19 September Wednesday

പുതിയ ജീവിതത്തിന്റെ പാതയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

 

ചെങ്ങന്നൂർ
സർവതും തകർത്തെറിഞ്ഞ പ്രളയത്തിന്റെ ദുരിതക്കയങ്ങൾ നീന്തിക്കയറിയവരിൽ വൈദികനും. ചെങ്ങന്നൂർ ഇടനാട്  ഷാജൻ വർഗീസിനും കുടുംബത്തിനുമാണ് ദുരന്തത്തിൽ 16 ലക്ഷം രൂപയോളം നഷ‌്ടമുണ്ടായത്. കുടുംബാംഗങ്ങൾക്ക് ജീവൻ തിരികെ ലഭിച്ച സന്തോഷത്തിലാണ് ഫാ. ഷാജൻ. കാസർകോട‌് അരിപ്രോട് ഓർത്തഡോക‌്സ‌് പള്ളി വികാരിയായ ഷാജൻ ആഗസ‌്ത‌് 15ന് പുലർച്ചെ ചെങ്ങന്നൂരിൽ എത്തിയെങ്കിലും ഇടനാട‌് ഭാഗങ്ങളിൽ വെള്ളം കയറിത്തുടങ്ങിയതിനാൽ വീട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല. സാധാരണ രീതിയിലുള്ള വെള്ളപ്പൊക്കമാണെന്ന് കരുതി പുലിയൂരുള്ള സഹോദരിയുടെ വീട്ടിലേക്ക് പോയി. എന്നാൽ ഉച്ചയോടെ ജലനിരപ്പ് ഉയർന്നതോടെ ഭീതി ഉയർന്നു. വീട്ടിൽ അമ്മ കൂഞ്ഞൂഞ്ഞമ്മയും ഭാര്യ റീബയും കുട്ടികളും സഹോദരനും വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു. രക്ഷാപ്രവർത്തകരെ വിളിക്കുക മാത്രമേ കഴിയുമായിരുന്നുള്ളു. കൂടുതൽ വെള്ളം ഉയരുന്നതിനു മുമ്പ‌് രക്ഷാപ്രവർത്തകർ ഷാജന്റെ കുടുംബത്തെ വീട്ടിൽനിന്ന് മാറ്റി. ദിവസങ്ങൾക്കുശേഷം സർവതും നശിച്ച വീടാണ് ഷാജൻ കണ്ടത‌്. കാർ, സ‌്കൂട്ടർ, ഇലക‌്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന‌് രൂപയുടെ നഷ‌്ടമാണ് ഉണ്ടായത്. ഇതിലൊക്കെയും വലിയ നഷ‌്ടമായി അദ്ദേഹം കരുതുന്നത് 2600 ലേറെയുണ്ടായിരുന്ന തന്റെ പുസ‌്തകശേഖരം പൂർണമായി നശിച്ചുപോയതിലാണ്. വീട്ടുകാരുടെയും സന്നദ്ധസംഘടനാ പ്രവർത്തകരുടെയും സഹായത്തോടെ വീട‌് കഴുകി വൃത്തിയാക്കി.
കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ വെള്ളപ്പൊക്കക്കെടുതിയിൽ തകർന്ന ഇടനാടിനെ തിരികെ കൊണ്ടുവരാനുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളെ അദ്ദേഹം നന്ദിയോടെ ഓർക്കുന്നു
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top