20 September Thursday

ശുചീകരണം ഏറ്റെടുത്ത‌് എൻജിഒ യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

എൻജിഒ യൂണിയൻ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്‌

ആലപ്പുഴ
പ്രളയത്തിൽ വെള്ളംകയറിയ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വീടുകൾ കേരള എൻജിഒ യൂണിയൻ പ്രവർത്തകർ ശുചീകരിച്ചു. 24 മുതൽ ആരംഭിച്ച ശുചീകരണ യജ്ഞത്തിൽ യൂണിയന്റെ 500 ഓളം വളണ്ടിയർമാർ പങ്കെടുത്തു. ചെങ്ങന്നൂർ പൂപ്പറത്തി കോളനിയിലെ വീടുകൾക്കകത്ത്  അടിഞ്ഞുകൂടിയ ചെളിയും മറ്റ് മാലിന്യവും കോരിമാറ്റി വീടുകൾ കഴുകിവൃത്തിയാക്കി വാസയോഗ്യമാക്കി. 
   മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പ് യൂണിയൻ ജില്ലാ സെക്രട്ടറി എ എ ബഷീർ ഉദ്ഘാടനംചെയ‌്തു. യൂണിയൻ സംസ്ഥാന സമ്മേളന തീരുമാന പ്രകാരം സാന്ത്വന പരിപാലന പരിപാടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റി ഏറ്റെടുത്ത കോളനിയാണ് പൂപ്പറത്തി കോളനി. രണ്ടുമാസം മുമ്പാണ് യൂണിയന്റെ ആഭിമുഖ്യത്തിൽ കോളനിയിലെ കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്. കുടിവെള്ള കിണറുകൾ ശുചീകരിച്ചു ഉപയോഗ യോഗ്യമാക്കുകയും കൂടുതൽ പൈപ്പുകൾ സ്ഥാപിക്കുന്നതിന് വേണ്ട ഇടപെടലുകളും സ്വീകരിച്ചിട്ടുണ്ട്. കോളനി പൂർവസ്ഥിതിയിലാക്കുന്നതിന് വേണ്ട എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. 
കുട്ടനാട് മേഖലയിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. നിരവധി ഭവനങ്ങൾക്ക് പുറമെ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ചമ്പക്കുളം ക‌ൃഷി ഭവൻ എന്നീ സ്ഥാപനങ്ങളും ശുചീകരിച്ചു.തുടർ ദിവസങ്ങളിലും ജില്ലയിലെ എല്ലാ പ്രളയ ബാധിത പ്രദേശങ്ങളിലും ഇത്തരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന‌്  യൂണിയൻ ജില്ലാ കമ്മിറ്റി അറിയിച്ചു.
പ്രധാന വാർത്തകൾ
Top