18 November Sunday
കൂലിവർധന അട്ടിമറിച്ച‌് ചെറുകിട ഉൽപ്പാദകർ

ചേർത്തല താലൂക്കിലെ കയർഫാക‌്ടറി തൊഴിലാളികൾ വീണ്ടും സമരത്തിലേക്ക‌്

സ്വന്തം ലേഖകൻUpdated: Wednesday Jul 25, 2018

  

ചേർത്തല

തീരുമാനിക്കപ്പെട്ട കൂലി നൽകാത്ത ചെറുകിട ഉടമകളുടെ നിലപാടിൽ പ്രതിഷേധിച്ച‌് കയർഫാക‌്ടറി തൊഴിലാളികൾ വീണ്ടും സമരത്തിലേക്ക‌്. സിഐടിയു, എഐടിയുസി യൂണിയനുകളുടെ സംയുക്ത നേത‌ൃത്വത്തിലാണ‌് സമരം. സമരത്തിനു മുന്നോടിയായി ബുധനാഴ‌്ച പകൽ മൂന്നിന‌് സിപിഐ എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി ഓഫീസ‌് ഹാളിൽ വിശദീകരണയോഗം ചേരും.  ചൊവ്വാഴ‌്ച ചേർന്ന‌ യൂണിയൻ നേതാക്കളുടെ സംയുക്തയോഗമാണ‌് സമരം തീരുമാനിച്ചത‌്.

2017 സെപ‌്തംബറിലാണ‌് കയർഫാക‌്ടറി തൊഴിലാളികളുടെ ദീർഘകാല കരാർ അവസാനിച്ചത‌്. യൂണിയനുകളുടെ നിവേദനങ്ങൾ പരിഗണിച്ച‌് കയർവ്യവസായ ബന്ധസമിതിയും കയറ്റുമതിക്കാരും ചെറുകിട ഉൽപ്പാദകരും പലകുറി സംയുക്തമായി ചേർന്ന‌് കൂലിയെക്കുറിച്ച‌് ചർച്ചനടത്തി. ജൂൺ ഒന്നിന‌് സിഐആർസി യോഗം ഏകകണ‌്ഠമായി തൊഴിലാളികളുടെ കൂലി പുതുക്കി നിശ‌്ചയിച്ചു. കയറ്റുമതി സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ കൂലി ദീർഘകാല കരാർ അവസാനിച്ചത‌ുമുതൽ പൂർവകാല പ്രാബല്യത്തോടെ നടപ്പാക്കാനും തീരുമാനിച്ചു.

പുതുക്കിയ കൂലി പൂർണമായി നൽകാൻ  സാഹചര്യമൊരുക്കുന്നതിന‌് കേരള സ‌്റ്റേറ്റ‌് കയർകോർപറേഷൻ നേത‌ൃത്വത്തിലെ വിലനിർണയ സമിതി യോഗംചേർന്ന‌് ഉൽപ്പന്നവില പുതുക്കി നിശ‌്ചയിച്ചു. ജൂൺ ഒന്ന‌ുമുതലുള്ള ഉൽപ്പന്നങ്ങൾക്ക‌് പുതുക്കിയവില നടപ്പാക്കുകയുംചെയ‌്തു. എന്നാൽ ചില ചെറുകിട ഉൽപ്പാദകർ ചേർന്ന‌് സിഐആർസി നിശ‌്ചയിച്ച കൂലിക്ക‌് ബദലായി പ്രത്യേക കൂലിപ്പട്ടിക പ്രസിദ്ധീകരിച്ച‌് ഉൽപ്പാദകരെയും തൊഴിലാളികളെയും വഞ്ചിക്കുകയായിരുന്നു. 

തൊഴിലാളി സംഘടനകൾ സംയുക്തമായി പ്രതിഷേധമുയർത്തിയപ്പോൾ പ്രത്യേക കൂലിപ്പട്ടിക പ്രസിദ്ധീകരിച്ചവർ ഉൾപ്പെടെയുള്ള ചെറുകിട ഉൽപ്പാദക സംഘടനാ നേതാക്കളുമായി വീണ്ടും ചർച്ചചെയ‌്ത‌് കൂലിവർധന നടപ്പാക്കുന്നതിന‌് സംയുക്തമായി തീരുമാനിക്കുകയുംചെയ‌്തു. ഇങ്ങനെ സമാധാനാന്തരീക്ഷത്തിൽ കൂലി നടപ്പിലാക്കാൻ യൂണിയനുകളും തൊഴിലാളികളും പരിശ്രമിക്കുന്നതിനിടെ ചില പ്രമുഖ ചെറുകിട ഉൽപ്പാദകർ കൂലി നിഷേധിക്കുകയാണ‌്. 

 ഈ സാഹചര്യത്തിലാണ‌് തൊഴിലാളികൾ സംയുക്തമായി പ്രത്യക്ഷസമരത്തിന‌് നിർബന്ധിതമായതെന്ന‌് യൂണിയനുകൾ അറിയിച്ചു. 

കൂലിവർധന നടപ്പാക്കുന്നതിന‌് സർക്കാർ ഇടപെടണമെന്ന‌് സംയുക്തയോഗം അഭ്യർഥിച്ചു. അഡ്വ. എൻ പി കമലാധരൻ അധ്യക്ഷനായി. സി കെ സുരേന്ദ്രൻ, പി സുരേന്ദ്രൻ, കെ പി പുഷ‌്കരൻ, പി കെ ദേവരാജൻ, പി ഒ ചാക്കോ, പി സുരേന്ദ്രൻ ചേർത്തല, പി വി ശശി, എം പി സുഗുണൻ, സി കെ സുകുമാരൻ എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top