16 November Friday

കുട്ടനാടിന‌് രണ്ടാം ‘ഗ‌ൃഹപ്രവേശം’

സ്വന്തം ലേഖകൻUpdated: Friday Aug 31, 2018

കൈനകരി തോട്ടുവാത്തല ഗവ. യുപി സ്‌കൂളിൽ വെള്ളംകയറിയ ക്ലാസ്‌റൂമുകളുടെ ജനാല അറ്റകുറ്റപ്പണി നടത്തുന്നു

 
ആലപ്പുഴ
വീട‌ുവിട്ട‌് ദിവസങ്ങൾ ക്യാമ്പിൽ കഴിഞ്ഞ കുട്ടനാടൻ ജനത അതിജീവനത്തിനായി വീടുകളിലേയ‌്ക്ക‌് മടങ്ങിയെത്തി.  രണ്ടാഴ‌്ചത്തെ ക്യാമ്പ‌് ജീവിതത്തിന‌് ശേഷം വെള്ളത്തിൽ മുങ്ങിപ്പോയ വീടുകളിലേക്ക‌് മടങ്ങിയ ഇവർക്ക‌് ഇത‌് രണ്ടാം ഗ‌ൃഹപ്രവേശം. കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും 16 പഞ്ചായത്തുകളിലെ 83,000 കുടുംബങ്ങളിലെ 30,80,628 പേരായിരുന്നു ക്യാമ്പുകളിൽ കഴിഞ്ഞത‌്.  ആലപ്പുഴ പട്ടണത്തിലും വിവിധ പ്രദേശങ്ങളിലുമായി  710 ക്യാമ്പുകൾ ഒരുക്കി.  
കഴുത്തറ്റം മുങ്ങിയ കുട്ടനാട്ടിൽ നിന്നും കരപറ്റിയെങ്കിലും വീടുകളിൽ  കുന്നുകൂടിയ  മാലിന്യം നീക്കം ചെയ്യാനാകുമോയെന്ന ആശങ്കയിലായിരുന്നു ഓരോ കുടുംബവും. എല്ലാവരുടെയും ആശങ്ക പരിഹരിക്കാൻ മന്ത്രിമാരായ ടി എം തോമസ‌് ഐസക‌്, ജി സുധാകരൻ, പി തിലോത്തമൻ എന്നിവരുടെ നേത‌ൃത്വത്തിൽ മഹാശുചീകരണ ദൗത്യം ഏറ്റെടുത്തു.  ഏകദേശം 60,000 ആളുകൾ പങ്കെടുത്ത ശുചീകരണപ്രവർത്തനങ്ങളിലൂടെയാണ‌് കുട്ടനാട്ടിൽ മനുഷ്യജീവിതം  സാധ്യമാക്കിയത‌്. 
വ്യാഴാഴ‌്ച രാവിലെ മുതൽ ആലപ്പുഴ ജെട്ടിയിൽ നിന്നും വീടുകളിലേക്ക‌് മടങ്ങുന്നവരുമായുള്ള ബോട്ടുകൾ പുറപ്പെട്ടു തുടങ്ങി. കുട്ടനാട‌് മഹാശുചീകരണത്തിന്റെ ഭാഗമായി 16 പഞ്ചായത്തുകളിലെ 90 ശതമാനം വീടുകളും ശുചീകരിച്ചു കഴിഞ്ഞു. ശേഷിക്കുന്ന വീടുകളിലും യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണം നടക്കുന്നു.  എല്ലാവർക്കും വീട്ടിലെത്താൻ ജലമാർഗം തന്നെയാണ‌് ആശ്രയം. 
രാവിലെ മുതൽ ജലഗതാഗത വകുപ്പിന്റെ സ‌്പെഷ്യൽ സർവീസ‌് നടത്തുന്ന 24 ബോട്ടുകളിലായി ആയിരങ്ങൾ വീടുകളിലേക്ക‌് മടങ്ങി. ക്യാമ്പിൽ നിന്നും കിട്ടിയ വസ‌്ത്രങ്ങളും പാത്രങ്ങളും പായകളുമായാണ‌് എല്ലാവരും തിരിച്ചുപോയത‌്. പതിനായിരക്കണക്കിന‌് സന്നദ്ധപ്രവർത്തകരാണ‌് കുട്ടനാട‌് ശുചീകരണത്തിനായി എത്തിയത‌്. പതിനായിരം സിപിഐ എം വളണ്ടിയർമാർ ജില്ലയിൽ  അഹോരാത്രം ശുചീകരണ പ്രവർത്തനങ്ങളിലാണ‌്. ഇനിയും വെള്ളമിറങ്ങാത്ത കൈനകരി പഞ്ചായത്തിലുള്ളവരെ മാത്രമാണ‌് ഏതാനും ക്യാമ്പുകളിലായി ആലപ്പുഴയിൽ പാർപ്പിച്ചിരിക്കുന്നത‌്. വീടുകളിലെ വയറിങ്‌, കതകുകൾ, ജനാലകൾ എന്നിവ നന്നാക്കാനും മറ്റുമായി സന്നദ്ധ പ്രവർത്തകരും കുട്ടനാടിനൊപ്പം നിന്നപ്പോൾ പ്രളയാനന്തരം വീടുക‌ളിലെത്തിയ കുട്ടനാടുകാരുടെ രണ്ടാം ഗ‌ൃഹപ്രവേശം കരുതിയതിലും വേഗത്തിലായി. 
  വീട്ടുപകരണങ്ങൾ നശിച്ചവർക്കും വെള്ളപ്പൊക്കത്തിൽ വീടുകൾക്ക‌് കേടുപാട‌് സംഭവിച്ചവർക്കുമുള്ള ധനസഹായമായ 10,000 ‌രൂപ ഉടൻ നൽകിത്തുടങ്ങും. വെള്ളമിറങ്ങിയ ശേഷം വീടുകളിലെത്തുന്നവർക്ക‌് അവശ്യവസ‌്‌തുക്കൾ അടങ്ങിയ കിറ്റും സർക്കാർ വിതരണംചെയ്യും. പാത്രങ്ങളും മറ്റും നഷ‌്ടമായവർക്ക‌് കുടുംബശ്രീ വഴി വായ‌്പ നൽകുമെന്നും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഇത‌് അതത‌് പഞ്ചായത്തുകൾ വഴിയാണ‌് നൽകുക.
പ്രധാന വാർത്തകൾ
Top