Top
18
Thursday, January 2018
About UsE-Paper
പ്രത്യേക ലേഖകന്‍

കൊല്ലം നഗരത്തിലെ എല്ലാ റോഡും അന്താരാഷ്ട്ര നിലവാരത്തിലാക്കും: മന്ത്രി

Saturday Dec 30, 2017
വെബ് ഡെസ്‌ക്‌
കൊല്ലം നഗരസഭ സ്ഥാപിച്ച എല്‍ഇഡി വിളക്കുകള്‍ മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനംചെയ്യുന്നു
കൊല്ലം > നഗരത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും അന്താരാഷ്ട്ര നിലവാരമുള്ളതാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നഗരത്തില്‍ മാടന്‍നട മുതല്‍ താലൂക്കാഫീസ് ജങ്ഷന്‍ വരെ ദേശീയപാതയുടെ മീഡിയനില്‍ സ്ഥാപിച്ച എല്‍ഇഡി വിളക്കുകളുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
500 കോടി രൂപ ചെലവുള്ളതാണ് റോഡു നവീകരണ പദ്ധതി. ഒരു കിലോമീറ്ററിന് 10 കോടി മുതല്‍ 15 കോടി വരെ ചെലവുവരും. 15 വര്‍ഷത്തേക്ക് പരിപാലന ചുമതല കൂടി ഏല്‍പ്പിച്ചുകൊണ്ടാണ് കരാര്‍ നല്‍കുക. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ഈ പദ്ധതി നടപ്പാക്കി. കൊല്ലത്തിനൊപ്പം മറ്റ് നഗരങ്ങളിലും പദ്ധതി വ്യാപിപ്പിക്കും. റോഡുകള്‍ വീതികൂട്ടാന്‍ സ്ഥലം വേണ്ടിവരും. ഇക്കാര്യത്തില്‍ ജനങ്ങളും സഹകരിക്കണം.
കൊല്ലം-തിരുമംഗലം ദേശീയപാത നാലുവരിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. കൊല്ലം മുതല്‍ ചെങ്കോട്ട വരെ വീതി കൂട്ടാന്‍ സ്ഥലം ഏറ്റെടുക്കണം. സ്ഥലം ഏറ്റെടുക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ ഫ്ളൈ ഓവര്‍ സ്ഥാപിക്കേണ്ടിവരും. അല്ലാത്ത സ്ഥലങ്ങളില്‍ ജനങ്ങള്‍ സഹകരിക്കണം. കൊട്ടാരക്കര മുതല്‍ പുനലൂര്‍ വരെയുള്ള ഭാഗത്ത് റോഡില്‍ ചില സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി കെട്ടേണ്ടിവരും. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ കൊല്ലം ജില്ലയില്‍ കൂടി കടന്നുപോകും. 60 കിലോമീറ്റര്‍ വരുന്ന ഒരു റീച്ചിന്റെ പണി മലയോര ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആരംഭിക്കും. കൊല്ലം ജില്ലയുടെ ഭാഗം ഈ റീച്ചിലാണ് ഉള്‍പ്പെടുന്നത്. 
ഗതാഗതത്തിന് തടസ്സമുണ്ടാക്കാത്ത വിധമുള്ള നഗരവികസന, നഗര സൌന്ദര്യവല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചതുകൊണ്ടാണ് കൊല്ലം നഗരത്തിന് അതിനുള്ള അനുമതി നല്‍കിയത്. കൊല്ലം നഗരത്തെ കൂടുതല്‍ സുന്ദരമാക്കി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.