19 November Monday

അഭിമന്യുവിന്റെ കൊലപാതകം പ്രതിഷേധജ്വാലയായി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018



ആലപ്പുഴ
എറണാകുളം മഹാരാജാസ‌് കോളേജ‌് വിദ്യാർഥിയും എസ‌്എഫ‌്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യുവിനെ പോപ്പുലർഫ്രണ്ട‌്‐ക്യാംപസ‌്ഫ്രണ്ട‌് ക്രിമിനലുകൾ അരുംകൊല ചെയ‌്തതിൽ ജില്ലയിൽ വൻപ്രതിഷേധം.

കൊലപാതകത്തിൽ പ്രതിഷേധിച്ച‌് എസ‌്എഫ‌്ഐ ആഹ്വാനംചെയ‌്ത പഠിപ്പുമുടക്കിനെ വിദ്യാർഥി സമൂഹം ശക്തമായി പിന്തുണച്ചു.  ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം പഠിപ്പുമുടക്ക‌് പൂർണമായി. സ‌്കൂൾ, കോളേജ‌്,  പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം പ്രവർത്തിച്ചില്ല.  സ‌്കൂൾക്കുട്ടികളും നൂറുകണക്കിനു വിദ്യാർഥിനികളും പ്രതിഷേധത്തിൽ അണിനിരന്നു. വിദ്യാർഥിപ്രതിഷേധം കണക്കിലെടുത്ത‌് അൺ എയ‌്ഡഡ‌് സ‌്കൂളുകൾക്ക‌്  പലയിടത്തും അവധി നൽകി. ചില സ്ഥാപനങ്ങൾ ഉച്ചവരെമാത്രമാണ‌്പ്രവർത്തിച്ചത‌്.

   ആലപ്പുഴ നഗരത്തിലും ചേർത്തല, അരൂർ, അമ്പലപ്പുഴ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട‌് എന്നീ കേന്ദ്രങ്ങളിലും വിദ്യാർഥികൾ പ്രതിഷേധപ്രകടനം നടത്തി.  ചാരുംമൂട്ടിൽ പോപ്പുലർഫ്രണ്ട‌് ക്രിമിനലുകൾ എസ‌്എഫ‌്ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ നിരവധി വിദ്യാർഥികൾക്ക‌് പരിക്കേറ്റു. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

  സ‌്കൂൾക്കുട്ടികൾക്കും മർ‌ദനമേറ്റു. എസ്എഫ്ഐ  ജില്ലാ കമ്മിറ്റി അംഗം  നൗജസ് (23), കുടശനാട് കഞ്ചുകോട് ഗവ. എച്ച്എസ്എസ് യൂണിറ്റ് എക‌്സിക്യൂട്ടീവ് അംഗം അജയ് (17) എന്നിവരാണ‌് മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയിലുള്ളത‌്.  നൗജസിനേയും എസ്എഫ്ഐ പാലമേൽ തെക്ക് മേഖലാ സെക്രട്ടറി സുജിത്തിനേയും  ചാരുംമൂട് ജങ‌്ഷനിൽ  എസ്ഡിപിഐക്കാർ ആദ്യം  മർദിച്ചു.  വിവരമറിഞ്ഞ‌്  എസ‌്എഫ‌്ഐ പ്രവർത്തകർ ജങ‌്ഷനിൽ എത്തിയതോടെ എസ്ഡിപിഐക്കാർ  മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.  ഇതിനിടയിലാണ‌് അജയ‌്‌യുടെ കാലിൽ വെട്ടിയത‌്.

   ആലപ്പുഴ നഗരത്തിൽ സക്കറിയ ബസാറിലെ ലജനത്ത‌് സ‌്കൂളിനു മുന്നിൽ നിന്നാണ‌് പ്രതിഷേധപ്രകടനം ആരംഭിച്ചത‌്. ഇവിടെ പഠിപ്പുമുടക്കിയശേഷം വൻപ്രകടനമായി മുഹമ്മദൻസ‌് സ‌്കൂളിലേക്ക‌് നീങ്ങി. ലിയോ തേർട്ടീന്ത‌്, സെന്റ‌്ജോസഫ‌് സ‌്കൂൾ, കോളേജ‌്, എസ‌്ഡിവി ഹയർസെക്കൻഡറി സ‌്കൂൾ, കാർമൽ ഹയർസെക്കൻഡറി സ‌്കൂൾ, എസ‌്ഡിവി കോളേജ‌്, എസ‌്ഡി കോളേജ‌്,  ടിഡി സ‌്കൂൾ, തിരുവമ്പാടി സ‌്കൂൾ എന്നിവിടങ്ങളിലേക്കും പ്രകടനം നടന്നു. എവിജെ ജങ‌്ഷനിൽ ചേർന്ന പ്രതിഷേധയോഗത്തിൽ എസ‌്എഫ‌്ഐ സംസ്ഥാന ജോയിന്റ‌് സെക്രട്ടറി എസ‌് ആഷിത, സംസ്ഥാനകമ്മിറ്റിയംഗം മുഹമ്മദ‌് യാസിൻ, ജില്ലാ വൈസ‌്പ്രസിഡന്റ‌് ഗോപിക വിജയപ്രസാദ‌്, ഏരിയ പ്രസിഡന്റ‌് കെ കമൽ  എന്നിവർ സംസാരിച്ചു.
 

പ്രധാന വാർത്തകൾ
Top