17 November Saturday
പ്രളയ ദുരന്തം

എലി നശീകരണം പ്രധാനം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

കെണിയിൽ അകപ്പെട്ട എലി

 

സ്വന്തം ലേഖകൻ
ചേർത്തല
എലിപ്പനി തടയാൻ പ്രതിരോധ നടപടികളുടെ ഭാഗമായ എലിനശീകരണവും സുപ്രധാനം. ജനകീയ ഇടപെടലിലൂടെ അതും സാധ്യമെന്ന‌് അനുഭവസ്ഥരായ വിദഗ‌്ധർ സാക്ഷ്യപ്പെടുത്തുന്നു. കാർഷികത്തകർച്ചയുടെ പശ്ചാത്തലത്തിൽ എലികൾ ഏറ്റവും അപകടകാരികളാകുമെന്നും അവയെ നശിപ്പിക്കാൻ ഒട്ടേറെ മാർഗങ്ങളുണ്ടെന്ന‌് റിട്ട. കൃഷി ഓഫീസറും സംസ്ഥാന സർക്കാരിന്റെ കർഷകമിത്ര അവാർഡ‌് ജേതാവുമായ ടി എസ‌് വിശ്വൻ പറഞ്ഞു. നിപായെ തോൽപ്പിക്കാനും പ്രളയദുരന്തം അതിജീവിക്കാനും പുലർത്തിയ ജാഗ്രത എലികളെ വകവരുത്താനും കൂടിയേതീരുവെന്ന‌് അദ്ദേഹം പറഞ്ഞു. 
പ്രളയം കാർഷികമേഖലയിൽ സൃഷ്ടിച്ച തകർച്ച മനുഷ്യരെ മാത്രമല്ല എലികളെയും പട്ടിണിയിലേക്ക‌് നയിക്കും. മണ്ണിര, ചിതൽ തുടങ്ങിയ ഇരകൾതേടി എലികൾ വീടുകളുടെയും കെട്ടിടങ്ങളുടെയും അടിതുരന്ന‌് നാശമുണ്ടാക്കാം. അതുവഴി കഷ്ടപ്പെട്ട‌് സംഭരിക്കുന്ന ഭക്ഷ്യവസ‌്തുക്കൾ നഷ്ടപ്പെടും. എലി മൂത്രം, വിസർജ്യം, ഉമിനീർ, രോമം എന്നിവയിലൂടെ മാരകരോഗങ്ങൾ പടരാനും സാധ്യതയേറെ. ഈസാഹചര്യത്തിൽ എലിനശീകരണം സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുക്കാനാകണം.
 ബോധവൽക്കരണത്തിന്റെ അഭാവമല്ല, അലസമായ മനോഭാവവും അശ്രദ്ധയുമാണ് എലികളെ പെരുപ്പിക്കുന്നത്. സർക്കാർ ഉത്തരവുകളുടെ വരവും ഖജനാവിലെ പണവും കാത്തിരിക്കാതെ മനസുവച്ചാൽ എലികളെ നിയന്ത്രിക്കാം. വിഷവസ‌്തുക്കളും വിവിധതരം ‌എലിക്കെണികൾ ഉപയോഗിക്കലുമാണ‌്  പ്രധാന മാർഗങ്ങൾ. പരമ്പരാഗതവും പ്രായോഗികവുമായ  മാർഗങ്ങൾ വേറെയുമുണ്ട‌്.  300 രുപയോടടുത്ത‌് വിലയുള്ള കെണി വാങ്ങിയാൽ കൈമാറി ഉപയോഗിക്കാം. അതുവഴി കുറഞ്ഞത‌് 100 എലികളെയെങ്കിലും കൊല്ലാം. മരച്ചീനി പോലുള്ള വില കുറഞ്ഞതും എലികളെ എളുപ്പത്തിൽ ആകർഷിക്കുന്നതുമായ ചെറുകഷണം ഇരയായി വച്ചാൽമതി. കെണിനിർമാണ കമ്പനികളുമായി ബന്ധപ്പെ ട്ടാൽ സന്നദ്ധസംഘടനകൾക്ക് കുറഞ്ഞ വിലയ‌്ക്ക‌് വാങ്ങി ആവശ്യക്കാർക്ക‌് നൽകാനാകും. കൈമാറ്റവും ഫലപ്രദമായ ഉപയോഗവും സാധ്യമാക്കണമെന്ന‌് മാത്രം. 
 കെണികളിൽപ്പെടുന്ന എലികളെ നശിപ്പിക്കുന്നതും എളുപ്പമാണ്. തെങ്ങ്, മാവ‌്, പ്ലാവ‌്, ജാതി തുടങ്ങിയ വിളകളുടെ ചുവട്ടിൽ ചെറുകുഴികളെടുത്ത‌് അതിലിട്ടുമൂടാം. കഞ്ഞിക്കുഴി പഞ്ചായത്തിൽ ഉൾപ്പെടെ പതിറ്റാണ്ടുകൾക്ക‌് മുമ്പ‌് ജനകീയ പദ്ധതി എലിനശീകരണത്തിൽ വിജയംകണ്ടതാണെന്നും ടി എസ‌് വിശ്വൻ സാക്ഷ്യപ്പെടുത്തുന്നു.
പ്രധാന വാർത്തകൾ
Top