25 September Tuesday

കാട്ടാനശല്യം രൂക്ഷം; കൃഷിനാശവും

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

ചെന്നംകുണ്ടിലെ അച്ചുവെളിച്ചപ്പാടിന്റെ തോട്ടം കാട്ടാന നശിപ്പിച്ച നിലയിൽ

ബേത്തൂർപാറ
മലയോര മേഖലയിൽ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും കാട്ടാനയിറങ്ങുന്നത് തുടരുന്നു. ഇതിനെ തുടർന്ന് ജനം ഭീതിയിലാണ്. ഒറ്റപ്പെട്ട കുടുംബങ്ങൾ താമസിക്കുന്നതും പുറംലോകവുമായി അധികം ബന്ധമില്ലാത്തതുമായ പ്രദേശങ്ങളിലാണ്‌  കാട്ടാനയിറങ്ങുന്നത്.   
കുറ്റിക്കോൽ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായി ദേലമ്പാടി പഞ്ചായത്ത് ഏഴാം വാർഡിലെ ചെന്നംകുണ്ട്  ഇത്തരമൊരു പ്രദേശമാണ്. മൂന്ന് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കൂടാതെ സമീപത്തെ പയറടുക്കയിലുള്ള നാല് കുടുംബങ്ങളുടെ കൃഷിഭൂമിയും ചെന്നംകുണ്ടിലുണ്ട്.  
കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയിറങ്ങി 15 തെങ്ങുകൾ,  പ്രായമായ അൽപതോളം കവുങ്ങുകൾ നൂറിലധികം വാഴകൾ എന്നിവ  പൂർണ്ണമായും നശിപ്പിച്ചു. പയറടുക്കയിലെ സുമിത്രയുടെ ചെന്നംകുണ്ടിലുള്ള തോട്ടം, ചെന്നംകുണ്ടിലെ അച്ചുവെളിച്ചപ്പാടൻ, യശോദ എന്നിവരുടെ തോട്ടവുമാണ് നശിപ്പിച്ചത്. 
'സ്ഥിരമായി ആന, കുരങ്ങ്, പന്നി, കാട്ടുപോത്ത് എന്നിവയുടെ ആക്രമണ ഭീഷണിയുണ്ടാകാറുണ്ട്. രാത്രികാലങ്ങളിൽ പടക്കം പൊട്ടിച്ചും ചെണ്ടകൊട്ടിയും, തീക്കൂനകൾ കൂട്ടിയിട്ടും വിളകൾക്ക് കാവലിരിക്കുകയാണ് ഞങ്ങൾ. നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നതല്ലാതെ ഒന്നും കിട്ടാറില്ല' ‐കൃഷി നശിച്ച സുമിത്രയുടെ മകൻ സുരേഷ് പറഞ്ഞു. പാണ്ടി, ഓട്ടമല, മല്ലംപാറ, നീർളകയ, തിമനക്കുണ്ട്, വണ്ഡാരക്കുഴി തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.
 
 
പ്രധാന വാർത്തകൾ
Top