22 September Saturday

പൊസളിഗെ സമരത്തിന്‌ ആവേശവുമായി എംപിയെത്തി

സ്വന്തം ലേഖകൻUpdated: Monday Jul 30, 2018
മുള്ളേരിയ 
പഞ്ചായത്ത് റോഡിലൂടെ കോളനിവാസികൾക്ക് സഞ്ചാരസ്വാതന്ത്ര്യമില്ലാത്ത വിഷയത്തിൽ പി കരുണാകരൻ എംപി ഇടപെടുന്നു. ഞായറാഴ്ച രാവിലെ പത്തിന്‌ എംപി പൊസളിഗെ കോളനി സന്ദർശിച്ച്‌ ജനങ്ങളുടെ പ്രയാസങ്ങൾ ചോദിച്ചറിഞ്ഞു. പൊസളിഗെയിലെ കമ്യൂണിറ്റി സെന്ററിലെത്തിയ എംപിയെ കാണാൻ  കുട്ടികളും മുതിർന്നവരുമടക്കം നൂറിലധികം ആളുകളെത്തി. തൊണ്ണൂറോളം കുടുംബങ്ങളുടെയും പ്രതിനിധികളുണ്ടായി. പലരും കുടുംബസമേതമാണെത്തിയത്.  എൻഡോസൾഫാൻ രോഗികളും വയോധികരും അവരുടെ വിഷമങ്ങൾ പങ്കുവച്ചു. 
വലിയ റോഡുണ്ടായിട്ടും നാല് കിലോമീറ്റർ സ്‌കൂളിലേക്ക് നടക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സ്‌കൂൾ കുട്ടികൾ  പരാതി പറഞ്ഞു. 1980ൽ അന്നത്തെ മഞ്ചേശ്വരം ബ്ലോക്ക് പദ്ധതിയിൽപെടുത്തി നിർമിച്ച റോഡാണിത്. നല്ല റോഡായിരുന്നു. ബസ് സർവീസുമുണ്ടായിരുന്നു. ഈ കുന്ന് കയറി വരാൻ വലിയ പ്രയാസമാണ്‌. വൃദ്ധനായ  ലിങ്കപ്പ പാട്ടാളി പറഞ്ഞു. ജീപ്പ് വന്നുകൊണ്ടിരുന്നതാണ്. ഉയർന്ന ഭാഗത്തെ റോഡിന്റെ അടിഭാഗം ജെസിബി ഉപയോഗിച്ച് ജന്മി അടർത്തിയെടുക്കുകയാണ്. എങ്ങനെയാണ് ഇനി  ഇങ്ങോട്ട് വണ്ടി വരിക. ഒരാളും ധൈര്യപ്പെടില്ല തിമ്മപ്പയും സരസ്വതിയും പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി തൊഴിലുറപ്പ് പണിയെടുപ്പിച്ച്‌ റോഡ് നന്നാക്കിയിരുന്നു. ഞാനും പണിക്ക് പോയിരുന്നു. ദേവന്റെ മുകളിൽകൂടിയാണ് റോഡ് നിർമാണം എന്നുപറഞ്ഞ് പലരെയും ഭീഷണിപ്പെടുത്തി. അതെ ദേവനെ പ്രാർഥിക്കുന്ന ഞങ്ങൾക്ക് റോഡില്ല. ശേഷമ്മ പറഞ്ഞു. എൻ എ നെല്ലിക്കുന്ന്‌ എംഎൽഎയും തങ്ങളുടെ പ്രയാസം കാണാനെത്തിയില്ലെന്ന്‌ ഇവർ പറഞ്ഞു. എംഎൽഎയോടുള്ള അരിശം പലരും തുറന്നുപറഞ്ഞു. മുഴുവൻ കുടുംബാംഗങ്ങളും ഒപ്പിട്ട പരാതി എംപി  വാങ്ങി. മുഖ്യമന്ത്രിയുടെയും പട്ടികജാതി‐ വർഗ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തുമെന്നും  എംപി പറഞ്ഞു. സിപിഐ എം ഏരിയാസെക്രട്ടറി സിജി മാത്യു, പഞ്ചായത്തംഗം വി ഉഷ, കെ എച്ച്‌ സൂപ്പി എന്നിവരും ഒപ്പമുണ്ടായിരുന്നു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top