18 October Thursday

പൊലീസിന് 'ഹാപ്പി ന്യൂ ഇയര്‍'

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018

ആലപ്പുഴ > പൊലീസ് നിതാന്ത ജാഗ്രത പുലര്‍ത്തിയതുമൂലം ആലപ്പുഴക്കാര്‍ക്ക് സമാധാനപൂര്‍ണമായ പുതുവത്സരം. ആഘോഷങ്ങളുടെ പ്രൌഢി ചോരാതെ, ആരേയും അലസോരപ്പെടുത്താതെ ശക്തമായ പൊലീസ് നിരീക്ഷണത്തിലാണ് പുതുവത്സര രാത്രി കടന്നുപോയത്.  ജില്ലാ പൊലീസ് മേധാവി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ സുശക്തമായ സംവിധാനങ്ങള്‍, വിദേശികളും, സ്വദേശികളുമായിട്ടുള്ള സഞ്ചാരികള്‍ക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മികവുറ്റ സുരക്ഷ ഒരുക്കാന്‍ സഹായകമായി.

കായലോര ടൂറിസത്തിന്റെ സുരക്ഷയ്ക്കായി പെട്രോളിങ് ഡ്യൂട്ടിക്ക് 12 ബോട്ടുകളും, ജില്ലയൊട്ടാകെയുള്ള പട്രോളിങ് ഡ്യൂട്ടിക്ക് 92 വാഹനങ്ങളുമാണ് വിനിയോഗിച്ചത്. 942 പൊലീസുദ്യോഗസ്ഥരെ പുതവത്സരാഘോഷങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി നിയോഗിച്ചിരുന്നു. 148 മുന്‍കാല കുറ്റവാളികളെ മുന്‍കൂര്‍ അറസ്റ്റുചെയ്തു. മദ്യപിച്ച് വാഹനമോടിച്ച 314 പേര്‍ക്കെതിരെയും, പൊതു സ്ഥലത്ത് മദ്യപിച്ച് 80 പേര്‍ക്കെതിരേയും, അമിത വേഗത്തില്‍ വാഹനമോടിച്ച 92 പേര്‍ക്കെതിരേയും, പൊതുസ്ഥലത്ത് ചൂത് കളിച്ച 28 പേര്‍ക്കെതിരേയും, ലഹരി വസ്തുക്കള്‍ കൈവശം വെച്ചതിന് 34 പേര്‍ക്കെതിരേയും, വിവിധ വകുപ്പുകള്‍ പ്രകാരം നിയമ നടപടികള്‍ സ്വീകരിച്ചു. 327500 രൂപ പിഴയീടാക്കി. അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയുടെ ലഭ്യത ശക്തമായി തടഞ്ഞും കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിച്ചുമാണ് പുതുവത്സര ആഘോഷം സമാധാനപൂര്‍ണമാക്കിയത്.

ജനമൈത്രി പൊലീസ് ബീറ്റ് സംവിധാനവും, ഷാഡോ പൊലീസ്, പിങ്ക് പൊലീസ്, ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവരുടെ പ്രവര്‍ത്തനം ഫലപ്രദമായി വിനിയോഗിച്ചു. രഹസ്യാന്വേഷണ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചും രാപ്പകല്‍ പട്രോളിങ് ശക്തമാക്കിയും ജാഗ്രതകാട്ടി. അതേസമയം കുറെ നിര്‍ഭാഗ്യകരമായ സംഭവങ്ങളുമുണ്ടായി. ഞായറാഴ്ച രാത്രി 11നും രണ്ടിനും ഇടയില്‍ ജനറല്‍ ആശുപത്രിയില്‍മാത്രം വാഹനാപകടത്തില്‍ പരിക്കേറ്റ് എത്തിയത് അമ്പതോളംപേര്‍. ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞും പോസ്റ്റിലിടിച്ചുമായിരുന്നു അപകടങ്ങള്‍ ഏറെയും. ഗുരുതരപരിക്കുകള്‍ ഇല്ലാതിരുന്നതിനാല്‍ പ്രഥമശുശ്രൂഷ നല്‍കി പരിക്കേറ്റവരെ വിട്ടു.

പുതുവത്സരാഘോഷം നടന്ന മുന്തിയ ഹോട്ടലുകളില്‍ ഒന്നില്‍ ബിയറുകുപ്പിക്ക് തലയ്ക്ക് അടിയേറ്റ് ഒരാള്‍ക്ക് പരിക്കുപറ്റി. പുന്നമടയിലെ റിസോര്‍ട്ട്, വാടയ്ക്കല്‍ പ്രദേശം, കൊമ്മാടി തുടങ്ങിയ സ്ഥലങ്ങളിലും അക്രമങ്ങള്‍ നടന്നു. പൊലീസ് പട്രോളിങ് ശക്തമായിരുന്നതിനാല്‍ എല്ലായിടങ്ങളിലും കൃത്യമായി എത്താനും അക്രമങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കാനും പൊലീസിന് കഴിഞ്ഞു.

ബീച്ച് ഫെസ്റ്റ് ഇക്കുറി ഒഴിവാക്കിയിരുന്നെങ്കിലും പതിനായിരത്തിലേറെപ്പേര്‍ പുതുവര്‍ഷത്തില്‍ ബീച്ചിലെത്തി. പൊലീസ് ജാഗ്രത പാലിച്ചതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നുമുണ്ടായില്ല.

പ്രധാന വാർത്തകൾ
Top