18 November Sunday

ജില്ലയുടെ പുനർനിർമാണം ജനകീയ പിന്തുണയോടെ നടപ്പാക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018
കൽപ്പറ്റ
അപ്രതീക്ഷിതമായെത്തിയ പ്രളയത്തിൽ തകർന്ന ജില്ലയെ പുനർനിർമ്മിക്കുകയെന്ന രണ്ടാഘട്ട ദൗത്യത്തിൽ എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദ്യ ഘട്ടം നല്ല രീതിയിൽ തരണം ചെയ്യാൻ നമ്മുക്ക് സാധിച്ചു. എന്നാൽ  പ്രളയം ബാക്കിവെച്ചത്  വ്യാപക നാശനഷ്ടങ്ങളാണ്. പുനരധിവാസത്തിനും പുനർനിർമ്മാണത്തിലുമാണ് ഇനി ശ്രദ്ധചെലുത്തേണ്ടത്.   അർഹതപ്പെട്ടവർക്ക് സഹായം എത്തിക്കുക എന്നത് പ്രാഥമിക ഉത്തരവാദിത്തമാണ്. ശുചീകരണ പ്രവർത്തനങ്ങളും അടിസ്ഥാന രേഖകൾ ലഭ്യമാക്കലും അടിയന്തര പ്രാധാന്യത്തോടെ നിറവേറ്റാൻ കഴിയണം. വീട് നശിച്ചവർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ താൽക്കാലിക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വായപകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കുമ്പോൾ പലിശയും ഉൾപ്പെടുത്തണമെന്ന് എം പി ഷാനവാസ് എം.പി പറഞ്ഞു. കൂടാതെ നാശനഷ്ടങ്ങൾ കണക്കാക്കുമ്പോൾ കൃത്യത വേണം. കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ ജില്ലയിൽ നടത്തുന്ന സാഹചര്യമുണ്ടാകണമെന്നും ക്യാമ്പുകൾ നടത്താൻ താൽപര്യപ്പെട്ടുന്നവരെ അതിന് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനുളള നടപടികൾ ആരംഭിക്കണമെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ പറഞ്ഞു. ചെറുകിടകച്ചവടക്കാർക്കും സഹായം ലഭ്യമാക്കണം. വളർത്തുമൃഗങ്ങളുടെ നഷ്ടവും കണക്കാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാശനഷ്ടങ്ങൾ മൂന്ന് ഘട്ടങ്ങളായി തിട്ടപ്പെടുത്തണമെന്നും ജനപ്രതിനിധികളുടേയും അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ തേടണമെന്ന് എ.സി ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ക്യാമ്പുകളുടെ പ്രവർത്തനം വേഗത്തിൽ അവസാനിപ്പിക്കാനുളള നടപടികൾ സ്വീകരിക്കണമെന്ന് ഒആർ കേളു എംഎൽഎ ആവശ്യപ്പെട്ടു.സുഖകരമല്ലാത്ത പ്രവർത്തനങ്ങൾ ചില ക്യാമ്പുകളിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.  കെഎസ്ഇബിയുടെ പ്രവർത്തനം കൂടുതൽ വേഗത്തിൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
നാശനഷ്ടങ്ങൾ സംബന്ധിച്ച കണക്കുകൾ പത്ത്  ദിവസത്തിനകം ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടർ വി  കേശവേന്ദ്രകുമാർ പറഞ്ഞു. ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലും 29 മുതൽ പഠനം ആരംഭിക്കും. ക്യാമ്പുകളിൽ നിന്ന് വീടുകളിലെത്തിയവർക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ വിറകുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലക്കായി ഹൃസ്വ ദീർഘകാല പദ്ധതികൾ ആവിഷ്ക്കറിക്കുമെന്നും പുനർനിർമ്മാണ പ്രവർത്തനത്തിൽ സർക്കാരിതര സംവിധാനങ്ങളുടെ സഹായം തേടുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ആഗസ്റ്റ് 30 ന് ശുചീകരണ യജ്ഞം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, എഡിഎം കെ അജീഷ്, സബ് കലക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ പോലീസ് മേധാവി കറുപ്പസാമി, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
Top