22 November Thursday
സ്വന്തം ലേഖകൻ

ചെങ്ങന്നൂരിന്റെ ഉയിർപ്പിന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

നെയ്യാറ്റിൻകര നഗരസഭാ കൗൺസിലർമാരും ജീവനക്കാരും ചെങ്ങന്നൂർ പുത്തൻകാവിൽ ശുചീകരണ പ്രവർത്തനത്തിൽ

 

 
 
ചെങ്ങന്നൂർ
വെള്ളപ്പൊക്കത്തെത്തുടർന്ന് ഉണ്ടായ മാലിന്യങ്ങൾ നീക്കംചെയ്യുന്നതിന്  ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ മൂന്നു ദിവസത്തെ ശുചീകരണത്തിന‌് വൻ പങ്കാളിത്തം. നാടിതുവരെ കാണാത്ത ശുചീകരണമാണ് ചെങ്ങന്നൂർ ജനത ഏറ്റെടുത്തത്.
 ദുരിതാശ്വാസ ക്യാമ്പുകൾവിട്ട് പുനരധിവാസം ആരംഭിക്കുമ്പോൾ പകർച്ചവ്യാധികൾ തടയുന്നതിനായി വീടും പരിസരവും ശുചീകരിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകിയത്. തുടർന്നുള്ള ദിവസങ്ങളിലും  വാർഡ് അടിസ്ഥാനത്തിൽ ശുചീകരണം തുടരും. 
 ജനപ്രതിനിധികൾ, കുടുംബശ്രീ, തൊഴിലുറപ്പ‌് പ്രവർത്തകർ, രാഷ‌്ട്രീയ﹣സാമൂഹ്യ﹣സന്നദ്ധ പ്രവർത്തകർ, ആശാപ്രവർത്തകർ,ഹരിതകർമസേനാ  പ്രവർത്തകർ തുടങ്ങിയവരുടെ നേത‌ൃത്വത്തിലായിരുന്നു ശുചീകരണം. 
 നിലവിൽ പ്ലാസ‌്റ്റിക് മാലിന്യങ്ങളും ഇ﹣മാലിന്യങ്ങളും പ്രത്യേകമായാണ് ശേഖരിക്കുന്നത്. നനഞ്ഞ മെത്ത, പായ എന്നിവ തദേശസ്ഥാപനങ്ങൾ പ്രത്യേകം വാഹനങ്ങളിൽ ശേഖരിക്കുന്നുണ്ട‌്.  സെപ്തംബർ അഞ്ചിന് മണ്ഡലം അടിസ്ഥാനത്തിൽ ഇവ ഒന്നിച്ചുശേഖരിക്കും. സ‌്കൂൾമുറികളും പരിസരവും ശുചിമുറികളും ശുചീകരിക്കുന്നുണ്ട‌്. ആദ്യദിനമായ ശനിയാഴ‌്ച നഗരസഭയിൽ നടന്ന ശുചീകരണപ്രവർത്തനങ്ങൾക്ക് സജി ചെറിയാൻ എംഎൽഎ നേത‌ൃത്വം നൽകി. 
 പുത്തൻകാവ്, മംഗലം ഭാഗങ്ങളിൽ നെയ്യാറ്റിൻകര നഗരസഭയിൽനിന്നുള്ള ജനപ്രതിനിധികളുടെ നേത‌ൃത്വത്തിൽ 90 അംഗ സംഘം കിണറുകളും വീടുകളും  ശുദ്ധീകരിച്ചു. വെൺമണി പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഇടത്തിട്ട കോളനി, ആയുർവേദ ആശുപത്രി പരിസരം തുടങ്ങിയ സ്ഥലങ്ങൾ കോട്ടയം ജില്ലയിൽനിന്നുള്ള കുടുംബ ശ്രീ പ്രവർത്തകർ ശുചീകരിച്ചു.  ചെറിയനാട് പഞ്ചായത്തിലെ 2, 3, 15 വാർഡുകളിലെ വിവിധ സ്ഥലങ്ങൾ കാസർകോട്‌ ജില്ലയിലെ സന്നദ്ധ സംഘടനാ പ്രവർത്തകർ, കൊഴുവല്ലൂർ  സെന്റ് തോമസ് എൻജിനിയറിങ‌് കോളേജ്, ചെറിയനാട് എസ്എൽ ഹയർ സെക്കൻഡറി സ‌്കൂൾ എന്നിവയിലെ വിദ്യാർഥികൾ എന്നിവർ ചേർന്ന് ശുചീകരിച്ചു.
  പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാധമ്മ, ദീപ സ‌്റ്റെനറ്റ്, സ്വർണമ്മ എന്നിവർ പങ്കെടുത്തു. മുളക്കുഴ പഞ്ചായത്തിലെ രണ്ടാം വാർഡിലെ കോടംതുരുത്ത് പ്രദേശത്ത് വെള്ളപ്പൊക്കക്കെടുതി നേരിട്ട 42 വീടുകൾ പഞ്ചായത്തിന്റെ നേത‌ൃത്വത്തിൽ ശുചീകരിച്ചു.
പ്രധാന വാർത്തകൾ
Top