14 November Wednesday

50 ലക്ഷം രൂപയുടെ നവീകരണം കാസർകോട്‌ ബീച്ച് പാർക്ക് പുതുമോടിയിലേക്ക്

സ്വന്തം ലേഖകൻUpdated: Monday Jul 30, 2018

കാസർകോട് കസബ കടപ്പുറത്ത് ടൂറിസം വകുപ്പ് നിർമിച്ച പാർക്ക്

കാസർകോട്
കസബ കടപ്പുറത്തെ ടൂറിസം പാർക്ക് യാഥാർഥ്യമാകുന്നു. ജില്ലാ  ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിർമിച്ച് നാശോന്മുഖമായ പാർക്കിനാണ് പുതുജീവൻ വച്ചത്. 35 ലക്ഷം രൂപ ചെലവിട്ട് വർഷങ്ങൾക്ക് മുമ്പ് നിർമിച്ച പാർക്ക് തുറന്ന് കൊടുക്കാത്തതിനാൽ നശിക്കുകയായിരുന്നു. ടൂറിസം വകുപ്പ് പാർക്ക് നവീകരിച്ച് പ്രവർത്തിപ്പിക്കാൻ കാസർകോട് ജനറൽ വർക്കേഴ്സ് സഹകരണ സംഘത്തിന് പാട്ടത്തിന് നൽകി. സഹകരണ വകുപ്പിന്റെ സഹായത്തോടെ 50 ലക്ഷം രൂപ ചെലവിട്ടാണ് പാർക്കിന്റെ നവീകരണം.
കാസർകോട് കസബ കടപ്പുറത്ത് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ് പാർക്കും പരിസരവും. മനസിനും കണ്ണുകൾക്കും നയനാന്ദകരമായ അനുഭൂതി നൽകുന്നതാണ് സ്ഥലം. പാർക്കിന് മുന്നിൽ കടലും പിന്നിൽ കായലുമാണ്. ദിവസവും നിരവധിയാളുകൾ ഇവിടെെയത്തുന്നുണ്ട്. ഏറെയും കുടുംബങ്ങളാണ്. ചൂണ്ടയിടാനും ഏറെപ്പേരെത്തുന്നു. മത്സ്യബന്ധന തുറമുഖവും പരിസരത്താണ്. തായലങ്ങാടയിലെ സീവ്യൂ പാർക്കും അനുബന്ധിച്ചുള്ള കണ്ടൽവനവും തളങ്കര ഹാർബറും പുലിമുട്ടും കടൽകരയിലെ  എണ്ണമറ്റ കാറ്റാടിമരങ്ങളും പാർക്കിന് ചുറ്റുവട്ടത്താണ്. എല്ലാംകൊണ്ടും ടൂറിസത്തിന് അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇതൊക്കെ കണ്ടാണ് 50 സെന്റ് സ്ഥലത്ത് പാർക്ക് നിർമിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമിച്ച പാർക്ക് തുറന്നുകൊടുക്കാൻ ടൂറിസം വകുപ്പ് തയ്യാറായില്ല. വർഷങ്ങളോളം അങ്ങനെ കിടന്നപ്പോൾ  കെട്ടിടവും അകത്ത് ഒരുക്കിയ സാധനസാമഗ്രികളും നശിച്ചു. ഫർണിച്ചറുകളും മറ്റും കാണാതായി. വിലയേറിയ സാധനങ്ങളാണ് കാണാതായത്. നവീകരിച്ച് പുതിയ സൗകര്യങ്ങൾ ഒരുക്കിയാലെ പാർക്ക് പൂർവസ്ഥിതിയിലാകൂ.
ടൂറിസം സാധ്യത കണ്ടാണ് കാസർകോട് ജനറൽ വർക്കേഴ്സ് സഹകരണ സംഘം പാർക്ക് നടത്താൻ ഡിടിപിസിയെ സമീപിച്ചത്. 50 ലക്ഷം രൂപയുടെ പദ്ധതിയാണ് സംഘം ആസൂത്രണം ചെയ്തിരിക്കുന്നത്. നവീകരണം, പൂന്തോട്ടം, ഭക്ഷണശാല, അമ്യൂസ്മെന്റ് പാർക്ക്, കുട്ടികൾക്ക് ഗെയിം, കടൽ കാണാൻ ടവർ, പെഡൽ ബോട്ട്, കായലിലൂടെ താൽക്കാലിക നടപ്പാലം തുടങ്ങിയ  പദ്ധതിയിലുണ്ട്. പ്രദേശത്തെ കുടുംബശ്രീ സഹായത്തോടെയാണ് പാർക്ക് പ്രവർത്തനം നടത്തുക. കസബ കടപ്പുറത്തെ സ്ത്രീകൾക്ക് തൊഴിലവസരം ലഭിക്കും. കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നതോടെ പ്രദേശത്തുള്ളവർക്ക് കൂടുതൽ വരുമാന മാർഗങ്ങളുമുണ്ടാകും. ക്ലീൻ ഡെസ്റ്റിനേഷൻ പദ്ധതിയുടെ ഭാഗമായി കടപ്പുറത്ത് ശുചീകരണത്തിനായി കുടുംബശ്രീ പ്രവർത്തകർക്ക് ഡിടിപിസി തൊഴിൽ നൽകും. ബേക്കൽ കോട്ട, ചന്ദ്രഗിരി കോട്ട എന്നിവിടങ്ങളിൽ നിലവിൽ ശുചീകരണ പരിപാടിയുണ്ട്. യൂണിഫോം, പണിയായുധങ്ങൾ എന്നിവ ടൂറിസം വകുപ്പ് നൽകും. കാസർകോട് നഗരത്തിൽനിന്ന് നാല് കിലോമീറ്ററും ബേക്കൽ കോട്ടയിൽനിന്ന് 18 കിലോമീറ്ററും ദൂരമുള്ളതാണ് പാർക്ക്. കസബ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെയും സാമൂഹ്യപ്രവർത്തകരുടെയും സഹകരണത്തോടെ പാർക്കിന്റെ പ്രവർത്തനം വേഗത്തിൽ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സഹകരണ സംഘം.
 
 
പ്രധാന വാർത്തകൾ
Top