22 September Saturday

ജില്ലാ പഞ്ചായത്ത്‌ യോഗം മലബാർ എക്‌സ്‌പ്രസിന്റെ സമയമാറ്റം പിൻവലിക്കണം

സ്വന്തം ലേഖകൻUpdated: Friday Aug 31, 2018
കാസര്‍കോട്
രാവിലെ കാസർകോട്‌ എത്തുന്ന തിരുവനന്തപുരം‐മംഗളുരു മലബാര്‍ എക്‌സ്പ്രസിന്റെ സമയമാറ്റം പിൻവലിച്ച്‌  നേരത്തെയുണ്ടായിരുന്ന സമയം പുനഃസ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ ജി സി ബഷീര്‍ അവതരിപ്പിച്ച പ്രമേയം യോഗം  അംഗീകരിക്കുകയായിരുന്നു.  
 രാവിലെ 9.15ന് കാസര്‍കോട് എത്തിക്കൊണ്ടിരുന്ന മലബാർ  എക്‌സ്‌പ്രസ് ഇപ്പോള്‍ 40 മിനുട്ട് വൈകിയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇത് അധ്യാപകരേയും  ജീവനക്കാരെയും ബാധിച്ചിരിക്കുകയാണ്. കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിനിനെയാണ് ഇപ്പോള്‍ ജീവനക്കാര്‍ ആശ്രയിക്കുന്നത്. എന്നാല്‍ കണ്ണൂരിനു തെക്കോട്ട്‌ ഉള്ള ജീവനക്കാർക്കാണ്‌ ഈ മാറ്റം ഏറെ പ്രയാസമായത്‌. അതുകൊണ്ട്‌ പഴയ സമയത്തിലേക്ക്‌ മലബാർ എക്‌സ്‌പ്രസ്‌ പുനഃസ്ഥാപിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. 
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള റോഡുകളുടെ അവസ്ഥ ദുരിതപൂർവമാണെന്ന്‌  യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.   കനത്തമഴയില്‍ തകര്‍ന്ന റോഡുകൾ തകർന്നുകിടക്കുകയാണെന്ന്‌  സിപിഐ എമ്മിലെ ഇ പത്മാവതി ചൂണ്ടിക്കാട്ടി.  സിപിഐ എമ്മിലെ ജോസ് പതാലില്‍, ബിജെപിയിലെ കെ ശ്രീകാന്ത്‌ എന്നിവരും റോഡുകളുടെ തകർച്ച വിവരിച്ചു.  ഉദ്യോഗസ്ഥരുടെ ഇടക്കിടെയുള്ള മാറ്റം പ്രയാസമുണ്ടാക്കുന്നതായി അംഗങ്ങൾ പറഞ്ഞു.  ഇക്കാര്യം ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇ ചന്ദ്രശേഖരനെ അറിയിക്കും.  
 കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട്‌  സെപ്തംബര്‍ 20ന് മന്ത്രി  ഇ ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ യോഗം ചേരാൻ  ജില്ലാ പഞ്ചായത്ത്‌ തീരുമാനിച്ചു.  യോഗത്തിനു മുന്പ്‌ ആരോഗ്യ‐ വിദ്യാഭ്യാസ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചേർന്ന്‌ വിശദമായ രൂപരേഖ തയ്യാറക്കണമെന്ന്‌ ഇ പത്മാവതി ആവശ്യപ്പെട്ടു. പേരിയയിലെ ചെറുകിട വിമാനത്താവളം പദ്ധതിയും യോഗത്തിൽ ചർച്ചയായി. പദ്ധതി നിലവിലുണ്ടോ എന്ന്‌ കെ ശ്രീകാന്ത്‌ ചോദിച്ചു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായി വിമാനത്താവളം കൊണ്ടുവരാനാകില്ലെന്ന സാങ്കേതിക പ്രശ്‌നം നേരത്തെ ചൂണ്ടിക്കാട്ടിയതാണെന്ന്‌ സിപിഐ എം നേതാവ്‌ ഡോ. വി പി പി മുസ്്‌തഫ പറഞ്ഞു. പദ്ധതി നിർദേശം നിലവിലുെണ്ടന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. 
പ്രളയദുരിതത്തില്‍പ്പെട്ട് വലയുന്നവരെ സഹായിക്കാൻ  ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയമടക്കം  അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.  
 യോഗത്തിൽ പ്രസിഡന്റ്‌ എ ജി സി ബഷീര്‍ അധ്യക്ഷനായി.  സ്‌റ്റാൻഡിങ്‌ കമ്മിറ്റി റിപ്പോർട്ടുകൾ ചെയർപേഴ്‌സൺമാരായ   വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, അഡ്വ. എ പി ഉഷ, ഫരീദ സക്കീർ അഹമ്മദ്‌, അലി ഹര്‍ഷദ് വൊര്‍ക്കാടി, ഷാനവാസ് പാദൂര്‍ എന്നിവർ അവതരിപ്പിച്ചു. 
പ്രധാന വാർത്തകൾ
Top