20 November Tuesday

വീണ്ടെടുപ്പ‌ിനായി പട്ടികവർഗ കോളനികളിൽ ഊരുകൂട്ടം

സ്വന്തം ലേഖകൻUpdated: Thursday Aug 30, 2018
 
മഞ്ചേരി
മഴയും ഉരുൾപൊട്ടലും ദുരിതംവിതച്ച പട്ടികവർഗ കോളനികളുടെ പുനരുദ്ധാരണത്തിനും വികസന പ്രവർത്തനങ്ങൾക്കുംവേണ്ടി പ്രത്യേക ഊരുകൂട്ടങ്ങൾ ചേർന്നു. പത്ത് പഞ്ചായത്തുകളിലായി 34 ഊരുകൂട്ടങ്ങളാണ് ചേർന്നത്. കലക്ടറുടെ നിർദേശപ്രകാരം വിളിച്ചുചേർത്ത ഊരുകൂട്ടങ്ങളിൽ പുതുതായി രൂപംകൊടുക്കേണ്ട വികസന പദ്ധതികൾ പ്രദേശവാസികളുമായി ചർച്ചചെയ്തു. 
താഴേക്കോട്, പോത്ത്കല്ല്, ചോക്കാട്, കാളികാവ് പഞ്ചായത്തുകളിൽ ഒന്നുവീതവും മമ്പാട് പഞ്ചായത്തിൽ നാലും എടവണ്ണയിൽ മൂന്നും ഊർങ്ങാട്ടിരിയിൽ 10ഉം ചാലിയാറിൽ എട്ടും കരുവാരക്കുണ്ടിൽ രണ്ട‌ും പ്രത്യേക ഊരുകൂട്ടങ്ങളാണ‌് ചേർന്നത‌്. വീണ്ടും ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ സുരക്ഷിതമായ ഇടങ്ങളിൽ വീട് നിർമിച്ചുനൽകാമെന്ന് അധികൃതർ ഉറപ്പുനൽകി. വിളകൾക്ക് സംരക്ഷണവും കൃഷിനശിച്ചവർക്ക് ഉടനടി സഹായവും നൽകണമെന്ന ആവശ്യവും ഉയർന്നു. ആവശ്യങ്ങൾ ക്രോഡീകരിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കുമെന്ന് അധികൃതർ പറഞ്ഞു. ട്രൈബൽ പ്രൊമോട്ടർമാരായ ഗോപകുമാർ, ഷൈജു, അജീഷ‌്പ്രഭ എന്നിവർക്കുപുറമെ എസ്ടി പ്രൊമോട്ടർമാരും വാർഡ് അംഗങ്ങളും പങ്കെടുത്തു. 
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ജില്ലയിലെ 295 ഊരുകളെയാണ് ദുരിതത്തിലാക്കിയത്. കോളനികളിലെ 29 വീടുകൾ പൂർണമായും 69 വീടുകൾ ഭാഗികമായും തകർന്നു. 11 പേർക്ക് വീടും സ്ഥലവും നഷ്ടമായി. ഏഴുപേർ മരിച്ചു. ഏക്കർകണക്കിന് വിളകളും നശിച്ചു. പ്രളയത്തിൽ വീട് നഷ്ടമായവർക്ക് സർക്കാർ നിർദേശിച്ച  തുകക്കുപുറമെ പട്ടികവര്‍​ഗവകുപ്പും 10,000 രൂപവീതം അടുത്തദിവസംതന്നെ വിതരണംചെയ്യും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top