22 September Saturday
ധനമന്ത്രിയുടെ ഓഫീസ‌് ഇടപെട്ടു

ബാങ്ക‌് പിടിച്ചെടുത്ത തുക തൊഴിലാളിക്ക‌് തിരിച്ചുകിട്ടി

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018

 

മലപ്പുറം
ധനമന്ത്രിയുടെ ഓഫീസ‌് ഇടപെട്ടു, ബാങ്ക‌് അധികൃതർ അനധികൃതമായി പിടിച്ചെടുത്ത തൊഴിലുറപ്പ‌് തൊഴിലാളിയുടെ വേതനം തിരിച്ചുകിട്ടി. ഫെഡറൽ ബാങ്ക‌് മോങ്ങം ബ്രാഞ്ചിൽ അക്കൗണ്ട‌ുള്ള മൊറയൂർ പഞ്ചായത്ത‌് പന്ത്രണ്ടാം വാർഡിലെ തൊഴിലുറപ്പ‌് തൊഴിലാളി കുന്നത്തീരി എൻ കെ ശ്രീജക്കാണ‌് ബാങ്കുകാർ പിഴയിനത്തിൽ പിടിച്ചെടുത്ത പണം തിരികെ ലഭിച്ചത‌്. വിവിധ തവണയായി മിനിമം ബാലൻസ‌് പിഴയിനത്തിൽ ഈടാക്കിയ 1841 രൂപയാണ‌് ധനമന്ത്രിയുടെ ഓഫീസ‌് ഇടപെട്ടതിനെ തുടർന്ന‌് തിരികെ കിട്ടിയത‌്.
2017 ഫെബ്രുവരിയിലാണ‌് തൊഴിലുറപ്പ‌് വേതനം ബാങ്ക‌് അക്കൗണ്ട‌് വഴി ലഭിക്കാൻ ശ്രീജ ഫെഡറൽ ബാങ്കിൽ സീറോ ബാലൻസ‌് അക്കൗണ്ട‌് തുടങ്ങിയത‌്. ജൂലൈയിൽ മൂന്ന് തവണയായി തൊഴിലുറപ്പ‌് വേതനം വന്നു. ജൂലൈ 18ന‌് 3300 രൂപ പിൻവലിച്ചപ്പോൾ 1020 രൂപയായി അക്കൗണ്ടിലെ നീക്കിയിരിപ്പ‌്. 2018 എപ്രിൽ16ന‌് 1052 രൂപയും 17ന‌് 1548 രൂപയും അക്കൗണ്ടിലെത്തി. എന്നാൽ, പണം പിൻവലിക്കാൻ ബാങ്കിലെത്തിയപ്പോൾ കൂലിയിനത്തിൽ ലഭിക്കേണ്ട തുകയും അക്കൗണ്ടിലെ നീക്കിയിരിപ്പും തമ്മിൽ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന‌്, സ‌്റ്റേറ്റ‌്മെന്റ‌് എടുത്തതോടെ പിഴയിനത്തിൽ വൻതോതിൽ പണം ഈടാക്കിയത‌് കണ്ടെത്തി. 
2017 ജൂലൈമുതൽ 2018 ജൂൺവരെ മിനിമം ബാലൻസ‌് ഇല്ലെന്ന കാരണത്തിൽ 1841 രൂപ പിഴയീടാക്കി.
വിഷയം ബ്രാഞ്ച‌് മാനേജറുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നിഷേധാത്മക നിലപാടാണ‌് സ്വീകരിച്ചത‌്. തൊഴിലുറപ്പ‌് തൊഴിലാളികളിൽനിന്നും ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽനിന്നും മിനിമം ബാലൻസിന്റെ പേരിൽ പണംപിടിക്കുന്നത‌് അവസാനിപ്പിക്കണമെന്ന‌ ആവശ്യവുമായി പൊതുപ്രവർത്തകരും ബാങ്കിലെത്തിയെങ്കിലും അധികൃതർ അവഗണിച്ചു. മറ്റ് പലരിൽനിന്നും ഇത്തരത്തിൽ പണം പിടിച്ചെടുത്തതായി ആരോപണമുയർന്നിട്ടുണ്ട‌്. 
ബ്രാഞ്ച‌് മാനേജറുടെ വിവേചനാധികാരത്തിൽ പണം തിരികെ നൽകാൻ കഴിയുമെങ്കിലും ശ്രീജയുടെ കാര്യത്തിൽ അനുകൂല നിലപാട‌് സ്വീകരിച്ചില്ല. പ്രദേശത്തെ സിപിഐ എം പ്രവർത്തകർ ധനമന്ത്രിയെ സമീപിക്കുകയായിരുന്നു. മൊറയൂർ ലോക്കൽ കമ്മിറ്റി അംഗം അസൈനാർ ബാബു മന്ത്രിയുടെ ഓഫീസിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചു. 
മന്ത്രിയുടെ പ്രൈവറ്റ‌് സെക്രട്ടറി ഫെഡറൽ ബാങ്ക‌് ഹെഡ‌് ഓഫീസ‌് അധികൃതരുമായി സംസാരിച്ചു. അരമണിക്കൂറിനകം പിടിച്ചെടുത്ത 1841 രൂപയും ശ്രീജയുടെ അക്കൗണ്ടിലെത്തി. പണം അക്കൗണ്ടിലെത്തിയ വിവരം ബ്രാഞ്ച‌് മാനേജർതന്നെയാണ‌് ശ്രീജയെ ഫോണിൽവിളിച്ച‌് അറിയിച്ചത‌്. 

 

പ്രധാന വാർത്തകൾ
Top