17 November Saturday
ജില്ലയിൽ വ്യാപക പരിശോധന

ഇവിടെ മീനിൽ മായമില്ല

സ്വന്തം ലേഖകൻUpdated: Saturday Jun 30, 2018

കാഞ്ഞങ്ങാട് മാർക്കറ്റിൽ മത്സ്യവിൽപന നടത്തുന്ന തൊഴിലാളി

കാസർകോട്
ഇതര സംസ്ഥാനങ്ങളിൽനിന്ന് വിഷാംശം കലർന്ന മീൻ ജില്ലയിലെത്തിയില്ല. ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. 
ആന്ധ്രയിൽനിന്നെത്തിയ വിഷാംശം കലർന്ന മീനുകൾ തെക്കൻ ജില്ലകളിൽ പിടിച്ചെടുത്തതോടെയാണ് ജില്ലയിലും പരിശോധന ശക്തമാക്കിയത്. മത്സ്യവുമായി മംഗളൂരു ഭാഗത്ത് നിന്ന് കേരളത്തിലേക്ക് വന്ന വാഹനങ്ങൾ കഴിഞ്ഞ 9, 10, 25 തിയതികളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ പരിശോധിച്ചിരുന്നു. അയല, മത്തി, ചെമ്മീൻ എന്നിവയാണ് ഇവയിൽ കൂടുതലുമുണ്ടായിരുന്നത്. 
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ (സിഫ്റ്റ്) കിറ്റിലെ സ്ട്രിപ്സ്, റീ ഓറഞ്ച് എന്നിവ ഉപയോഗിച്ച് നടത്തിയ രാസപരിശോധനയിൽ വിഷാംശമുള്ള അമോണിയം, ഫോർമാലിൻ എന്നിവയില്ലെന്ന് കെണ്ടത്തി. ചീത്തയാകാതിരിക്കാൻ വായു കടക്കാത്ത അറയിൽ താഴ്ന്ന ഊഷ്മാവിൽ ഐസിട്ട വാഹനത്തിലാണ് മീൻ കൊണ്ടുവരേണ്ടത്. ചെലവ് ലാഭിക്കാൻ ഇതൊന്നും പാലിക്കാതെ അമോണിയയും ഫോർമാലിനും കലർത്തിയാണ് മീൻ കൊണ്ടുവരുന്നത്. കുറേ ദിവസം പഴക്കമുള്ള മീനും ഇങ്ങനെ കൊണ്ടുവരുന്നുണ്ട്.  ജില്ലയിലെത്തിയ മറുനാടൻ മീനുകൾ ചെക്ക്പോസ്റ്റിൽ പരിശോധിച്ചപ്പോൾ തെറ്റായൊന്നും കെണ്ടത്തിയില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമീഷണർ സി എ ജനാർദനൻ പറഞ്ഞു. 
സർക്കാർ നിർദേശപ്രകാരം അമരവിള, വാളയാർ, മഞ്ചേശ്വരം ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടന്നത്. വാളയാറിലും  അമരവിളയിലുമായി വിഷാംശം കലർന്ന 26 ടണ്ണോളം മീൻ കണ്ടെത്തി. ഇനിയും പരിശോധന തുടരും. മൊത്തവിൽപന കേന്ദ്രങ്ങളിലും പരിശോധനയുണ്ടാകും. ജില്ലയിലെ ഐസ് പ്ലാന്റുകളിലും പരിശോധന നടത്തും. 
മീൻ ആരോഗ്യത്തിന് ഹാനികരമാണെന്ന് കെണ്ടത്തിയാൽ ഉടമകൾക്ക് ആറുമാസം മുതൽ ഒരു വർഷം വരെ തടവും അഞ്ചുലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗം ജോയിന്റ് കമീഷണർ ഡി അഷറഫുദീൻ, അസിസ്റ്റന്റ് കമീഷണർമാരായ സി എ ജനാർദനൻ, ടി അജിത്‌കുമാർ, ഓഫീസർമാരായ അനീഷ് ഫ്രാൻസിസ്, നിത്യ ചാക്കോ, കെ പി മുസ്തഫ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജില്ലയിലെ പരിശോധന.
 

 

പ്രധാന വാർത്തകൾ
Top