20 September Thursday

കാസർകോട്‌ ‐ തലപ്പാടി ദേശീയപാത കുഴി നികത്തുന്നതിൽ വെട്ടിപ്പ്‌

സ്വന്തം ലേഖകൻUpdated: Friday Jul 27, 2018

അടുക്കത്ത്‌ബയലിലെ ദേശീയപാതയിൽ കുഴി അടക്കാൻ കൊണ്ടുവന്ന മണ്ണ്‌ നാട്ടുകാർ തടഞ്ഞതിനെ തുടർന്ന്‌ കൂട്ടിയിട്ടിരിക്കുന്നു

കാസർകോട്‌
ദേശീയപാതയിലെ കുഴികൾ മണ്ണിട്ട്‌ നികത്തുന്നതിന്റെ പേരിൽ വൻ വെട്ടിപ്പ്‌. കാസർകോട്‌ തലപ്പാടി  ദേശീയപാതയിലാണ്‌ ചളി നിറഞ്ഞ മണ്ണിൽ കുഴിയടക്കാൻ ശ്രമിച്ചത്‌. ബുധനാഴ്‌ച തുടങ്ങിയ കുഴിയടക്കൽ പ്രവൃത്തി നാട്ടുകാരുടെ  പ്രതിഷേധത്തെ തുടർന്ന്‌  അടുക്കത്ത്‌ബയൽ ഭാഗത്ത്‌ നിർത്തി. 
ചെങ്കൽ പണയിലെയോ  ഉറപ്പുള്ളതോ ആയ  മണിന്‌ പകരം ചെളിയാകുന്ന മണ്ണാണ്‌ പൊതുമരാമത്ത്‌ ദേശീയപാത വിഭാഗം ടിപ്പറിൽ ഇവിടെ കൊണ്ടിറക്കിയത്‌. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കുഴി നികത്തൽ.  ബുധനാഴ്‌ച നികത്തിയ കുഴിയിലെ മണ്ണ്‌ രാത്രിയിലെ മഴയിൽ  ചെളിപരുവത്തിലായി. വ്യാഴാഴ്‌ച ഇതുവഴിയുള്ള വാഹനങ്ങളുടെ യാത്ര ദുസ്സഹമായി. കളിമൺ രൂപത്തിലുള്ള മണ്ണിൽ പൂണ്ട്‌ വാഹനങ്ങൾ തെന്നിമാറുന്നു. മണ്ണ്‌ വെള്ളത്തിൽ ഒലിച്ച്‌ പോയതോടെ കുഴികൾ കുളമായി.    മേലെയിട്ട മണ്ണ്‌ കണ്ട്‌  കുഴിയുടെ വലുപ്പമറിയാതെ ഇതിൽ കയറുന്ന വാഹനങ്ങൾ അപകടത്തിലാകുന്നു. ഇരു ചക്രവാഹനങ്ങൾ തെന്നിത്തെറിച്ച്‌  വീഴുന്നു.   രാത്രികളിൽ വൻ ദുരന്തങ്ങൾക്ക്‌  വഴിവെക്കും. 
കഴിഞ്ഞ ഞായറാഴ്‌ച രാത്രി അടുക്കത്ത്‌ബയലിലെ കുഴിയിൽ വീണ്‌ നിരവധി വാഹനങ്ങൾ  കൂട്ടിയിടിച്ച്‌  രണ്ട്‌ കുട്ടികൾ മരിച്ചിരുന്നു. മഴ കുറഞ്ഞതോടെയാണ്‌ പൊതുമരാമത്ത്‌ ദേശീയപാത വിഭാഗം കുഴികൾ മണ്ണിട്ട്‌ നികത്താൻ തുടങ്ങിയത്‌. കാസർകോട്‌ മുതൽ തലപ്പാടി വരെ വലിയ പാതാളക്കുഴികളാണ്‌ ദേശീയപാതയിൽ രൂപപ്പെട്ടിരിക്കുന്നത്‌. കുഴി നികത്താൻ  ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ഉൾപ്പെടെ വിവിധ സംഘടനകൾ ദേശീയപാത ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തിയിരുന്നു. 
ജില്ലയിൽ  ദേശീയപാതയിലെ   അറ്റകുറ്റപണികൾക്കായി  പൊതുമരാമത്ത്‌ വകുപ്പ്‌  70 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്‌.  ടെൻഡറിന്‌ മുന്നോടിയായാണ്‌ താൽകാലികമായി റോഡിലെ കുഴികൾ മണ്ണിട്ട്‌ നികത്താൻ തുടങ്ങിയത്‌.  ചളി നിറഞ്ഞ മണ്ണിട്ടാൽ കൂടുതൽ അപകടമുണ്ടാകുമെന്ന്‌ കണ്ട നാട്ടുകാർ  അടുക്കത്ത്‌ബയലിൽ വ്യാഴാഴ്‌ച പ്രവൃത്തി തടഞ്ഞു. ടിപ്പറിൽ കൊണ്ട്‌ വന്നിറക്കിയ മണ്ണ്‌ റോഡിലിടാൻ അനുവദിച്ചില്ല.  റോഡ്‌ പൂർണമായും തകർന്നതിനാൽ ഒരു ഭാഗത്ത്‌   ഗതാഗതം നാട്ടുകാർ മരത്തടിയിട്ട്‌ തടഞ്ഞു. റോഡ്‌ റോളറും തടഞ്ഞു. തുടർന്ന്‌ മണ്ണിട്ട്‌ ‌നികത്താനെത്തിയവർ തിരിച്ച്‌ പോയി.  
നല്ല മണ്ണിട്ട്‌ നികത്തിയില്ലെങ്കിൽ പ്രവൃത്തി തുടരാൻ അനുവദിക്കില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു. കുഴികളിൽ ചളി  നിറഞ്ഞ  മണ്ണിട്ടതോടെ കാസർകോട്‌ നേഴ്‌സിങ്്‌ ഹോം, കറന്തക്കാട്‌, താളിപ്പടുപ്പ്‌ തുടങ്ങിയ പ്രദേശങ്ങളിൽ അപകട സാധ്യത മുമ്പത്തെക്കാൾ കൂടി. പ്രവൃത്തി നടത്തിയ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്‌. 
 
 
 
പ്രധാന വാർത്തകൾ
Top