21 September Friday

കുട്ടനാട്ടിൽ 100 കോടിയുടെ പുനർനിർമാണവുമായി ചങ്ങനാശേരി അതിരൂപത

സ്വന്തം ലേഖകൻUpdated: Thursday Sep 6, 2018

 

 
ചങ്ങനാശേരി
പ്രളയത്തിൽ സർവതും നഷ്ടമായ  കുട്ടനാൻ ജനതയെ സഹായിക്കാൻ സംസ്ഥാന സർക്കാരുമായി ചേർന്ന് നൂറു കോടിയുടെ കുട്ടനാട് പുനർനിർമാണ പദ്ധതി നടപ്പാക്കുമെന്ന് ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നു വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കും. പ്രളയം ഏറ്റവുമധികം ബാധിച്ചത് കുട്ടനാട്ടിലെ ജനങ്ങളെയാണ്. ഇക്കാരണത്താലാണ് ജാതിമത ഭേദമെന്യേ കുട്ടനാട്ടിലെ ജനങ്ങളെ സഹായിക്കാൻ പൂർണമനസ്സോടെ സർക്കാരിനൊപ്പം ചേരുന്നത്. ഇതിനായി വിവിധ കർമപദ്ധതികൾക്ക് രൂപം നൽകിയതായും അദ്ദേഹം പറഞ്ഞു. 
പ്രളയത്തിൽ  തകർന്ന 1000 വീടുകൾ സംസ്ഥാന സർക്കാരിനൊപ്പം ചേർന്ന് പുനർനിർമിക്കും.  1000 മഴവെള്ള സംഭരണികൾ നിർമിക്കും. പരമാവധി വീടുകളിൽ ചെറുതും വലുതുമായ ജലശുചീകരണ പദ്ധതി നടപ്പാക്കും. വീടുകളിൽ വെള്ളം ശുചീകരിക്കുന്നതിനുള്ള ചെറു പ്ലാന്റുകൾ സ്ഥാപിക്കും. മണിക്കൂറിൽ 3000  ലിറ്റർ വെളളം വരെ ശുദ്ധീകരിക്കാവുന്ന 100 ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കും.
 പ്രളയത്തിൽ മലിനമായ കുട്ടനാട്ടിൽ വ്യാപകമായി ജലം ശുചീകരിക്കും. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ കഴിയുന്ന 1000 പുതിയ മാതൃകാ ടോയ്ലറ്റുകൾ നിർമിക്കും.  ഇത് 1000 വീടുകൾക്ക് പുറമേയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. നിർദേശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ഇതിനായി അതിരൂപതാ പ്രതിനിധികൾ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പദ്ധതി സമർപ്പിച്ച‌് നിർദേശങ്ങൾ കൈമാറും.
പ്രളയത്തെ തുടർന്ന് മറ്റു സന്നദ്ധ സംഘടനകളോടൊപ്പം അതിരൂപത രക്ഷാപ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് പദ്ധതി. ഇതിനായുള്ള പണം വിവിധ ഇടവകകൾ, വൈദികർ, കന്യാസ്ത്രീകൾ, ഇടവകാംഗങ്ങൾ, മറ്റു സന്നദ്ധ സംഘടനകൾ, അതിരൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവയിൽ നിന്നും സ്വരൂപിക്കും. മറ്റു സംഘടനകളുടെയും സഹായവും സ്വീകരിക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക ഓഫീസ് ആരംഭിക്കും. അതിരൂപതാ വികാരി ജനറാൾ ഫാ. മോൺ ജോസഫ് മുണ്ടകത്തിൽ, അതിരൂപതാ പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തയ്യിൽ, ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ, അതിരൂപത പിആർഒ ഫാ. ആന്റണി തലച്ചെല്ലുർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top