Top
19
Tuesday, December 2017
About UsE-Paper
ദേശാഭിമാനി അക്ഷരമുറ്റം മെഗാഫൈനല്‍

ആര്‍ജിക്കുന്ന അറിവിനെ ചിന്തയുടെ തലത്തിലേക്ക് ഉയര്‍ത്തണം: സി രവീന്ദ്രനാഥ്

Sunday Nov 26, 2017
സ്വന്തം ലേഖകന്‍
ടി പത്മനാഭനോടൊപ്പം ദേശാഭിമാനി ചീഫ്എഡിറ്റര്‍ എം വി ഗോവിന്ദന്‍, ജനറല്‍ മാനേജര്‍ കെ ജെ തോമസ്, സിപിഐ എം ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന്‍, മന്ത്രി സി രവീന്ദ്രനാഥ്, പി കെ ബിജു എംപി, യു പി ജോസഫ് എന്നിവര്‍ (ഫോട്ടോ: രുദ്രാക്ഷന്‍)

 

തൃശൂര്‍ > വായിച്ചും പഠിച്ചും അനുഭവങ്ങളിലൂടെയും ആര്‍ജിക്കുന്ന അറിവിനെ ചിന്തയുടെ തലത്തിലേക്ക് ഉയര്‍ത്താന്‍ പുതിയ തലമുറയ്ക്ക് കഴിയണമെന്ന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. അറിവിനെ ചിന്തയുടെ തലത്തിലേക്കുയര്‍ത്തി, അന്വേഷണങ്ങളിലേക്കും ഗവേഷണങ്ങളിലേക്കും വ്യാപിപ്പിക്കുമ്പോഴേ അര്‍ഥപൂര്‍ണമായ ഫലമുണ്ടാക്കാനാവൂ. ഈ അന്വേഷണ നേട്ടം പ്രായോഗിക രൂപത്തിലെത്തുമ്പോഴാണ് സാമൂഹ്യമാറ്റത്തിന് ശക്തിപകരുന്നത്. ദേശാഭിമാനി അക്ഷരമുറ്റം മെഗാഫൈനലിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യനെ സംസ്കരിക്കുകയും  യഥാര്‍ഥ മനുഷ്യനാക്കി മാറ്റുകയുമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. കുട്ടി ജനിച്ച അന്നുമുതല്‍ ആരംഭിക്കുന്നതാണ് അറിവുനേടല്‍. അത് മറ്റുള്ളവരുമായി ഇടപെടുന്നതിലൂടെയും വിദ്യാലയങ്ങളില്‍നിന്നും പുസ്തകങ്ങളില്‍നിന്നുമെല്ലാം വികസിച്ചുകൊണ്ടിരിക്കും. അറിവ് എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതിന് വ്യക്തമായ ദിശാബോധം വേണം.  അറിവിനെ ജീവിതവും സമൂഹവുമായി ബന്ധപ്പെടുത്തിയാകണം  ചിന്തയുടെ തലത്തിലെത്തിക്കേണ്ടത്. അതിനുള്ള ദിശാബോധം അക്ഷരമുറ്റം അറിവുത്സവം പകര്‍ന്നുനല്‍കും. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മുതല്‍ ഇപ്പോള്‍ ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയവര്‍ വരെ അറിവിനെ അന്വേഷണത്തിലേക്കും ഗവേഷണത്തിലേക്കും എത്തിച്ചുകൊണ്ടാണ് പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തിയത്. ഐന്‍സ്റ്റീന്‍ മറ്റു പല മൂലകങ്ങളില്‍നിന്നും യുറേനിയത്തിന് വ്യത്യസ്തത കണ്ടെത്തുകയായിരുന്നു. മറ്റെല്ലാ മൂലകങ്ങളും രണ്ടായി വിഭജിച്ച് ഒന്നിച്ചു തൂക്കം നോക്കിയപ്പോള്‍ വ്യത്യാസമില്ലെന്നുകണ്ടു. 
എന്നാല്‍ യുറേനിയം വിഭജിച്ചപ്പോള്‍ തൂക്കത്തില്‍ കുറവുകണ്ടു. ദീര്‍ഘകാലം ഗവേഷണം നടത്തിയപ്പോഴാണ് ആ ഭാരവ്യത്യാസം ഊര്‍ജമായി മാറിയതാണെന്ന് കണ്ടെത്തിയത്. അതാണ് പിന്നീട് വലിയ ശാസ്ത്രനേട്ടമുണ്ടാക്കിയ പ്രകാശവേഗത്തിന്റെ സമവാക്യം (ഇ = എംസി സ്ക്വയര്‍) വികസിപ്പിക്കാനായത്.  ഈ വര്‍ഷം രസതന്ത്രത്തിന് നൊബേല്‍ നേടിയ ശാസ്ത്രജ്ഞര്‍ ഇതുപോലെ അന്വേഷണവും ഗവേഷണവും നടത്തിയാണ് ജൈവ തന്മാത്രകളെ കണ്ടെത്താന്‍ സഹായിക്കുന്ന ക്രയോ ഇലക്ട്രോണ്‍ മൈക്രോസ്കോപ് വികസിപ്പിച്ചത്. 
ശാസ്ത്രജ്ഞര്‍ മാത്രമല്ല കവികളും സാഹിത്യകാരന്മാരുമെല്ലാം അറിവിനെ ചിന്തയുടെ തലത്തിലേക്കുയര്‍ത്തി സാംസ്കാരികമായ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മണിപ്രവാളത്തില്‍ നിന്നും കിളിപ്പാട്ടിലേക്ക് എഴുത്തച്ഛന്‍ രചന മാറ്റിയതും മൂന്നു സ്വരങ്ങളില്‍നിന്ന് സപ്തസ്വരങ്ങളിലേക്ക് സംഗീതം വികസിച്ചതുമെല്ലാം ഇത്തരത്തിലുള്ള ചിന്തയുടെയും അന്വേഷണത്തിന്റെയും ഫലമാണ്. അക്ഷരമുറ്റം അറിവുത്സവത്തിലൂടെ വളര്‍ന്നവര്‍ സമൂഹത്തിന് ഗുണകരമായ സംഭാവന നല്‍കാന്‍ ശേഷിയുള്ള പ്രതിഭാശാലികളായി മാറട്ടെയെന്നും മന്ത്രി പറഞ്ഞു.