22 September Saturday

മന്ത്രി ഇടപെട്ടു; ഷൈനി വിത്സണ്‍ റോഡിനു ശാപമോക്ഷം

വെബ് ഡെസ്‌ക്‌Updated: Saturday Nov 4, 2017

ചെങ്ങന്നൂര്‍ > മന്ത്രി ജി സുധാകരന്‍ ഇടപെട്ടതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന ഷൈനി വിത്സണ്‍ റോഡിന് ശാപമോക്ഷം. നഗരഹൃദയത്തില്‍നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് 145 മീറ്ററിലേറെ നീളം വരുന്ന ഈ നഗരസഭ റോഡ് കാലങ്ങളായി തകര്‍ന്നു കിടക്കുകയായിരുന്നു. നഗരത്തില്‍ എംസി റോഡിനെയും എംകെ റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും നഗരത്തിലേക്ക് എളുപ്പം എത്താന്‍ കഴിയുന്ന ഏകവഴി എന്ന നിലയില്‍ ആയിരങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.

കൂടാതെ മണ്ഡല മകരവിളക്കു കാലയളവില്‍ ലക്ഷക്കണക്കിന് അയ്യപ്പന്‍മാരാണ് ഈവഴി ഉപയോഗിച്ചിരുന്നത്. നഗരത്തിലെ പ്രധാന ഓട ഈ റോഡിന്റെ സൈഡിലൂടെ കടന്നുപോകുന്നതിനാല്‍ കവറിങ് സ്ളാബുകള്‍ ഇല്ലാതിരുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. പലതവണ അറ്റകുറ്റപ്പണികള്‍ നടത്തി നഗരസഭയുടേത് ഉള്‍പ്പെടെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ചിട്ടും താറുമാറായി കിടന്നിരുന്ന ഈ റോഡിന്റെ പുനരുദ്ധാരണം അവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി അടക്കമുള്ള സംഘടനകളും നഗരസഭയിലും മറ്റ് അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു. 

കെ കെ രാമചന്ദ്രന്‍നായര്‍ എംഎല്‍എ ഈ ദുരവസ്ഥ മരാമത്ത്മന്ത്രി ജി സുധാകരന്റെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 12 ലക്ഷം രൂപ അനുവദിച്ചത്. മരാമത്ത് വകുപ്പ് ജോലി ഏറ്റെടുത്ത്, റോഡ് ഉയര്‍ത്തി ടൈല്‍ പാകി ചെങ്ങന്നൂരിലെ ഏറ്റവും ഭംഗിയുള്ള റോഡാക്കി മാറ്റി. മണ്ഡല മകരവിളക്കു കാലം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പണി പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞു.  എംകെ റോഡ് ഭാഗത്ത് നടന്ന ചടങ്ങില്‍ കെ കെ രാമചന്ദ്രന്‍നായര്‍ എംഎല്‍എ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. വാര്‍ഡ് കൌണ്‍സിലര്‍ രാജന്‍ കണ്ണാട്ട് അധ്യക്ഷനായി.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top