26 September Wednesday

റേഷൻകാർഡ് ആദ്യദിവസം 810 അപേക്ഷ

●സ്വന്തം ലേഖകൻUpdated: Tuesday Jun 26, 2018
മലപ്പുറം
നാലുവർഷങ്ങൾക്കുശേഷം റേഷൻ കാർഡിനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി. ജില്ലയിൽ ആദ്യദിനം എല്ലാ വിഭാഗങ്ങളിലുമായി 810 അപേക്ഷ ലഭിച്ചു. ഏഴ് താലൂക്ക് സപ്ലൈ ഓഫീസിലും താലൂക്കിൽനിന്ന് തീരുമാനിക്കുന്ന ക്യാമ്പുകളിലുമാണ് അപേക്ഷ സ്വീകരിക്കുന്നത്. പുതിയ കാർഡിന് 202ഉം പേര് കൂട്ടിച്ചേർക്കാൻ 284ഉം ഡ്യൂപ്ലിക്കേറ്റിന് ആറും തിരുത്തലിന് 104ഉം അംഗങ്ങളെ മാറ്റുന്നതിന് 87ഉം റേഷൻകാർഡ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് ഏഴും അപേക്ഷകളാണ് തിങ്കളാഴ്ച സ്വീകരിച്ചത്.
അപേക്ഷ നൽകുന്നതിന് തീയതി നിശ്ചയിച്ചിട്ടില്ല. ജൂലൈ 16നുശേഷംഅപേക്ഷ  ഓൺലൈനിലേ സ്വീകരിക്കൂ. അപേക്ഷയിൽ രേഖപ്പെടുത്തുന്ന മൊബൈൽ നമ്പറിൽ തുടർനടപടി സംബന്ധിച്ച വിവരം ലഭ്യമാകും. മുമ്പ് താല്‍ക്കാലിക കാർഡ് ലഭിച്ചവർക്ക് സ്ഥിരം കാർഡ് ഇപ്പോൾ നൽകുന്നുണ്ട്.
അപേക്ഷാ ഫോറം താലൂക്ക് സപ്ലൈ ഓഫീസുകളിൽനിന്ന് സൗജന്യമായി ലഭിക്കും. അപേക്ഷ നൽകുമ്പോൾ ഹാജരാക്കേണ്ട രേഖകൾ:
(1) അപേക്ഷയോടൊപ്പം രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ.
(2) റസിഡൻഷ്യൽ അല്ലെങ്കിൽ ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, സർക്കാർ ജീവനക്കാർ ശമ്പള  സർട്ടിഫിക്കറ്റ്.
(3) മറ്റു താലൂക്ക്/സംസ്ഥാനം ആണെങ്കിൽ കാർഡ് നൽകിയ സപ്ലൈ ഓഫീസിൽനിന്നുള്ള റിഡക്ഷൻ സർട്ടിഫിക്കറ്റ്.
(4) മറ്റു താലൂക്ക്/സംസ്ഥാനത്തുനിന്ന് താമസം മാറിവരുന്നവരാണെങ്കിൽ നിലവിലെ റേഷൻകാർഡ് സപ്ലൈ ഓഫീസിൽ നൽകി സറണ്ടർ സർട്ടിഫിക്കറ്റ്.
(5) അതേ താലൂക്കിൽ മറ്റ് റേഷൻ കാർഡിൽ പേരുൾപ്പെട്ടവരാണെങ്കിൽ കാർഡ് ഉടമസ്ഥന്റെ സമ്മതപത്രവും റേഷൻ കാർഡിന്റെ പകർപ്പും.
(6) കാർഡിൽ പേരില്ലാത്ത രണ്ടുമുതൽ ആറുവയസുവരെയുള്ള കുട്ടികളുടെ പേരുചേർക്കാർ ജനന സർട്ടിഫിക്കറ്റിന്റെയും 12 വയസുവരെയുള്ള കുട്ടികളുടെ സ്കൂൾ സർട്ടിഫിക്കറ്റിന്റെയും പകർപ്പ്.
(7) സംസ്ഥാനത്തെവിടെയും പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് എംഎൽഎയോ, നഗരസഭാ ചെയർമാനോ, പഞ്ചായത്ത് പ്രസിഡന്റോ നൽകുന്ന സാക്ഷ്യപത്രം 
റേഷൻ കാർഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റാൻ സറണ്ടർ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയും റേഷൻ കാർഡിന്റെ കോപ്പിയും അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റാൻ റിഡക്ഷൻ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയും റേഷൻ കാർഡിന്റെ കോപ്പിയും നൽകണം.
റേഷൻ കാർഡിൽ 
പുതിയ അംഗങ്ങളെ ചേർക്കാൻ:
(1) പൂരിപ്പിച്ച അപേക്ഷാഫോറം
(2) മറ്റ് താലൂക്കിലുള്ളവരാണെങ്കിൽ റിഡക്ഷൻ സർട്ടിഫിക്കറ്റ്
(3) മറ്റ് താലൂക്കിലെ കാർഡിൽ ഉൾപ്പെട്ടിരുന്നതും ഇപ്പോൾ പേരില്ലാത്തവരും നോൺ ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ്.
(4) ഒരു കാർഡിലും പേരില്ലാത്ത രണ്ടുമുതൽ ആറുവരെ വയസുള്ള കുട്ടികൾക്ക് ജനനസർട്ടിഫിക്കറ്റും 12 വയസുവരെയുള്ളവർക്ക് സ്കൂൾ സർട്ടിഫിക്കറ്റും 12നുമുകളിലുള്ളവർക്ക് എംഎൽഎയോ പഞ്ചായത്ത് പ്രസിഡന്റോ നൽകുന്ന സാക്ഷ്യപത്രവും ഹാജരാക്കണം.
ഡ്യൂപ്ലിക്കേറ്റ് കാർഡിനായി അപേക്ഷ മാത്രം നൽകിയാൽ മതി. തിരുത്തലുകൾ വരുത്താൻ അപേക്ഷയോടൊപ്പം പേര് തിരുത്താനാണെങ്കിൽ ഗസറ്റ് നോട്ടിഫിക്കേഷനോ വില്ലേജ് ഓഫീസർ നൽകുന്ന വൺ ആൻഡ് സെയിം സാക്ഷ്യപത്രമോ നൽകണം. 
വരുമാനം തിരുത്താൻ വരുമാന സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട അധികാരികൾ സാക്ഷ്യപ്പെടുത്തിയ ശമ്പള സർട്ടിഫിക്കറ്റ്, വിലാസം‐വീട്ടുനമ്പർ തിരുത്താൻ ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, വയസുതിരുത്താൻ ജനന‐സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവ നൽകണം.
പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ സ്വീകരിച്ച‌് നാലുവർഷം കഴിഞ്ഞതിനാൽ ക്യാമ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ കാർഡ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇനി നിർത്തിവയ്ക്കില്ല എന്നതിനാൽ അപേക്ഷ നൽകാൻ തിരക്ക് കൂട്ടേണ്ടതില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top