14 December Friday

വിശ്വാസം മറയാക്കി കലാപമുണ്ടാക്കാൻ ശ്രമം: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Thursday Oct 25, 2018

പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി ആലപ്പുഴ സക്കറിയ ബസാറിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം സംസാരിക്കുന്നു

ആലപ്പുഴ
വിശ്വാസത്തെ മറയാക്കി സംസ്ഥാനത്ത‌് കലാപമുണ്ടാക്കാനാണ‌് സംഘപരിവാർ ശ്രമമെന്ന‌് സിപിഐ എം കേന്ദ്രകമ്മറ്റിയംഗം എളമരം കരീം എംപി പറഞ്ഞു. ഇടതുപക്ഷസർക്കാരിനെ പിരിച്ചുവിടാനാണ‌് ബിജെപി– ആർഎസ‌്എസ‌് നീക്കം. അതിന‌് കോൺഗ്രസ‌് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി ആലിശേരി മേഖലാ വാരാചരണ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
 മതനിരപേക്ഷത തകർക്കുന്നതിന‌്  കോൺഗ്രസും മുസ്ലിംലീഗും കൂട്ടുനിൽക്കുകയാണ‌്. ഭരണഘടനയ‌്ക്ക‌് മുകളിലാണ‌് വിശ്വാസം എന്ന‌് സ്ഥാപിക്കാനാണ‌് ആർഎസ‌്എസ‌് ശ്രമിക്കുന്നത‌്. അതിന്റെ അപകടം മുസ്ലിംലീഗ‌് തിരിച്ചറിയണം. ബാബറി മസ‌്ജിദ‌് കേസിലും ഈ നിലപാട‌് ആർഎസ‌്എസ‌് സ്വീകരിച്ചാൽ എന്താകും സ്ഥിതിയെന്ന‌് ചിന്തിക്കണം. 
എന്നാൽ കോൺഗ്രസ‌് ഈ അപകടം തിരിച്ചറിയുന്നില്ല. കൊടിയില്ലാതെ ആർഎസ‌്എസ‌് പരിപാടിയിൽ പങ്കെടുക്കാൻ അനുവാദം നൽകുന്ന കോൺഗ്രസ‌് ബിജെപിയെ വളർത്തുകയാണ‌്. കോൺഗ്രസിന്റെ മതേതര, പുരോഗമന പാരമ്പര്യം അവർ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. 
കാലാതീതമായി ആചാരങ്ങൾ നിലനിൽക്കില്ല.  ചില ആചാരങ്ങൾ നാട‌് പുരോഗമിക്കുമ്പോൾ ഇല്ലാതാകും. എന്നാൽ സമൂഹത്തെ പിന്നോട്ടുവലിക്കുന്ന സങ്കുചിത രാഷ‌്ട്രീയമാണ‌് ശബരിമലയിൽ കോൺഗ്രസ‌് കൈക്കൊണ്ടത‌്. സർക്കാർ ഭരണഘടന അനുസരിച്ചാണ‌് പ്രവർത്തിക്കുക. സുപ്രീംകോടതി വിധി നടപ്പാക്കൽ സർക്കാരിന്റെ ബാധ്യതയാണ‌്. അതിനാൽ  അതുമായി മുന്നോട്ടുപോകുമെന്നും എളമരം കരീം പറഞ്ഞു. 
യോഗത്തിൽ എ പി സുഗണ അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ അഷ‌്റഫ‌്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി പി ചിത്തരഞ‌്ജൻ, പി ജ്യോതിസ‌്, സിപിഐ എം ഏരിയ സെക്രട്ടറി അജയ‌് സുധീന്ദ്രൻ, എം പി അൽത്താഫ‌്,  സിപിഐ മണ്ഡലം വൈസ‌് സെക്രട്ടറി പി നസീർ എന്നിവർ സംസാരിച്ചു. ആർ അനിൽകുമാർ സ്വാഗതം പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top