയ ദുരിതാശ്വാസക്യാമ്പുകളിൽ മെഡിക്കൽക്യാമ്പുകൾ സംഘടിപ്പിക്കാനും മുന്നിലുണ്ടായിരുന്നു. മറ്റം സെന്റ് ജോൺസ് സ്‌കൂൾ അധ്യാപകൻ തെക്ക് പുത്തൻപറമ്പിൽ വർഗീസ് പോത്തന്റെയും കണ്ണമംഗലം ഗവ. യുപിജിഎസ് അധ്യാപിക പ്രിയാനീസിന്റെയും മകനാണ്.
 
പ്രധാന വാർത്തകൾ
Top