15 November Thursday

നിര്‍ധന കുടുംബത്തിന് വീടും സ്ഥലവും നല്‍കി 50-ാം വിവാഹവാര്‍ഷികാഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018


കായംകുളം > 50-ാം വിവാഹവാര്‍ഷികാഘോഷം ഉപേക്ഷിച്ച് സിപിഐ എം നേതാവ് നിരാലംബകുടുംബത്തിന് സ്ഥലവും വീടും നല്‍കി മാതൃകയായി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല പ്രവര്‍ത്തകനും സിപിഐ എം നേതാവുമായ കൃഷ്ണപുരം ഞക്കനാല്‍ കൊച്ചുകളീയ്ക്കല്‍ (നവനീതം) വീട്ടില്‍ നാരായണപിള്ള (84)- ലീല ദമ്പതികളാണ് നാടിനഭിമാനമായത്. സിപിഐ എം കൃഷ്ണപുരം ലോക്കല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച നാരായണപിള്ള കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, 21 വര്‍ഷക്കാലം പഞ്ചായത്തംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജനുവരി 24നാണ് ഇരുവരുടെയും 50-ാമത് വിവാഹവാര്‍ഷികം. വിവാഹവാര്‍ഷികം ആഘോഷപൂര്‍വം നടത്തണമെന്ന വാശിയിലായിരുന്നു മക്കള്‍. എന്നാല്‍ തികഞ്ഞ കമ്യൂണിസ്റ്റായ നാരായണപിള്ള മക്കളുടെ ആഗ്രഹത്തോട് താല്‍പര്യം കാട്ടിയില്ല. പകരം അച്ഛന്റെ ആഗ്രഹം മക്കളോട് തുറന്നുപറഞ്ഞു. ആഘോഷങ്ങള്‍ക്ക് ചെലവഴിക്കുന്ന പണം അടക്കം വിനിയോഗിച്ച് ഒരു സാധുകുടുംബത്തിന് കൈത്താങ്ങാകണമെന്ന അച്ഛന്റെ ആഗ്രഹത്തെ സന്തോഷത്തോടെയാണ്  മക്കള്‍ സമ്മതിച്ചത്. പട്ടിണിയുടെയും പരിവട്ടത്തിന്റെയും നടുവില്‍പ്പെട്ട് ലോകത്തോട് വിടപറഞ്ഞ ബ്രഹ്മദാസിന്റെ (ശങ്കരന്‍) കുടുംബത്തിന് ആശ്രയമാകണമെന്ന നാരായണപിള്ളയുടെ നിര്‍ദേശവും മക്കള്‍ ശിരസാവഹിച്ചു.

നിര്‍ധന കുടുംബമായ ബ്രഹ്മദാസിന്റെ ഭാര്യ പുഷ്പവല്ലിയും രണ്ട് പെണ്‍മക്കളും വാടകവീട്ടിലാണ് താമസിക്കുന്നത്. മറ്റ് ആശ്രയമില്ലാതെ അന്യവീടുകളിലും മറ്റും കൂലിവേലചെയ്താണ് പ്ളസ്വണ്ണിനും എട്ടാംക്ളാസിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളെയും കുടുംബവും പോറ്റുന്നത്. വാടകകൊടുക്കാന്‍പോലും പല അവസരങ്ങളിലും കഴിയാതെ നട്ടംതിരിഞ്ഞ പുഷ്പവല്ലിയുടെയും കുടുംബത്തിന്റെയും ജീവിതത്തിന് കൂടുതല്‍ തിളക്കവും പ്രതീക്ഷയുമാണ് ഈ കമ്യൂുണിസ്റ്റ് നേതാവ് നല്‍കിയിരിക്കുന്നത്.
നാരായണപിള്ളയുടെ വീട്ടിലെ കൃഷിപണിക്കാരന്‍കൂടിയായിരുന്നു ബ്രഹ്മദാസ്. നാരായണപിള്ളയുടെ ആഗ്രഹപ്രകാരം വിദേശത്ത് ജോലിചെയ്യുന്ന മകന്‍ രാജേഷ് ഒരുവീടും മൂന്നുസെന്റ് സ്ഥലവും ആറുലക്ഷം രൂപയ്ക്ക് വാങ്ങി. ആധാരമെഴുത്തും മറ്റുചെലവുകളും ഉള്‍പ്പെടെ ഏഴുലക്ഷം രൂപയായി. രണ്ട് മുറികളും അടുക്കളയും വരാന്തയും അടങ്ങുന്ന വീടാണ് വാങ്ങിയത്. വീട് ദാനാധാരമായി പുഷ്പവല്ലിയുടെ പേരില്‍ എഴുതിവാങ്ങി.

ജനുവരി 24നാണ് വിവാഹവാര്‍ഷികമെങ്കിലും പുതുവത്സര സമ്മാനമായി ആധാരം പുഷ്പവല്ലിക്ക് കൈമാറണമെന്ന വാശിയിലായിരുന്നു നാരായണപിള്ള. ഈ ആഗ്രഹവും സഫലമായി. പുതുവത്സരദിനം പുഷ്പവല്ലിയുടെ ജീവിതത്തിന് പുതുപ്രതീക്ഷയുമായി. നാരായണപിള്ളയും ഭാര്യ ലീലയും ചേര്‍ന്നായിരുന്നു പുഷ്പവല്ലിക്ക് ആധാരം കൈമാറിയത്. സിപിഐ എം പുള്ളിക്കണക്ക് ലോക്കല്‍ സെക്രട്ടറി അജയന്‍ അമ്മാസ്, ഓച്ചിറ ലോക്കല്‍ സെക്രട്ടറി സുഭാഷ് അടക്കമുള്ളവരും ആധാരം കൈമാറല്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top