16 July Monday

സംഘപരിവാര്‍ ഭീകരതയ്ക്കെതിരെ ഇടവക്കോട്ട് ജനകീയ പ്രതിഷേധം

സ്വന്തം ലേഖകന്‍Updated: Sunday Dec 31, 2017

 

തിരുവനന്തപുരം >  ആര്‍എസ്എസ്-ബിജെപി ഭീകരതയ്ക്കും അക്രമങ്ങള്‍ക്കുമെതിരെ താക്കീതായി ആയിരങ്ങളുടെ പ്രതിഷേധ സംഗമം. സിപിഐ എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍ എസ് സാജുവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഇടവക്കോട് ജങ്ഷനിലാണ് ആര്‍എസ്എസിനെതിരെ ബഹുജന പ്രതിഷേധം അലയടിച്ചത്. പ്രതിഷേധ റാലിയില്‍ ആയിരങ്ങള്‍ കൈകോര്‍ത്തു. കരിയം ജങ്ഷനില്‍നിന്ന് ഇടവക്കോട് ജങ്ഷനിലേക്ക് നടന്ന പ്രതിഷേധ റാലിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങള്‍ പങ്കാളികളായി. ഇടവക്കോട് ജങ്ഷനില്‍ നടന്ന പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍  ഉദ്ഘാടനംചെയ്തു. 
കഴിഞ്ഞ ബുധനാഴ്ച രാത്രി 9.30നാണ് ഇടവക്കോട് ജങ്ഷനില്‍  സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുകയായിരുന്ന എല്‍ എസ് സാജുവിനെ ബൈക്കുകളിലെത്തിയ ആര്‍എസ്എസ് ക്രിമിനല്‍ സംഘം വെട്ടിവീഴ്ത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാജു ഇനിയും അപകടനില തരണംചെയ്തിട്ടില്ല. 
സിപിഐ എം വഞ്ചിയൂര്‍ ഏരിയ സമ്മേളനം ഇത്തവണ ഇടവക്കോട്ടാണ് നടന്നത്. സമ്മേളനം ഇടവക്കോട്ട് നടത്താന്‍ അനുവദിക്കില്ലെന്ന ഭീഷണി ആര്‍എസ്എസ് ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ്് ആര്‍എസ്എസ് തീവച്ച് നശിപ്പിച്ചു. സംഘപരിവാര്‍ ഭീഷണിയെ ചെറുത്ത് വന്‍ ജനപിന്തുണയോടെ സമ്മേളനം നടത്താന്‍ സിപിഐ എമ്മിന് കഴിഞ്ഞു. സമ്മേളനത്തിന്റെ നടത്തിപ്പിന് ചുക്കാന്‍ പിടിച്ചത് നേരത്തെ ലോക്കല്‍ സെക്രട്ടറിയായിരുന്ന സാജുവായിരുന്നു. സാജുവിനുനേരെ നേരത്തെ രണ്ടുതവണ ആര്‍എസ്എസ് ആക്രമണം നടന്നിരുന്നു. രണ്ടുതവണ ഇടവക്കോട് ജങ്ഷനിലെ സാജുവിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. നിരന്തരം ഭീഷണി ഉയര്‍ത്തിയിട്ടും പൊതുപ്രവര്‍ത്തനവുമായി ശക്തമായി മുന്നോട്ടുപോകുന്നതിനിടെയാണ് സാജുവിന്റെ ജീവനെടുക്കാനുള്ള ശ്രമം. ആയുധമുപയോഗിച്ച് ജനങ്ങളെ ഭയപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കാനുള്ള ആര്‍എസ്എസ്-ബിജെപി ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കുമെന്ന ജനകീയ പ്രഖ്യാപനമായി ഇടവക്കോട്ട് നടന്ന പ്രതിഷേധയോഗം. 
സിപിഐ എം ഏരിയ കമ്മിറ്റി അംഗം വി എസ് പത്മകുമാര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടി, ഏരിയ സെക്രട്ടറി സി ലെനിന്‍, ജില്ലാ കമ്മിറ്റി അംഗം പട്ടം പി വാമദേവന്‍നായര്‍, ശ്രീകാര്യം അനില്‍, ഗിരീഷ്കുമാര്‍, സ്റ്റാന്‍ലി ഡിക്രൂസ് തുടങ്ങിയവര്‍ സംസാരിച്ചു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top