22 September Saturday

കസ്റ്റംസ് ഇളവ് കലക്ടർക്ക‌് അയക്കുന്ന സാധനങ്ങൾക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018
പ്രളയദുരിതാശ്വാസത്തിനായി സാധനങ്ങൾ അയയ്ക്കുന്നവർ കസ്റ്റംസ് നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്  കലക്ടർ  കെ വാസുകി അറിയിച്ചു.  പ്രളയബാധിതപ്രദേശങ്ങളിൽ ദുരിതബാധിതരായ ജനങ്ങൾക്ക് വിതരണം ചെയ്യുന്നതിനുള്ള സാധനങ്ങളാണ് അയക്കുന്നതെന്നും ഇത് ജില്ലാ ഭരണകൂടത്തിന് കൈമാറാൻ സന്നദ്ധമാണെന്നും അറിയിച്ച് അയക്കുന്നയാൾ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രവും അപേക്ഷയും നൽകണം. 
അയക്കുന്നത് സർക്കാരിതര സ്ഥാപനമെങ്കിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും വ്യക്തിയെങ്കിൽ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും എയർവേ ബില്ലിന്റെ പകർപ്പും നൽകണം. ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം), കലക്ടറേറ്റ്, സിവിൽ സ്‌റ്റേഷൻ, കുടപ്പനക്കുന്ന് തിരുവനന്തപുരം  വിലാസത്തിലാണ് രേഖകൾ നൽകേണ്ടത്.  ഫോൺ: 8547610015. ഇറക്കുമതി സാധനങ്ങൾക്ക് കലക്ടറേറ്റിൽനിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കാർഗോ ഏരിയയിൽനിന്ന് സാധനങ്ങൾ കൈപ്പറ്റി ജില്ലാ ഭരണനേതൃത്വത്തെ ഏൽപ്പിക്കണം. കാർഗോ ഏരിയയിൽനിന്ന് കൈപ്പറ്റുന്ന സാധനങ്ങളടങ്ങിയ ലോഡ് പൊലീസിന്റെ സാന്നിധ്യത്തിലാണ് ജില്ലാ ഭരണകൂടത്തിന് കൈമാറുക. പൊലീസ് ലോഡിനെ അനുഗമിക്കും. അനുഗമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ  പക്കൽ ഇതിന്റെ രേഖകളുണ്ടായിരിക്കും. ജില്ലാഭരണനേതൃത്വം സാധനങ്ങൾ സ്വീകരിച്ചതിനുശേഷം രസീത് ഉടൻ ലോഡിനൊപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥനെ ഏൽപ്പിക്കും. 
 
അയക്കുന്ന ആൾക്ക് എവിടെയാണ് വിതരണം ചെയ്യേണ്ടത് എന്ന് നിർദേശിക്കാമെങ്കിലും ആവശ്യകത അനുസരിച്ച് എവിടെയാണ് സാധനങ്ങൾ വിതരണം ചെയ്യേണ്ടതെന്ന അന്തിമതീരുമാനം ജില്ലാഭരണ നേതൃത്വത്തിൽ നിക്ഷിപ്തമായിക്കും. സാധനങ്ങൾ അയക്കുന്നയാൾക്ക് തിരുവനന്തപുരത്ത് നിന്ന് ഏതു ജില്ലയിലേക്കാണോ ലോഡ് പോകുന്നത് അതിനെ അനുഗമിക്കാവുന്നതും വിതരണസമയത്ത് ചുമതലപ്പെട്ട ജില്ലാ ഉദ്യോഗസ്ഥന്റെ അനുമതിയോടെ സന്നിഹിതനാകാവുന്നതുമാണ്. സാധനങ്ങൾ സ്വീകരിച്ച് ആറു മാസത്തിനുള്ളിൽ അയച്ചയാൾ ജില്ലാ ഭരണനേതൃത്വത്തിൽനിന്നുള്ള യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകേണ്ടതാണ്. നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രവും വിശദവിവരവും കലക്ടറേറ്റിലും ജില്ലാ കലക്ടറുടെ ംംം.ളമരലയീീസ.രീാ/രീഹഹലരീൃ്ുാ എന്ന ഫെയ‌്സ്ബുക്ക് പേജിലും ലഭിക്കും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top