22 September Saturday

വന്യമൃഗ ആക്രമണങ്ങളിൽ ജീവൻ പൊലിഞ്ഞ് തിരുനെല്ലി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018
മാനന്തവാടി
മൂന്ന് പതിറ്റാണ്ടിനിടെ തിരുനെല്ലിയിൽ വന്യമൃഗങ്ങൾ കവർന്നത് 80 ജീവനുകൾ. വന്യമൃഗങ്ങൾക്കിരയായ വളർത്തുമൃഗങ്ങൾ 1600. കൃഷിനാശം 25 കോടിയോളം. വീടുകൾ നഷ്ടപ്പെട്ടവർ നൂറിലേറെ. വന്യമൃഗശല്യംകൊണ്ട് ജീവിതം ഇത്രയും ദുരിതപൂർണമായ ഒരു ജനത ഇന്ത്യയിൽതന്നെ വേറെയുണ്ടാവില്ല. വന്യമൃഗാക്രമണം കൊണ്ടുള്ള മരണത്തിന്റെ കണക്കിൽ ഏഷ്യയിൽതന്നെ തിരുനെല്ലിയാണ് മുമ്പിൽ. വനമൃഗശല്യത്തിനെതിരെ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ബഹുജന സംഘടനാ ഐക്യവേദിയുടെ പ്രവർത്തനങ്ങൾ ഇവർക്കും പ്രതീക്ഷ പകരുകയാണ്.
രൂക്ഷമായ കാട്ടാന ശല്യത്തിൽനിന്നും മോചനം നേടാൻ ഐക്യവേദിയുടെ പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. ഐക്യവേദി ഏറ്റെടുത്തിട്ടുള്ള ബഹുജന പ്രക്ഷോഭത്തിന് വലിയ പിന്തുണ നൽകാനുള്ള ഒരുക്കത്തിലുമാണ് തിരുനെല്ലിക്കാർ. 1980 മുതലുള്ള കണക്കുകൾ പ്രകാരം 2017വരെ 80 പേരാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിൽ കൂടുതൽ കാട്ടാനകളുടെ ആക്രമണമാണ്. പഞ്ചായത്തിൽ ആകെയുള്ള 17 വാർഡുകളുള്ളതിൽ തൃശിലേരി ഒഴികെയുള്ള മുഴുവൻ വാർഡുകളും അതിരൂക്ഷമായ കാട്ടാനശല്യം അഭിമുഖീകരിക്കുന്നവയാണ്. പകൽപോലും ആനയെ ഭയന്നുവേണം പുറത്തിറങ്ങാൻ.
1981 സെപ്തംബർ രണ്ടിന് തോൽപ്പെട്ടിയിൽ ആദിവാസി വിഭാഗത്തിൽപെട്ട കുറുമൻ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് പൊലീസ് രേഖ പ്രകാരം വന്യജീവി ആക്രമണത്തിലെ ആദ്യമരണം. 1982 ഏപ്രിൽ 13ന് കാട്ടിക്കുളം ഇടയൂർക്കുന്ന്  പത്തുവയസുകാരിയായ വിദ്യാർഥിനി നസീമ രാവിലെ സ്കൂളിൽ പോകാനിറങ്ങുമ്പോൾ വീട്ടുമുറ്റത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചതാണ് രണ്ടാമത്തെ സംഭവം. ഇവിടുന്നിങ്ങോട്ട് വന്യമൃഗാക്രമണങ്ങളുടെ പരമ്പരതന്നെയുണ്ടായി. ഏറ്റവും ഒടുവിൽ 2017 ജൂലൈ 26ന് കാട്ടിക്കുളം വെള്ളാഞ്ചേരിയിൽ കുഞ്ചിലൻ എന്ന ആദിവാസി കാട്ടാനയുടെ കുത്തേറ്റ് മരിച്ചു. രാവിലെ എട്ടിന് പണിയെടുക്കുന്ന തോട്ടത്തിലാണ് ആനയുടെ കുത്തേറ്റത്. വന്യമൃഗശല്യം പണ്ടത്തേതിനേക്കാൾ അതിരൂക്ഷമായി ഇപ്പോഴും തുടരുകയാണ്. ജീവനും സ്വത്തും പണയപ്പെടുത്തിയുള്ള ജീവിതമാണ്. ഇതിനറുതിയാണ് ആഗ്രഹിക്കുന്നത്. 
പ്രധാന വാർത്തകൾ
Top