20 September Thursday

ഭരണ രാഷ്ട്രീയ സമ്മര്‍ദം അതിജീവിച്ച വിജയം

സ്വന്തം ലേഖകൻUpdated: Friday Aug 31, 2018
കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്‌  ചാപ്്‌റ്റർ  ട്യൂഷൻ സെന്റർ ലൈംഗിക പീഡന കേസിൽ പ്രതി ബല്ല കടപ്പുറത്തെ ഡോ. മുഹമ്മദ്‌  അഷ്‌കറിനുള്ള ശിക്ഷ  മുസ്ലിം ലീഗിന്റെ ഭരണ രാഷ്ട്രീയ സമ്മര്‍ദവും പ്രതിയുടെ സമ്പത്തിക പ്രലോഭനങ്ങളെയും അതീജീവിച്ച വിജയം. ഏഴു വർഷം കഠിന തടവിനും  അര ലക്ഷം രൂപ പിഴയടക്കാനുമാണ്‌ ജില്ലാ അഡീഷണൽ സെഷൻസ്‌  കോടതി (ഒന്ന്‌) ശിക്ഷിച്ചത്‌. ട്യൂഷന്‍ സെന്ററിലെ പതിനേഴുകാരി വിദ്യാർഥിനിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി അഷ്‌കറെ ശിക്ഷിച്ചത്. 2012 ലാണ് ട്യൂഷന്‍ സെന്ററിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴ്‌  പെണ്‍കുട്ടികളെ മുഹമ്മദ് അഷ്‌കര്‍ മോഹനവാഗ്ദാനം നല്‍കി  ട്യൂഷന്‍ സെന്ററിനകത്ത് പീഡിപ്പിച്ചത്. അഞ്ച് കുട്ടികളാണ്  പൊലീസിൽ  പരാതി നല്‍കാന്‍ തയ്യാറായത്. ഇതില്‍ നാല് വിദ്യാർഥികളൂടെ  രക്ഷിതാക്കൾ  ലീഗ് നേതാക്കളുടെ സമ്മര്‍ദത്തിന്‌ വഴങ്ങി കേസ് പിൻവലിച്ചു. യുഡിഎഫ്‌ ഭരണകാലത്ത്‌  ഉന്നതതലങ്ങളിൽ നിന്ന്‌  വലിയ സമ്മർദമാണുണ്ടായത്‌. നാല് കുട്ടികളും ഹൈക്കോടതിയില്‍ കേസ് തുടരാന്‍ താൽപര്യമില്ലെന്ന്‌ ഹർജി നൽകുകയായിരുന്നു. 
സംഭവത്തില്‍ അഷ്‌കറിന് പുറമെ ജീവനക്കാരിയെയും  രണ്ടാം പ്രതിയാക്കി പൊലീസ്‌ അറസ്‌റ്റ്‌  ചെയ്‌തിരുന്നു. കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ ഇവരെ കോടതി വെറുതെ വിട്ടു.  ട്യൂഷനില്ലാത്ത ദിവസങ്ങളില്‍ ട്യൂഷനുണ്ടെന്ന് രക്ഷിതാക്കളെ ധരിപ്പിക്കും. ഒരു കുട്ടിയെ മാത്രം ട്യൂഷന്‍ സെന്ററിൽ വിളിച്ച്‌ വരുത്തും. ഈ കുട്ടിയെ പീഡിപ്പിക്കും. ഇങ്ങനെ പല ദിവസങ്ങളിലായാണ് വിദ്യാർഥിനികളെ പീഡിപ്പിച്ചത്. ഒരു പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നിന്നതോടെ  പൊലീസ്‌ സിആര്‍പിസി 164 പ്രകാരം കോടതിയില്‍ ഹാജരാക്കി മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തി. 2013 ഫെബ്രുവരി 25നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.  പരാതി പിൻവലിക്കാൻ തയ്യാറാകാതിരുന്ന  പെൺകുട്ടിക്കെതിരെ അമ്പലത്തറ ടൗണില്‍ പോസ്റ്റര്‍ പതിച്ച് അധിക്ഷേപിച്ചതിന് മറ്റൊരു കേസും അഷ്‌കറിനെതിരെ  പൊലീസ്‌ രജിസ്റ്റര്‍ ചെയ്തിരുന്നു.  
പരാതിക്കാരില്ലാതെ പീഡനക്കേസില്‍  പൊലീസ്‌  നേരിട്ട് കേസെടുക്കുകയാണുണ്ടായത്. ഒട്ടേറെ സമ്മർദങ്ങളും വാഗ്ദാനങ്ങളും അതിജീവിച്ച സി ഐ കെ വി വേണുഗോപാലിന്റെ ഉറച്ച നിലപാടാണ് പ്രതിയെ ശിക്ഷിക്കുന്നതിന് വഴി തെളിച്ചത്. ചാപ്റ്ററില്‍ ട്യൂഷന് എത്തിയിരുന്ന  ഒരു വിദ്യാഥിനി  സ്‌കൂളില്‍ അസംബ്ലിക്കിടെ തലകറങ്ങി വീഴുകയും സ്വകാര്യാശുപത്രിയില്‍  പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്‌. ദിവസത്തിനുള്ളില്‍ അഷ്‌കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പെണ്‍കുട്ടികളെ ട്യൂഷന്‍ സെന്ററിനകത്ത്‌ പീഡിപ്പിച്ചതായി കുറ്റസമ്മതം നടത്തി. പരിയാരം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ്‌ പഠനത്തിനിെടയൊണ് കാഞ്ഞങ്ങാട് ബസ്‌സ്‌റ്റാൻഡിന്‌ സമീപം ട്യൂഷന്‍ സെന്റര്‍ തുടങ്ങിയത്. 15 മുതല്‍ 17 വരെ പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ട്യൂഷന്‍ സെന്റിറിനകത്ത് ശീതീകരിച്ച മുറി ഒരുക്കിയിരുന്നു. കോട്ടച്ചേരിയിലും അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തും  അഷ്‌കര്‍ ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്നു. അഷ്‌കര്‍ അറസ്റ്റിലായതോടെ രണ്ട് ട്യൂഷന്‍ സെന്ററുകളും നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. 
ഒരുമാസം  റിമാൻഡിൽ കഴിഞ്ഞ അഷ്‌്‌കർ ജയിലില്‍നിന്നിറങ്ങി ലീഗ് നേതാക്കളുടെ സഹായത്തോടെ ചില കേസുകള്‍ ഒത്തുതീര്‍ത്ത ശേഷം ഹൊസ്ദുര്‍ഗ് സി ഐ  കെ വി വേണുഗോപാലന്‍ കള്ളക്കേസ് ചമച്ചതാണെന്ന് ആരോപിച്ച്  ഹൈക്കോടതിയെ സമീപിച്ചു.  തുടർന്നാണ്‌  ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്‌പി കെ വി രഘുരാമന്‌    അന്വേഷണം കൈമാറിയത്‌.  ഇദ്ദേഹം  നൽകിയ കുറ്റപത്രം നേരത്തെയുള്ള  അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ ശരിവെക്കുന്നതായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാർഥിയായിരുന്ന അഷ്‌കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ സസ്‌പെൻഡ്‌ചെയ്‌തിരുന്നു. ഹൈക്കോടതിയെ സമീപിച്ചതിനാല്‍ ഉപാധികളോട കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ പ്രതിക്ക്‌ അനുമതി നല്‍കി. 
 
പ്രധാന വാർത്തകൾ
Top