Top
23
Tuesday, January 2018
About UsE-Paper

ജലജാസുരന്‍ വധം പ്രതിയുമായി തെളിവെടുത്തു

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌

കാര്‍ത്തികപ്പള്ളി > മുട്ടം ജലജാസുരന്‍ വധക്കേസ് പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം ജില്ലാ ജയിലില്‍ നിന്നും ഹരിപ്പാട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ജി പ്രവീണ്‍ കുമാറിന് മുന്നില്‍ ഹാജരാക്കിയ പ്രതി മുട്ടം പീടികപ്പറമ്പില്‍ സജിത്തിനെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് വൈകിട്ട് 5.30 ഓടെയാണ് കൊലനടന്ന മുട്ടം ഭാരതിയില്‍ എത്തിച്ചത്. 

രാവിലെ മുതല്‍ വന്‍ജനാവലി ഇവിടെ കാത്തുനിന്നു.  കൃത്യം ചെയ്തരീതി ഓരോ സ്ഥലവും കാണിച്ച് പ്രതി വിവരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലയ്ക്കുശേഷം രക്ഷപെട്ട ബൈക്ക് കണ്ടെത്താന്‍ മുട്ടത്തെ വീട്ടില്‍ കൊണ്ടുപോയും തെളിവെടുത്തു. ആറു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ജനുവരി ആറുവരെയാണ് അനുവദിച്ചത്. നേരത്തേ സാക്ഷികളെ മാവേലിക്കര സബ് ജയിലിലെത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയിരുന്നു.

വീട്ടില്‍ നിന്നും മോഷണം പോയ ആഭരണങ്ങള്‍, മൊബൈല്‍ഫോണ്‍, പണം, തലയ്ക്കടിച്ച് കൊല്ലാന്‍ ഉപയോഗിച്ച നിലവിളക്ക് എന്നിവ സംബന്ധിച്ച് വരും ദിവസങ്ങളില്‍ തെളിവെടുക്കും.  നിലവിളക്കും സംഭവ സമയത്ത് ധരിച്ച രക്തംപുരണ്ട ഷര്‍ട്ടും, മൊബൈല്‍ഫോണും തൃക്കുന്നപ്പുഴ കടലില്‍ ഉപേക്ഷിച്ചെന്നാണ് സജിത്തിന്റെ മൊഴി. ക്രൈംബ്രാഞ്ച് ഐ ജി കെ ശ്രീജിത്ത്, എസ്പി കെ എസ് സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.